ക്രോസ്‌ബെല്‍റ്റ് മണി ആക്ഷന്‍ സിനിമകളിലെ ഒറ്റയാന്‍


എബി.ടി.ഏബ്രഹാം

സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് മണിക്ക് 'ക്രോസ്‌ബെല്‍റ്റ് ' എന്ന വിശേഷണം നല്‍കിയത്. എന്‍.എന്‍ പിള്ളയുടെ ഇതേ പേരിലുള്ള പ്രശസ്തമായ നാടകം മണി സിനിമയാക്കി

നേരില്‍ പരിചയപ്പെട്ട ആദ്യ മിനിറ്റില്‍ തന്നെ ക്രോസ്‌ബെല്‍റ്റ് മണി എന്ന മുന്‍കാല മലയാള സിനിമാ സംവിധായകനെക്കുറിച്ച് ഏകദേശ ചിത്രം കിട്ടി. ഫോണില്‍ വിളിച്ച് സംസാരിച്ച മാതൃഭൂമി പ്രതിനിധിയെന്ന് സ്വയം പരിചയപ്പെടുത്തിയതിനു പിന്നാലെ, ഒപ്പമുണ്ടായിരുന്ന ശ്രീകേഷ്, താന്‍ ഫോട്ടോഗ്രാഫറാണെന്ന് വിനയപുരസ്സരം പരിചയപ്പെടുത്തിയപ്പോള്‍, ''അതെന്താ, കുറഞ്ഞപണിയാണോ.... ഞാനും തുടങ്ങിയത് ഫോട്ടോഗ്രാഫറായിട്ടാണ് '' എന്ന പരുഷമായ പ്രതികരണമാണ് ഞങ്ങളെ എതിരേറ്റത്. ആര്‍ക്കും ഞാന്‍ വഴങ്ങിക്കൊടുത്തിട്ടില്ല, എന്റെ നിശ്ചയങ്ങള്‍ക്കനുസരിച്ചാണ് ഞാന്‍ സിനിമയില്‍ പ്രവര്‍ത്തിച്ചതെന്ന ശരീരഭാഷയായിരുന്നു, ഹ്രസ്വമായ സംഭാഷണത്തിനിടയില്‍ കെ.വേലായുധന്‍ നായര്‍ എന്ന ക്രോസ്‌ബെല്‍റ്റ് മണിയുടേത്. പ്രതിഭയുടെ ധിക്കാരമല്ല ഇത്. മലയാളം എക്കാലത്തും ഓര്‍മിക്കും എന്ന് ഉറപ്പിച്ചു പറയാവുന്ന സിനിമകള്‍ ഈ മനുഷ്യന്‍ സംവിധാനം ചെയ്തിട്ടില്ല. നല്ല സിനിമ എന്നതിനെകുറിച്ചുള്ള സങ്കല്പം എന്താണ് എന്ന് ചോദിച്ചപ്പോള്‍, ''ഓഡിയന്‍സ് രസിക്കുന്ന സിനിമ. എ-ക്ലാസിലും ബി-ക്ലാസിലും സി-ക്ലാസിലും ഓടുന്ന സിനിമയാണ് നല്ല സിനിമ....'' എന്ന് എണ്‍പതിലെത്തിനില്‍ക്കുന്ന ക്രോസ്‌ബെല്‍റ്റ് മണി പറഞ്ഞു.

