'അവളുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി, കോടികള്‍ നേടി'


അനുശ്രീ മാധവൻ (anusreemadhavan@mpp.co.in)

സില്‍ക്ക് സ്മിത വിടവാങ്ങി സെപ്തംബര്‍ 23 ന് 24 വര്‍ഷങ്ങള്‍

ന്നേക്കാള്‍ വലിയ മുന്‍ഗാമികള്‍ ഉണ്ടായിരുന്നില്ല സില്‍ക് സ്മിതയ്ക്ക്. പിന്‍ഗാമികളും. വെള്ളിത്തിരയില്‍ ചുവടുകള്‍ കൊണ്ടും ഉടലുകൊണ്ടും ഇത്രമേല്‍ മാദകത്വം വാരിവിതറിയവര്‍, ആ ലഹരി അവശേഷിപ്പിച്ചവര്‍ ഏറെയില്ല ഇന്ത്യൻ സിനിമയിൽ. മരിക്കുവോളം ആ ഉടലിനെക്കുറിച്ചു മാത്രമേ പ്രേക്ഷകര്‍ ഓര്‍ത്തുള്ളൂ. വികാരമുറ്റിയ കണ്ണുകള്‍ മാത്രമേ കണ്ടുള്ളൂ. കണ്ണില്‍ നിറഞ്ഞ കണ്ണീര്‍ കണ്ടില്ല. ഉള്ളിലെ പിടച്ചില്‍ അറിഞ്ഞില്ല. എന്നാല്‍, അതറിഞ്ഞവരുമുണ്ടായിരുന്നു സിനിമയില്‍. അതുകൊണ്ട് തന്നെ സെപ്തംബര്‍ 23-ാം തിയ്യതി സില്‍ക്ക് തന്റെ ജീവിതത്തിന് പൂർണ വിരാമമിട്ടു. മരണക്കയത്തിലേക്ക് അവർ സ്വയം നടന്നിറങ്ങിയതോ... അല്ലെങ്കിൽ സമൂഹം അവരെ തള്ളി വിട്ടതോ? വെള്ളിത്തിരയിൽ അവരെ കണ്ട് രോമാഞ്ചം കൊണ്ടവരൊന്നും സിൽക്ക് എന്ന മനുഷ്യസ്ത്രീ കടന്നുപോയ മാനസിക വ്യഥകളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകില്ല...

അനുരാധയുടെ സ്മിത

സിൽക്കിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായിരുന്നു അനുരാധ. ഒരു കാലത്ത് സിൽക്കിനെപ്പോലെ തന്നെ ഒരു തീണ്ടാപ്പാടകലെ മാറി നിൽക്കേണ്ടി വന്നവൾ. സിൽക്കിനൊപ്പം നടന്നവൾ... അവരെ മനസ്സിലാക്കിയിട്ടുള്ള ചുരുക്കം വ്യക്തികളിൽ ഒരാൾ....

മരണത്തിന്റെ തലേദിവസം സില്‍ക്ക് അനുരാധയെ വിളിച്ചിരുന്നു. മനസ്സിനെ അലട്ടുന്ന ഒരുപാട് പ്രശ്‌നങ്ങളുണ്ട്. ഒന്നു കാണണം സംസാരിച്ചിരിക്കണം അതായിരുന്നു സില്‍ക്ക് ആവശ്യപ്പെട്ടത്. ചില വ്യക്തിപരമായ കാരണങ്ങളാല്‍ അനുരാധയ്ക്ക് അന്ന് പുറത്ത് പോകാന്‍ കഴിയില്ലായിരുന്നു. 'നമുക്ക് രാവിലെ കാണാം അതുവരെ 'സമാധാനമായിരിക്കൂ'- സില്‍ക്കിനെ ആശ്വസിപ്പിച്ച അനുരാധ ഫോണ്‍ വച്ച് വീട്ടിലെ തിരക്കുകളിലേക്ക് കടന്നു. പിന്നീട് അവരെ കാത്തിരുന്നത് തന്റെ അടുത്ത സുഹൃത്തിന്റെ മരണവാര്‍ത്തയായിരുന്നു.

