മഹേഷിന്റെ പ്രതികാരത്തിൽ തകർത്തഭിനയിച്ചപ്പോൾ ആർട്ടിസ്റ്റ് ബേബി ഇത്ര ചീപ്പാണോ എന്ന് ചിലർ ചോദിച്ചു. പിന്നെ നാട്യങ്ങളും ചമയങ്ങളുമില്ലാതെ നടുറോഡിൽ ഒറ്റയ്ക്ക് പ്രതിഷേധിച്ചപ്പോൾ അതേ ആളുകൾ ആർടിസ്റ്റ് ബേബി മുത്താണെന്നും പറഞ്ഞു.
അതാണ് അലൻസിയർ എന്ന നടന്റെ, പച്ചമനുഷ്യന്റെ കരുത്ത്. അതാണ് സ്വന്തം ഇംഗിതത്തിനു മാത്രം ജീവിച്ച ആ നിശ്ചയദാർഢ്യം. ആ ഇളകാത്ത നിശ്ചയദാർഢ്യം കൊണ്ടാണ് മഹേഷിന്റെ പ്രതികാരത്തിലേത് പോലുള്ളൊരു ശ്രദ്ധേയമായ വേഷത്തിനായി പത്തൊൻപത് വർഷം കാത്തിരുന്നത്.
അതേ നിശ്ചയദാർഢ്യം കൊണ്ടുതന്നെയാണ് പണ്ട് പള്ളിയിലേയ്ക്ക് കോട്ടും സ്യൂട്ടും ഉപേക്ഷിച്ച് ജുബ്ബയും മുണ്ടുമണിഞ്ഞ് മണവാളനായി പോയതും. ഒന്നുമില്ലാത്ത കാലത്ത് സുശീല ജോർജിനെ ജീവിതത്തിലേയ്ക്ക് ക്ഷണിക്കാൻ അലൻസിയർക്ക് കരുത്തായതും ഈ നിശ്ചയദാർഢ്യം തന്നെ.
ആ കഥയാണ് ഫെബ്രുവരി ലക്കം സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ അലന്‍സിയര്‍ പങ്കുവയ്ക്കുന്നത്.
'ഇതാണ് എന്റെ ജീവിതം. മരണം വരെ അഭിനയിക്കും സൗകര്യമുണ്ടെങ്കില്‍ നിനക്ക് എനിക്കൊപ്പം വരാം.' പ്രേമിക്കുമ്പോള്‍ ഞാന്‍ അവളോട് പറഞ്ഞതാണിത്. അന്ന് ഞങ്ങളുടെ നാട്ടിലെ ചെറുപ്പക്കാര്‍ ഒന്നുകില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അല്ലെങ്കില്‍ വിദേശത്തു ജോലി ചെയ്യുന്നവര്‍. ഈ സാഹചര്യത്തിലും എന്റെ ജീവിത രീതി കണ്ടാണ് സുശീല എന്നെ വിവാഹം ചെയ്യുന്നത്.
അഭിനയത്തിന്റെ സുഖവും ദു:ഖവും എല്ലാം അനുഭവിച്ച് ഞങ്ങള്‍ ജീവിച്ചു. ആ ജീവിതം 21 വര്‍ഷം പിന്നിട്ടപ്പോഴാണ് അഭിനയിച്ച് ഞാന്‍ നേടിയ കാശില്‍ നിന്ന് ഒരു സാരി അവള്‍ക്ക് വാങ്ങികൊടുക്കാന്‍ കഴിഞ്ഞത്. ആദ്യം പറഞ്ഞ വാക്ക് ഞങ്ങള്‍ രണ്ടുപേരും പാലിച്ചു. അതിന്റെ ഗുണം ഞങ്ങള്‍ രണ്ടാളും അനുഭവിക്കുന്നു- അലന്‍സിയര്‍ പറയുന്നു.