അന്‍പതില്‍പരം സിനിമകള്‍ സംവിധാനം ചെയ്യുകയും അവയില്‍ ഭൂരിപക്ഷവും കാര്യമായ സാമ്പത്തികനഷ്ടമൊന്നുമില്ലാതെ തിയേറ്ററുകളില്‍ ഓടുകയും ചെയ്ത സംവിധായകന്റെ വിശ്വാസപ്രമാണമാണിത്. നമുക്ക് യോജിക്കുകയോ വിയോജിക്കുയോ ചെയ്യാം.....
സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് മണിക്ക് 'ക്രോസ്‌ബെല്‍റ്റ് ' എന്ന വിശേഷണം നല്‍കിയത്. എന്‍.എന്‍ പിള്ളയുടെ ഇതേ പേരിലുള്ള പ്രശസ്തമായ നാടകം മണി സിനിമയാക്കി. നാടകം കണ്ടിട്ടല്ല, പ്രമേയത്തെക്കുറിച്ച് അറിഞ്ഞാണ്, പിള്ളയെ സമീപിച്ചത്. മുന്‍പ് പലരും സിനിമയാക്കാന്‍ ആഗ്രഹിക്കുകയും എന്നാല്‍ പിന്മാറുകയും ചെയ്ത നാടകമായിരുന്നു ക്രോസ്‌ബെല്‍റ്റ്'. തിരക്കഥയും സംഭാഷണവും പിള്ള തന്നെ എഴുതി. സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ വ്യവസ്ഥിതി അഴിമതിക്കാരനാക്കുന്നതായിരുന്നു സിനിമയുടെ കാതല്‍. സാമ്പത്തികമായി വന്‍വിജയമാവുകയും, മലയാള സിനിമയിലെ പരമ്പരാഗത നായിക-നായക സങ്കല്പം തെറ്റിച്ചുകൊണ്ട്, സഹോദരങ്ങളായി സത്യനേയും ശാരദയേയും അവതരിപ്പിക്കുകയും ചെയ്ത ക്രോസ്‌ബെല്‍റ്റ്' എന്ന സിനിമയുടെ പേരിലാണ് 1970 മുതല്‍ മണി അറിയപ്പെടുന്നത്. മലയാളത്തില്‍ ഒരു പക്ഷേ സംവിധാനം ചെയ്ത സിനിമ വിളിപ്പേരാകുന്ന സംവിധായകര്‍ മണിയല്ലാതെ മറ്റാരും ഉണ്ടെന്നു തോന്നുന്നില്ല.ഫോട്ടോഗ്രാഫിയിലുള്ള താല്‍പര്യമാണ് വേലായുധന്‍ നായരെ സിനിമയില്‍ എത്തിച്ചത്. 1956 മുതല്‍ 1961 വരെ പി.സുബ്രഹ്മണ്യത്തിന്റെ മെറിലാന്റ് സ്റ്റുഡിയോയില്‍ പ്രവര്‍ത്തിച്ചു. ഛായാഗ്രഹണത്തിന്റെയും സംവിധാനത്തിന്റെയും ബാലപാഠങ്ങള്‍ പഠിക്കുന്നത് ഇവിടെനിന്നാണ്. 1961-ല്‍ കെ.എസ് ആന്റണി സംവിധാനം ചെയ്ത 'കാല്‍പ്പാടുകളി'ലൂടെ സ്വതന്ത്ര ക്യാമറാമാനായി. യേശുദാസ് അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു ഇത്. പീച്ചിയില്‍വെച്ചും പിന്നീട് ചെന്നൈയില്‍ റോയപെട്ടയിലും യേശുദാസിന്റെ വോയിസ് ടെസ്റ്റ് നടക്കുമ്പോള്‍ ക്രോസ്‌ബെല്‍റ്റ് മണി സാക്ഷിയായിരുന്നു. യേശുദാസിന്റെ അമ്മയെ കോടമ്പാക്കത്തു നിന്ന് ചൂളൈമേടയില്‍ സംവിധായകന്റെ വീട്ടില്‍ കൊണ്ടുവന്നത് മണി ഇന്നും ഓര്‍ക്കുന്നു. ഒടുവില്‍, ശ്രീനാരായണ ഗുരുവിന്റെ 'ജാതി ഭേദം മതദ്വേഷം...' പാടി യേശുദാസ് സമാനതകളില്ലാത്ത ഗാനജീവിതത്തിനും തുടക്കം കുറിക്കുമ്പോഴും മണി സന്നിഹിതനായിരുന്നു... പിന്നെ എന്തു സംഭവിച്ചുവെന്നത് ചരിത്രം. യേശുവുമായി ഇന്നും നല്ല ബന്ധം തുടരുന്നു.''