സില്‍ക്കിന്റെ മരണത്തെക്കുറിച്ച് അനുരാധ ഒരു അഭിമുഖത്തിൽ പറഞ്ഞതിങ്ങനെയായിരുന്നു. ''മരണത്തിന് നാല് ദിവസം മുന്‍പ് അവള്‍ എന്റെ വീട്ടില്‍ വന്നിരുന്നു. പ്രത്യേകിച്ച് ദു:ഖമുള്ളതായി ഒന്നും തോന്നിയില്ല. അവള്‍ കന്നടയിലെ ഐറ്റം സോംഗ് ചെയ്യുന്ന സമയമായിരുന്നു അത്. ഞാന്‍ ചെന്നൈയിലായിരുന്നു. എനിക്കും ഷൂട്ടിങ് ഉണ്ടായിരുന്നു. സെപ്റ്റംബര്‍ 22ന് രാത്രി 8 ന് എനിക്ക് അവളുടെ കോള്‍ വന്നു. എന്തു ചെയ്യുകയാണെന്ന് ചോദിച്ചു. ഞാന്‍ കുട്ടികള്‍ക്ക് ഭക്ഷണം ഉണ്ടാക്കുകയായിരുന്നു. മാത്രമല്ല എന്റെ ഭര്‍ത്താവ് ഒരു ദീര്‍ഘയാത്രയ്ക്ക് ശേഷം ചെന്നൈയില്‍ എത്തുന്ന ദിവസമായിരുന്നു അത്. അവള്‍ എന്നോട് ചോദിച്ചു, 'ഇവിടം വരെ വരാമോ, അത്യാവശ്യമായി സംസാരിക്കണമായിരുന്നു'. കുട്ടികള്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. സതീഷ് ആണെങ്കില്‍ എത്തിയിട്ടുമില്ല. ഞാന്‍ പറഞ്ഞു ' ഇപ്പോള്‍ കുറച്ച് പണിയുണ്ട് നാളെ വന്നാല്‍ മതിയോ? കുട്ടികളെ സ്‌കൂളില്‍ വിട്ടിട്ട് നാളെ രാവിലെ 9 മണിക്ക് ഞാന്‍ വരാം. സില്‍ക്ക് എന്നെ നിര്‍ബന്ധിച്ചില്ല. ശരി നാളെ വരൂ എന്ന് പറഞ്ഞ് അവള്‍ ഫോണ്‍ വച്ചു. പിന്നീട് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് കേട്ടത്. അവളുടെ മരണം എനിക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. ആ രാത്രി വിളിച്ചപ്പോള്‍ ഞാന്‍ പോയിരുന്നെങ്കില്‍ ഒരു പക്ഷെ അവളിന്ന് ജീവനോടെ ഉണ്ടായേനെ. എനിക്ക് അവളെ സഹായിക്കാക്കാന്‍ കഴിഞ്ഞില്ലല്ലോ.''

അവളുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി, കോടികള്‍ നേടി

വിജയലക്ഷ്മി എന്ന ആന്ധ്രക്കാരി സില്‍ക്ക് എന്ന മാദകറാണിയായത് വിനു ചക്രവര്‍ത്തിയുടെ രചനയില്‍ കെ വിജയന്‍ സംവിധാനം ചെയ്ത വണ്ടിചക്രം എന്ന ചിത്രത്തിലൂടെയാണ്. അന്തരിച്ച വിനു ചക്രവര്‍ത്തി സില്‍ക്കിന്റെ ഗോഡ്ഫാദര്‍ എന്ന നിലയിലും ആഘോഷിക്കപ്പെട്ട നടനാണ്. താനും സില്‍ക്കും തമ്മിലുള്ള ബന്ധം പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വിനു ചക്രവര്‍ത്തി പലപ്പോഴും പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലെ സില്‍ക്ക് ആരാധകര്‍ക്ക് സുപരിചിതയല്ല..

'വണ്ടിച്ചക്രം എന്ന ചിത്രത്തിനായി ഒരു നടിയെ വേണം എന്ന് പറഞ്ഞ് നിര്‍മാതാവ് തിരുപ്പൂര്‍ മണി എന്നെ സമീപിച്ചു. ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുപാട് പെണ്‍കുട്ടികള്‍ എത്തിയിരുന്നു. അതിനിടയിലാണ് അതീവ വശ്യതയുള്ള കണ്ണുകള്‍ക്കുടമയായ ഒരു പെണ്‍കുട്ടി എന്റെ ശ്രദ്ധയില്‍പ്പെടുന്നത്. അടുത്ത് വിളിച്ച് പേര് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു. 'സര്‍ എന്റെ പേര് വിജയലക്ഷ്മി. ആന്ധ്രയില്‍ നിന്നാണ് വരുന്നത്. സിനിമയില്‍ അഭിനയിക്കണമെന്നുണ്ട്. വീടുകളില്‍ ജോലിക്ക് പോയി കൊണ്ടിരിക്കുകയാണ്. നാട്ടില്‍ അത്യാവശ്യം ഡാന്‍സ് ചെയ്യാറുണ്ട്'. കുഴപ്പമില്ല എന്ന് തോന്നിയപ്പോള്‍ അവളെ ക്യാമറ ടെസ്റ്റിന് പരിഗണിച്ചു. ക്യാമറയ്ക്ക് മുന്‍പിലെത്തിയപ്പോള്‍ അവളുടെ കണ്ണുകളിലെ ഭാവം മാറി. ഒരു പ്രത്യേക ശരീരഭാഷയായിരുന്നു അവളുടേത്. ഞങ്ങള്‍ അവളെ തിരഞ്ഞെടുത്തു 22 ദിവസമാണ് അവളെ വച്ച് ചിത്രീകരിച്ചത്.

