മലയാള സിനിമ കോടമ്പാക്കത്തിനു ചുറ്റും കറങ്ങുന്ന കാലം. നിമിഷനേരത്തേക്കെങ്കിലും വെള്ളിത്തിരയില്‍ മുഖം കാണിക്കാനാശിച്ചവര്‍ പോലും മദിരാശിയിലേക്കു വണ്ടി കയറുന്ന കാലത്തിന് അവസാനമാവുകയായിരുന്നു. 1994-95. പുനലൂരില്‍നിന്ന് അരുണ്‍ തീവണ്ടി കയറിയതും സ്വപ്‌നങ്ങള്‍ക്കു ചിറകേകാനായിരുന്നു. പക്ഷെ, അരുണ്‍ മദിരാശിയിലെത്തി താമസിയാതെ മലയാള സിനിമ കേരളത്തിലേക്കു പറിച്ചുനട്ടു.
അരുണ്‍ കീഴടങ്ങിയില്ല. ഫൊട്ടോഗ്രഫിയില്‍ സ്വന്തം സ്വ്ത്വത്തെ തിരിച്ചറിഞ്ഞു. സിനിമാ മോഹങ്ങള്‍ ഉള്ളില്‍ വളരുമ്പോഴും അരുണ്‍ സ്റ്റില്‍ ക്യാമറ കയ്യിലേന്തി. അരുണ്‍ അങ്ങനെ കേരളമറിയുന്ന അരുണ്‍ പുനലൂരെന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രഫറായി. 15 വര്‍ഷത്തോളം ചിത്രഭൂമിയില്‍ ഫ്രീലാന്‍സ് ഫോട്ടോഗ്രഫറായി ജോലി ചെയ്തു.
ഒടുവില്‍ അരുണിനെത്തേടി ആ സിനിമാവേഷമെത്തി. ഇതിനകം ഏറെ പ്രശസ്തമായ ഡോ. ബിജു സംവിധാനം ചെയ്ത കാട് പൂക്കുന്ന നേരത്തിലൂടെ. സിനിമാ പ്രതിസന്ധികള്‍ക്കിടയിലും താന്‍ ആദ്യമായി അഭിനയിച്ച കാട് പൂക്കുന്ന നേരം എന്ന ചിത്രം തീയേറ്ററുകളില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് അരുണ്‍. ദീര്‍ഘകാലത്തെ സ്വപ്നം സഫലമായതിന്റെ ആഹ്‌ളാദം.
വിജയകൃഷ്ണന്‍ സംവിധാനം ചെയ്ത ദലമര്‍മ്മരങ്ങള്‍(2008) എന്ന ചിത്രത്തിലൂടെ സ്റ്റില്‍ ഫോട്ടോഗ്രഫറായാണ് അരുണിന്റെ സിനിമാപ്രവേശം. ചെറുപ്പം മുതലേ അഭിനയത്തില്‍ തത്പരനായിരുന്ന അരുണ്‍ പുനലൂരില്‍ നാടകസമിതിയുടെ ഒട്ടേറെ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. മഹാത്മാവിനെത്തേടി എന്ന ഡോക്യുമെന്ററിയിലൂടെ സംവിധാന രംഗത്തേക്കും കടന്നു. വ്യാസന്‍ എടവനക്കാട് സംവിധാനം ചെയ്ത അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലും സ്റ്റില്‍ ഫോട്ടോഗ്രഫിക്ക് പുറമെ ചെറിയ വേഷം ചെയ്യാന്‍ അരുണിന് അവസരം ലഭിച്ചിരുന്നു.
ചരിത്രത്താളുകളില്‍ ഇടംനേടിയ കൊല്ലം-ചെങ്കോട്ട മീറ്റര്‍ ഗേജിനെക്കുറിച്ചുള്ള 'ഓര്‍മ്മകളിലേക്ക് ഒരു ഒറ്റയടിപ്പാത' എന്ന ചിത്രത്തിലൂടെയാണ് ഡാക്യുമെന്ററി സംവിധാനരംഗത്ത് ശ്രദ്ധേയനാകുന്നത്.2010 ലെ ഫിലിം ക്രിട്ടിക് അവാര്‍ഡ് ഉള്‍പ്പെടെ ഒമ്പത് പുരസ്‌കാരങ്ങളാണ് ഓര്‍മ്മകളിലേക്ക് ഒരു ഒറ്റയടിപ്പാത നേടിയത്. 'ചിത്രങ്ങളേക്കാള്‍ ചലച്ചിത്രങ്ങള്‍ക്ക് കഥപ റയാനാകുമെന്ന തോന്നലാണ് ഡോക്യുമെന്ററി രംഗത്തേക്ക് കടക്കാനുള്ള കാരണമെന്ന് അരുണ്‍ പറയുന്നു അന്യ സംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയുടെ പണിപ്പുരയിലാണ് ഇപ്പോള്‍ അരുണ്‍.
സമകാലിക കേരളത്തില്‍ ചര്‍ച്ചാവിഷയമായ മാവോയിസ്റ്റ് വേട്ടയും പോലീസ് അതിക്രമവും പ്രമേയമാക്കിയ ചിത്രത്തില്‍ ചെറിയ വേഷം ചെയ്യാനായത് തന്റെ ഭാഗ്യമായി അരുണ്‍ കരുതുന്നു. 'പൂര്‍ണ നഗ്നനായി അഭിനയിക്കേണ്ടി വരുമെന്ന വെല്ലുവിളി ഏറ്റെടുത്തു തന്നെയാണ് സിനിമയുടെ ഭാഗമായത്. കഥാപാത്രം ആവശ്യപ്പെടുന്നുവെങ്കില്‍ ഏത്് വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയ്യാറാണ്.'' അരുണ്‍ പറയുന്നു
ചിത്രത്തിന് അന്താരാഷ്ട്ര മേളകളില്‍ ലഭിച്ച മികച്ച പ്രതികരണം കൂടുതല്‍ ആളുകളെ തിയേറ്ററുകളില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അരുണ്‍ പുനലൂര്‍ പറഞ്ഞു.