ക്യാമറാമാനായി തുടരുക മലയാളസിനിമയില്‍ എന്നത് അന്ന് സാമ്പത്തിക ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങനെ ശശികുമാറിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ''വിവരമുള്ളവരെ സഹസംവിധായകരായി നിര്‍ത്താന്‍ സംവിധായകര്‍ക്കു ബുദ്ധിമുട്ടാണ്. ഒത്തുപോകാന്‍ കഴിയില്ല എന്നു തോന്നിയ സന്ദര്‍ഭത്തില്‍ ശശികുമാറില്‍ നിന്ന് പിരിഞ്ഞു. '' 1967-ല്‍ പുറത്തിറങ്ങിയ 'മിടുമ ി ടുക്കി'യാണ് ക്രോസ്‌ബെല്‍റ്റ് മണി സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ സിനിമ. നാടക രചയിതാവ് കെ.ജി സേതുനാഥായിരുന്നു തിരക്കഥ. സത്യനും ശാരദയുമായിരുന്നു നായികാനായകന്മാര്‍. സിനിമ നല്ല രീതിയില്‍ സ്വീകരിക്കപ്പെട്ടു. രണ്ടാമത്തെ സിനിമയാണ് ' ക്രോസ്‌ബെല്‍റ്റ് '.

പ്രമുഖ എഴുത്തുകാരുടെ സൃഷ്ടികള്‍ സിനിമയാക്കാനാണ് ആദ്യ കാലത്ത് ക്രോസ്‌ബെല്‍റ്റ് മണി ശ്രദ്ധിച്ചിരുന്നത്. എന്‍.എന്‍ പിള്ളയുടെ തന്നെ 'കാലാപിക', എസ്.കെ പൊറ്റക്കാടിന്റെ 'നാടന്‍പ്രേമം', കടവൂര്‍ ചന്ദ്രന്‍പിള്ളയുടെ 'പുത്രകാമേഷ്ടി', കാക്കനാടന്‍ തിരക്കഥ എഴുതിയ 'വെളിച്ചം അകലെ', കാക്കനാടനും നാഗവള്ളി ആര്‍.എസ് കുറുപ്പും ചേര്‍ന്നെഴുതിയ 'നീത ിപീഠം', തോപ്പില്‍ ഭാസി എഴുതിയ 'മനുഷ്യബന്ധങ്ങള്‍' തുടങ്ങിയവയാണ് ക്രോസ്‌ബെല്‍റ്റ് മണി സംവിധാനം ചെയ്ത സാഹിത്യപ്രചോദിതമായ സിനിമകള്‍.
''കാക്കനാടന്റെ നോവലായ 'അജ്ഞതയുടെ താഴവര' വായിച്ച് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അതു സിനിമയാക്കണമെന്ന് തോന്നി. കാക്കനാടനെ കൊണ്ട് തിരക്കഥയും എഴുതിച്ചു. എന്നാല്‍ വായിച്ചുനോക്കിയപ്പോള്‍, സിനിമ എന്ന നിലയില്‍ അത് വിജയിക്കില്ല എന്നു തോന്നി. അതുകൊണ്ട് പദ്ധതി വേണ്ടെന്നു വെച്ചു. അതിനു പകരം കാക്കനാടനെ കൊണ്ട് എഴുതിച്ചതാണ് '' വെളിച്ചം അകലെ'... 'അജ്ഞതയുടെ താഴ്‌വര'യുടെ തിരക്കഥ ഇപ്പോഴും എന്റെ കൈയിലുണ്ട്. ''
പിന്നീട് ക്രോസ്‌ബെല്‍റ്റ് മണി ട്രാക്കുമാറി. ഏറെയും ആക്ഷന്‍ സിനിമകളാണ് സംവിധാനം ചെയ്തത്. സംഘട്ടന രംഗങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ചിത്രീകരിക്കുക ഒരു ഹരമായിരുന്നു ക്രോസ്‌ബെല്‍റ്റ് മണിക്ക്. 'ബ്ലാക്ക്മയില്‍', ' പെണ്‍പുലി', ' പെണ്‍സിംഹം', ' പെണ്‍പട', 'പട്ടാളം ജനകി', ' ഈറ്റപ്പുലി', ' റിവെഞ്ച് ', ' തിമിംഗലം', 'ബുള്ളറ്റ് '..... ഇതിനിടെ ചെയ്ത രണ്ടു വ്യത്യസ്ത സിനിമകളാണ് 'നാരദന്‍ കേരളത്തിലും' ' ദേവദാസും'.

'' ഇന്ത്യയിലെ മിക്കവാറും എല്ലാം ഭാഷകളിലും നിര്‍മ്മിക്കപ്പെട്ട പ്രമേയമാണ് 'ദേവദാസി'ന്റേത്. മലയാളത്തില്‍ മാത്രം ഈ പ്രേമകഥ സിനിമയായില്ല. അതുകൊണ്ടാണ് അതേപേരില്‍ ആ സിനിമ മലയാളത്തില്‍ സംവിധാനം ചെയ്തത്. സബ്ജക്റ്റ് 'ഡ്രൈ'യാണെന്നും വലിയ ലാഭമൊന്നും പ്രതീക്ഷിക്കരുതെന്നും നിര്‍മാതാവിനോട് തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു. '' 1990-ല്‍ പുറത്തിറങ്ങിയ, വേണു നാഗവള്ളിയും പാര്‍വതിയും അഭിനയിച്ച ഈ സിനിമയാണ് ക്രോസ്‌ബെല്‍റ്റ് മണി അവസാനമായി സംവിധാനം ചെയ്തത്.
പിന്നീട് എന്തുകൊണ്ട് സിനിമ സംവിധാനം ചെയ്തില്ല എന്നു ചോദിച്ചാല്‍ പലകാരണങ്ങളുണ്ട് മണിക്ക്. ''മികച്ച വിഷയം കിട്ടാനുള്ള ബുദ്ധിമുട്ട്, മികച്ച എഴുത്തുകാരുടെ അഭാവം, ആരോഗ്യപ്രശ്‌നം, താരങ്ങള്‍ക്കു പുറകെ ഡേറ്റിനായി നടക്കാനുള്ള മടി, പിന്നെ കടിച്ചുതൂങ്ങി സിനിമയില്‍ നില്‍ക്കാനുള്ള താല്‍പര്യമില്ലായ്മ.....സത്യന്‍മാഷിന്റെയും നസീര്‍ സാറിന്റെയുമൊക്കെ കാലത്ത് ഞാന്‍ വിളിച്ചു പറഞ്ഞാല്‍ അവര്‍ ഡേറ്റ് തരും. പറയുന്ന തീയതിയ്ക്ക് ഷൂട്ടിങ്ങിനായി അവര്‍ കൃത്യമായി എത്തും. ആത്മാര്‍ത്ഥമായി സഹകരിക്കും. പിന്നീടങ്ങോട്ട് അത്തരം മര്യാദകള്‍ ഇല്ലാതായി... ''

അത്തരം മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്ന നടനായിരുന്നു രതീഷെന്ന് ക്രോസ്‌ബെല്‍റ്റ് മണി പറയുന്നു. സത്യനു ശേഷം മണിക്ക് ഏറെ ആത്മബന്ധമുള്ള നടനായിരുന്നു രതീഷ്. ''സത്യസന്ധമായി പണിയെടുക്കും. നമുക്കുവേണ്ടി മരിക്കാന്‍ പോലും തയ്യാര്‍. അതുകൊണ്ടാണ് രതീഷും സത്താറും ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചപ്പോള്‍ എന്നെ സംവിധായകനായി നിശ്ചയിച്ചത്. '' രതീഷിന്റെ മക്കള്‍ അടുത്തയിടെ അഭിനയരംഗത്ത് എത്തിയതിനെ കുറിച്ച് മണിയ്ക്ക് അറിവുണ്ടായിരുന്നില്ല. സിനിമ വിട്ടശേഷം സിനിമ കാണാറേയില്ല അദ്ദേഹം.
സത്യന്‍ കഴിഞ്ഞാല്‍ അഭിനയപ്രതിഭകൊണ്ട് മണിയെ വിസ്മയിപ്പിച്ചത് ബാലന്‍ കെ.നായരാണ്. 'യുദ്ധഭൂമി' മുതലുള്ള മണിയുടെ മിക്ക ചിത്രങ്ങളും വില്ലന്‍ വേഷങ്ങളില്‍ ബാലന്‍ കെ. നായര്‍ ഉണ്ടായിരുന്നു. അഭിനയത്തിന്റെ എല്ലാ വശങ്ങളും അറിയുന്ന 'അഭിനയ ചക്രവര്‍ത്തി' എന്നാണ് അദ്ദേഹത്തെ മണി വിശേഷിപ്പിക്കുന്നത്.

വ്യക്തിബന്ധങ്ങള്‍ക്കു വലിയ പ്രധാന്യമൊന്നുമില്ലാത്ത സിനിമയില്‍ അപൂര്‍വ്വമായെങ്കിലും ചില നല്ല ബന്ധങ്ങളുണ്ട് ക്രോസ്‌ബെല്‍റ്റ് മണിക്ക് . അവരില്‍ പ്രധാനി സംവിധായകന്‍ ജോഷിയാണ്. ജോഷി അപ്രന്റീസായും സഹസംവിധായകനായും പ്രവര്‍ത്തിച്ചത് എനിക്കൊപ്പമാണ്. ''എന്റെ കൂടെ മാത്രമേ ജോഷി പ്രവര്‍ത്തിച്ചുട്ടുള്ളൂ. ഇരുപതോളം പടത്തില്‍ എന്നോടൊപ്പമുണ്ടായിരുന്നു. കഠിനാധ്വാനിയായിരുന്നു. ജോഷി ഒപ്പം ഉണ്ടെങ്കില്‍ പ്രൊഡക്ഷന്‍ സംബന്ധമായി ഒന്നും പേടിക്കാനില്ല. ജോഷിയുടെ ആദ്യ പടമായ 'ടൈഗര്‍സലീമി'ന്റെ സ്വച്ച് ഓണ്‍ ചെയ്തത് ഞാനായിരുന്നു. നാലു പതിറ്റാണ്ടോളായി ഈ രംഗത്ത് എന്റെ ശിഷ്യന്‍ തിളങ്ങി നില്‍ക്കുന്നതില്‍ അഭിമാനമുണ്ട്... കഴിഞ്ഞ മാസവും എന്നെ കാണാന്‍ ജോഷി ഇവിടെ വന്നിരുന്നു.''

അന്തരിച്ച സംഗീത സംവിധായകന്‍ ആര്‍.കെ ശേഖറാണ് മണി ഇന്നും ഓര്‍ക്കുന്ന മറ്റൊരു ശ്രദ്ധേയ വ്യക്തിത്വം. മണിയുടെ 'ചോറ്റാനിക്കര അമ്മ' പോലുള്ള പല ഹിറ്റ് ഗാനങ്ങളുള്ള (മനസ്സു മനസ്സിന്റെ കാതില്‍...) സിനിമകളിലെ സംഗീതസംവിധാനം നിര്‍വ്വഹിച്ചത് ശേഖറായിരുന്നു. ശേഖറുടെ മകന്‍ എ.ആര്‍.റഹ്മാന്‍ ഒരുപക്ഷേ ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിച്ചത് ക്രോസ്‌ബെല്‍റ്റ് മണിയുടെ ചിത്രത്തിനായിരിക്കും. സിനിമ 'പെണ്‍പട'. രചന ഭരണിക്കാവ് ശിവകുമാറിന്റേതും. ചെന്നൈയില്‍ ശേഖറിന്റെ വീട്ടില്‍ ഞങ്ങള്‍ ഒത്തുകൂടിയപ്പോള്‍, എട്ടു വയസ്സുള്ള റഹ്മാന്‍ (അന്ന് ദിലീപ്) ഒരു കോണകം മാത്രമുടുത്ത് ചുറ്റിപ്പറ്റി നടന്നിരുന്നു. ഹാര്‍മോണിയത്തില്‍ ആ എട്ടുവയസ്സുകാരന്‍ ഒരുക്കിയ ഈണമാണ് പിന്നീട് ജയചന്ദ്രന്‍ പാടിയ 'വെള്ളത്തേന്‍ കിണ്ണം പോല്‍, വെണ്ണക്കല്‍ ശില്പം പോല്‍...' എന്ന ഗാനമായി മാറിയത്. ദേവരാജന്‍, ബാബുരാജ്, കെ.രാഘവന്‍, എം.കെ അര്‍ജുനന്‍, ശ്യാം, കെ.ജെ ജോയി തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക സംഗീത സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട് മണി. പാട്ടിനെ ഇഷ്ടപ്പെടുന്ന ഛായാഗ്രാഹകനായതുകൊണ്ട് ചില അവിസ്മരണീയ ഗാനങ്ങള്‍ മികവോടെ, ചിത്രീകരിക്കാന്‍ ക്രോസ്‌ബെല്‍റ്റ് മണിക്ക് അവസരം ലഭിച്ചു. തന്റെ ആദ്യ ചിത്രമായ 'മിടുമിടുക്കി'യിലെ 'അകലെ അകലെ നീലാകാശം......' എന്ന മലയാളത്തിലെ എക്കാലത്തേയും അവിസ്മരണീയ ഗാനം കന്യാകുമാരിയിലും പൊന്‍മുടിയിലുമായി ചിത്രീകരിച്ചത് ഇന്നും അഭിമാനകരമായ ഓര്‍മയാണ് മണിക്ക്. 'ദേവദാസി'ലെ 'സ്വപ്‌നമാലിനി തീരത്ത്...' മറ്റൊരു മധുരിക്കുന്ന ഓര്‍മ. തന്റെ 'കാപാലിക' എന്ന് സിനിമയ്ക്കുവേണ്ടി 'ശരപഞ്ജരം ശരപഞ്ജരം....' എന്ന പാട്ട് എഴുതിക്കിട്ടാനായി പതിനെട്ടു ദിവസം ചേര്‍ത്തലയില്‍ പോയി വയലാറിനെ കണ്ടതൊക്കെ ഇന്നും ഓര്‍ക്കുന്നു ക്രോസ്‌ബെല്‍റ്റ് മണി.

ഒരുകാലത്ത് ശ്രീകൃഷ്ണ സിനിമാ സ്റ്റുഡിയോ ആയി പ്രവര്‍ത്തിച്ച തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവിലുള്ള വീട്ടില്‍ ഇരുപത്തിയഞ്ചു വര്‍ഷമായി സിനിമയുമായി ബന്ധമില്ലാതെ ഈ സംവിധായകന്‍ ജീവിക്കുന്നു. ഇവിടെ ഷൂട്ട് ചെയ്ത 'ഒറ്റയാന്‍' എന്ന സിനിമയുടെ പേര് അന്വര്‍ത്ഥമാക്കിക്കൊണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022