നിങ്ങള്‍ എല്ലാവരും പറയുന്നതുപോലെ സില്‍ക്ക് എന്നല്ല, അവളുടെ പേര് സിലുക്ക് എന്നാണ്. അവള്‍ പിന്നീട് ശ്രദ്ധിക്കപ്പെട്ടു. കമലഹാസനും രജനികാന്തിനുമൊപ്പമെല്ലാം സിനിമകള്‍ ചെയ്തു. തെന്നിന്ത്യയിലെ മാദകറാണിയായി. അതിന് ശേഷം സിലുക്കും ഞാനും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ല. അവളുടെ കണ്ണുകള്‍ ചാരായം പോലെ ലഹരി നിറഞ്ഞതാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. മരണത്തിനു ശേഷവും അവളെ ആരും വെറുതെ വിട്ടില്ല. അവളുടെ ജഡത്തില്‍ അടിവസ്ത്രമിട്ട് പലരും ചിത്രങ്ങളിറക്കി, കോടികള്‍ നേടി. ഈ സിനിമകള്‍ക്കെതിരെ കേസ് കൊടുക്കണമെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്.

സിലുക്ക് മരിച്ചപ്പോഴും എല്ലാവര്‍ക്കും അറിയേണ്ടത് ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ്. അവള്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത ഞാന്‍ അറിഞ്ഞത് സിംഗപ്പൂരില്‍ വച്ചാണ്. അവിടെ വച്ച് ഒരാള്‍ എന്നോട് ചോദിച്ചു സിലുക്കിനെയും എന്നെയും ഒരു മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ടാല്‍ എന്താണ് സംഭവിക്കുന്നതെന്ന്. ഞാന്‍ അയാളോട് പറഞ്ഞു. 'നിങ്ങളുടെ കണ്ണില്‍ ഞാന്‍ ഒരു പുരുഷനും അവളൊരു സ്ത്രീയും മാത്രം. എന്നാല്‍ എനിക്ക് അവള്‍ മകളെപ്പോലെയായിരുന്നു. മാതാപിതാക്കളുടെ സ്നേഹവും സുരക്ഷിതത്വവുമില്ലാതെ വളര്‍ന്നതുകൊണ്ടാണ് സിലുക്കിന് ഇങ്ങനെ ആകേണ്ടി വന്നത്. അവള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചു. അവസാനം എല്ലാവരും അവളെ ചൂഷണം ചെയ്തു. തള്ളിപ്പറഞ്ഞു. ഈ നിരാശയില്‍ അവള്‍ ജീവിതമൊടുക്കി. അടുത്ത ജന്‍മം ഉണ്ടെങ്കില്‍ എനിക്കവളുടെ അച്ഛനായാല്‍ മതി'. സിംഗപ്പൂരിലെ വിമാനത്താവളത്തില്‍ ഞാന്‍ ഈ പറയുന്നത് ഒരു കൂറ്റന്‍ സ്‌ക്രീനില്‍ കാണിച്ചിരുന്നു. എല്ലാവരും അന്ന് കയ്യടിച്ചു. ഞാന്‍ അവളുടെ അധ്യാപകനായിരുന്നു. ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുകൊടുത്തിരുന്നു. എന്നാല്‍ ജീവിതം അവളെക്കൊണ്ട് അതിനപ്പുറം പലതും ചെയ്യിച്ചു'.

(പുന:പ്രസിദ്ധീകരണം)

Content Highlights: Actress Silk Smitha Death Anniversary, Movies, Tamil, Telugu, Hindi, Kannada, anuradha remembers silk smitha, Vinu Chakravarthy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram