‘എന്റേടാ ഉവ്വേ... നിങ്ങള് തകർത്തു ആസിഫ്'


By സംജദ് നാരായണൻ

2 min read
Read later
Print
Share

വികലമായ ലൈംഗിക കാഴ്ചപ്പാടുകൾ ഉണ്ടാക്കുന്ന പൊല്ലാപ്പിന്റെ കഥ

ണ്ടായിരുന്നേൽ ആരും ഇങ്ങനെയൊരു കഥയേ ആലോചിക്കില്ലായിരുന്നു. അഥവാ അങ്ങനൊരു സ്പാർക്ക്‌ മനസ്സിലേക്ക്‌ വന്നാൽത്തന്നെ സാത്താനേ അകന്നുപോ എന്നുപറഞ്ഞ് ആട്ടിയോടിക്കും. കല്പനകളുടെ ലംഘനമാവില്ലേയെന്ന പാപഭാരം തെളിഞ്ഞുവന്ന് ‘ഛേ...’ എന്ന് പറയും (പത്മരാജൻ, ഭരതൻ, കെ.ജി. ജോർജ് തുടങ്ങി സമാന്തര ഇടങ്ങളിൽ പ്രതിഭ കൊണ്ട് ഇടിയും മിന്നലും സൃഷ്ടിച്ചവരെ മാറ്റിനിർത്തിവേണം ആലോചിക്കാൻ. അത് ലെവൽ വേറെ). ഇനി എന്ത്‌ പാപം എന്നുകരുതി രണ്ടുംകല്പിച്ച് ആ കഥയങ്ങ് വികസിപ്പിച്ചാൽത്തന്നെ പാരമ്പര്യവാദികളായ സംവിധായകരും നിർമാതാക്കളും ചെവിപൊത്തും. ഇനി അവർ ചെവിയല്പം തുറന്നുപിടിച്ചാൽത്തന്നെ നടന്മാരുടെ ഇമേജ് കഥാകാരനെ നോക്കി കൊഞ്ഞനംകുത്തും. കാലം മാറി. കഥയും കഥ പറയുന്ന രീതിയും മാറി. ഇത് തുറന്നുപറച്ചിലുകളുടെ കാലം. അത്തരമൊരു തുറന്നുപറച്ചിലാണ് ആസിഫ് അലി നായകനായ ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രം. തുറന്നങ്ങ് പറഞ്ഞപ്പോൾ ആസിഫ് തുറന്നങ്ങ് അഭിനയിച്ചു. നടനെന്നനിലയിൽ കഥാപാത്രത്തിലേക്കുള്ള ആസിഫിന്റെ പകർന്നാട്ടം അതിഗംഭീരം. ഒന്നും പറയാനില്ല. സത്യത്തിൽ താങ്കളിപ്പോൾ ആസിഫ് അലിയല്ല. ആസിഫ് പുലി. ചിത്രത്തിലെ സ്ലീവാച്ചൻ കേറിയങ്ങ് കൊളുത്തികേട്ടോ.

സംവിധായകർക്കും നിർമാതാക്കൾക്കും ഇപ്പോൾ കല്പനകളെ ഭയമില്ലാതായി. നടന്മാർ ഇമേജ് എന്ന ആവരണം അഴിച്ചുമാറ്റാനുംതുടങ്ങി. മണിമാളികകളിൽനിന്ന് മണ്ണിലേക്കിറങ്ങുകയാണ് കഥാപാത്രങ്ങൾ. ഏച്ചുകെട്ടലിന്റെ അസ്വാരസ്യങ്ങളേതുമില്ലാതെ അവർ പച്ചമനുഷ്യരെപ്പോലെ പെരുമാറുന്നു. ഒപ്പം ‘അഭിനയം’ അകറ്റിനിർത്തുന്നു. ഈ മാറ്റം സുന്ദരമാണ്. ഇനി വരാനിരിക്കുന്ന മാറ്റങ്ങൾ അതിസുന്ദരങ്ങളാവുകതന്നെ ചെയ്യും. കാരണം നമ്മൾ പ്രേക്ഷകരുടെ ആസ്വാദനരീതി പാടേ മാറി. എന്തും ഒളിമറയില്ലാതെ പറയുന്നതാണ് പുതിയ തലമുറയ്ക്ക് ഇഷ്ടം. മനസ്സിലൊന്നും മറ്റുള്ളവർക്കുമുൻപിൽ വേറൊന്നും എന്ന രീതി പുത്തൻതലമുറപ്രേക്ഷകർക്കില്ല. സമാന്തരസിനിമാക്കാലത്തും മറ്റുമുണ്ടായിരുന്ന ആ ധൈര്യം പ്രേക്ഷകർ തിരിച്ചുപിടിച്ചിരിക്കുകയാണ്. സത്യത്തിൽ ഈ പ്രേക്ഷകരാണ് സിനിമയുടെ അണിയറക്കാരെ വേറിട്ട്‌ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. അമ്പരപ്പിക്കുന്ന ആശയങ്ങളുമായി സിനിമയെന്ന മാധ്യമത്തെ സമീപിക്കാൻ ധൈര്യംപകരുന്നത്.

വികലമായ ലൈംഗികകാഴ്ചപ്പാടുകൾ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ എത്ര മനോഹരമായാണ് ചിത്രം പറഞ്ഞുപോകുന്നത്. നർമത്തിന്റെ അകമ്പടിയോടെ ചിത്രം വിരൽചൂണ്ടുന്നത് ലൈംഗികബോധവത്കരണത്തിന്റെ ആവശ്യകതയെക്കുറിച്ചാണ്. ഇനിയും മാറേണ്ട പുരുഷമനോഭാവങ്ങളെക്കുറിച്ചാണ്. ഇതൊക്കെ നമ്മളെ പഠിപ്പിക്കാമെന്ന സാഹസത്തിനൊന്നും അണിയറക്കാർ മുതിരുന്നില്ല. അവർ ഒരു കഥ പറയുന്നു. തിയേറ്റർ വിടുമ്പോൾ അത് വിശാലമായ ഒരു കാഴ്ചപ്പാട് നമുക്ക് സമ്മാനിക്കുന്നു.

ചിത്രം ഇറങ്ങുംമുൻപ്‌ വലിയ പരസ്യങ്ങളില്ലായിരുന്നു. കൊണ്ടുപിടിച്ച പ്രചാരണങ്ങളും കണ്ടില്ല. സത്യത്തിൽ ഉദയൻ (സബ്ജെക്റ്റ്) തന്നെയാണ് ഇവിടെ താരം. മികവുറ്റ രീതിയിൽ അതിലെ സ്ലീവാച്ചനെ അവതരിപ്പിക്കുമ്പോൾ ആസിഫ്, നടനെന്ന രീതിയിൽ മറ്റൊരു തലത്തിലേക്ക് ഉയരുകയാണ്. ആസിഫിന് ആത്മധൈര്യത്തോടെത്തന്നെ ഇനി പറയാം താൻ മാറിയെന്ന്. ഇടുക്കിക്കാരുടെ ഭാഷയിൽ പറഞ്ഞാൽ ‘എന്റേടാ ഉവ്വേ... നിങ്ങള് തകർത്തു ആസിഫ്’.

പണ്ടും അഭിനയമികവ് പുലർത്തിയിട്ടുള്ള നടനാണ് ആസിഫ് (ഇടയ്ക്ക് ചിലപ്പോഴൊക്കെ വെറുപ്പിച്ചതും മറന്നിട്ടില്ലട്ടോ). എന്നാലിപ്പോൾ ആസിഫിനെ പ്രേക്ഷകരങ്ങേറ്റെടുത്തുകഴിഞ്ഞു. 2019-ലെ ആദ്യ ഹിറ്റ്, പൗർണമിയും വിജയ് സൂപ്പറുംമുതലങ്ങ്‌ നോക്കിയാലത്‌ കാണാം. ഇപ്പോൾ ‘കൊട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചെറിയ വലിയ ചിത്രം ശ്രദ്ധിക്കപ്പെട്ടപ്പോൾ വീണ്ടും നമ്മളെ ഞെട്ടിക്കുകയാണ് ആസിഫ്. അത്ര നൈസർഗികമായാണ് ഈ നാടൻകഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. വൈറസിലും ഉയരെയിലും തന്റെ മാറ്റം ആസിഫ് പ്രകടമാക്കുന്നുണ്ട്. പക്ഷേ, കെട്ട്യോളിലെത്തുമ്പോൾ അതൊരു പ്രഖ്യാപനമായിമാറുകയാണ്. വർഷം പത്തും പതിനഞ്ചും ചിത്രങ്ങൾ എന്നതിൽനിന്ന് മൂന്നോ നാലോ എന്ന അവസ്ഥയിലേക്ക് ചുരുങ്ങുമ്പോൾ ആസിഫിലെ നടൻ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. കെട്ട്യോളിലെ ഒരുസീനിലും പഴയ ആസിഫ് ഇല്ല. പകരം ഇരുത്തംവന്ന ഒരു പുതിയ ആസിഫിനെയാവും കാണുക.

നാടൻ കഥയും കഥാപാത്രങ്ങളുമായി മെല്ലെ തുടങ്ങിയ ചിത്രം തിയേറ്ററുകളിലിപ്പോൾ ആരവമായിമാറിയിട്ടുണ്ട്. പതുങ്ങി വന്ന് ചിത്രം ഇങ്ങനെ ഞെട്ടിക്കുമ്പോൾ വലിയ കൈയടി അർഹിക്കുന്ന രണ്ടുപേരുണ്ട് അണിയറയിൽ. സംവിധായകൻ നിസാം ബഷീറും തിരക്കഥാകൃത്ത് അജി പീറ്റർ തങ്കവും.

Content Highlights: Asif ali, kettiyolaanu malakha movie talks about sex, marital life

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram