''അയാള്‍ എന്നെങ്കിലും മടങ്ങിവരും, അങ്ങനയേ എനിക്ക് കരുതാനാകൂ''


തയ്യാറാക്കിയത്: ഭാനുപ്രകാശ്‌

6 min read
Read later
Print
Share

മലയാളത്തിന്റെ നടന വിസ്മയം മുരളി മരിച്ച് ഒന്‍പ്ത വര്‍ഷങ്ങള്‍ പിന്നിടുന്നു....

നീണ്ട ഷെഡ്യൂള്‍ ഉള്ള ഏതോ ഷൂട്ടിങ്ങിലാണ് അയാള്‍, ഏറെ വൈകാതെ മടങ്ങിവരും എന്നു മാത്രമേ ആ വിയോഗത്തെക്കുറിച്ച് എനിക്കിപ്പോഴും വിചാരിക്കാന്‍ കഴിയുന്നുള്ളു. അയാള്‍ (മുരളിയെ ഞാന്‍ വിളിക്കുന്നത് അങ്ങനെയാണ്, സഹോദരങ്ങള്‍ അയാളെ സ്നേഹത്തോടെ അങ്ങനെ വിളിക്കുന്നത് കേട്ടാണ് ഞാനും വിളിച്ചിരുന്നത്.) അവശേഷിച്ച ശൂന്യതയിലേക്ക് പലപ്പോഴും ആ മുഖം കുടുംബനാഥന്റെ സൗമ്യതയുമായി കടന്നുവരാറുണ്ട്. കലാപ്രവര്‍ത്തനങ്ങളുടെ ഊര്‍ജസ്രോതസ്സായി അയാള്‍ക്ക് പിന്‍ബലമേകിയ കാര്‍ത്തികയിലെ (ഞങ്ങളുടെ വീട്) മുറികള്‍ക്കുള്ളില്‍നിന്ന് ആ സാന്നിദ്ധ്യത്തിന്റെ ചൂട് അകന്നു തുടങ്ങിയിട്ടില്ല. വലിയ ഒറ്റപ്പെടലായെങ്കിലും അത്രയേറെ ഒറ്റപ്പെടല്‍ അനുഭവിക്കാതിരിക്കുന്നത് സ്നേഹസമൃദ്ധമായ സാന്നിദ്ധ്യംകൊണ്ട് അയാള്‍ നിറച്ചുവച്ച കരുത്ത് ഇന്നും ഇവിടെ നിറഞ്ഞുനില്‍ക്കുന്നതുകൊണ്ടാണ്. ദീപ്തമായ കുടുംബാന്തരീക്ഷമാണ് കലാലോകത്തിലെ ഉയര്‍ച്ചയിലേക്കുള്ള പടവുകളെന്ന് വിശ്വസിച്ചിരുന്നതിനാല്‍ കലഹത്തിന്റെ ഒരു നേരിയ പോറല്‍ പോലുമേല്‍ക്കാതെ ഗൃഹാന്തരീക്ഷത്തെ സ്നേഹപ്പുതപ്പുകൊണ്ട് അയാള്‍ എപ്പോഴും മൂടിവച്ചിരുന്നു.

വീടിനെ അത്രമേല്‍ സ്നേഹിച്ചിരുന്ന അയാളുടെ വേര്‍പാട് പറയാനും പറഞ്ഞു തീര്‍ക്കാനുമാകാത്ത വേദനകളുടെ പട്ടികയാണ്. ഒരിക്കലും കരുതിയിരുന്നില്ല അതെല്ലാം ഈ പുസ്തകത്തിലേക്ക് എഴുതേണ്ടിവരുമെന്ന്. 'ഹോളി ആക്ടര്‍'എന്ന പുസ്തകമിറങ്ങുന്ന കാര്യം വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ അയാള്‍ എന്നോട് പറഞ്ഞിരുന്നു. വളരെ ആവേശത്തോടെയായിരുന്നു അയാള്‍ പുസ്തകത്തെ സമീപിച്ചിരുന്നത്. വലിയ പുസ്തകമാണെന്നും വര്‍ഷങ്ങള്‍ എടുത്ത് മാത്രമേ പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നും പറഞ്ഞിരുന്നു. പുസ്തകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന് വര്‍ഷങ്ങള്‍ക്കുമുമ്പേ എനിക്ക് ഭാനുപ്രകാശിനെ പരിചയമുണ്ട്.

ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ടായിരുന്ന ഭാനുവിനെ പത്രപ്രവര്‍ത്തകനായാണ് ആദ്യം പരിചയപ്പെടുന്നത്. അനിയനോടുള്ള സ്നേഹമായിരുന്നു അയാള്‍ക്ക് ഭാനുവിനോടുണ്ടായിരുന്നത്. അവര്‍ തമ്മില്‍ പുസ്തകത്തെക്കുറിച്ച് വീട്ടില്‍വച്ച് നടത്തിയിരുന്ന പല ചര്‍ച്ചകളും ഞാനും കേട്ടിട്ടുണ്ട്. എന്നാല്‍ എന്റെയൊരു കുറിപ്പ്കൂടി പുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കേണ്ടിവരുമെന്ന് അന്ന് ഞാന്‍ കരുതിയിരുന്നതേയില്ല. ഈ കുറിപ്പെഴുതാനുള്ള കടമ ഒരു നിയോഗം പോലെ അയാളുടെ വേര്‍പാടിനുശേഷം എന്നില്‍ വന്നുചേരുകയായിരുന്നു.

നീയെത്ര ധന്യയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ഞങ്ങളുടെ വിവാഹം. മുറപ്പെണ്ണാണെന്നറിയാമെങ്കിലും പ്രണയിച്ചിട്ടില്ല. താമസിച്ചിരുന്നത് അടുത്തടുത്ത വീടുകളിലായിരുന്നതുകൊണ്ട് ഒരു വീട്ടിലെ അംഗത്തെപ്പോലെയാണ് അയാളെയും കണ്ടിരുന്നത്. ഞങ്ങളുടേത് കര്‍ഷക കുടുംബമായിരുന്നു. കൊട്ടാരക്കരയിലെ അമ്മവീട്ടില്‍നിന്നാണ് ഞാന്‍ പഠിച്ചത്. ഇടയ്ക്ക് വീട്ടില്‍ വരുമ്പോള്‍ അയാള്‍ സ്‌കൂളില്‍ നാടകം അഭിനയിച്ചെന്നും സമ്മാനം വാങ്ങിയെന്നുമൊക്കെ പറഞ്ഞു കേട്ടിരുന്നു. കൊല്ലം ഫാത്തിമ കോളേജില്‍ പ്രീഡിഗ്രിക്കു പഠിക്കുന്നതിനിടയിലാണ് ഞാനാദ്യമായും അവസാനമായും അയാളുടെ നാടകം കാണുന്നത്. ശനിദശ എന്നായിരുന്നു നാടകത്തിന്റെ പേര്. ചാത്തന്നൂരില്‍വച്ച് നടന്ന നാടകം കാണാന്‍ വീട്ടില്‍ നിന്നെല്ലാവരുമുണ്ടായിരുന്നു.

ഞാറ്റടിയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസ്സില്‍ പഠിക്കുകയാണ്. ഇന്നത്തെപ്പോലെ നാടകനടനും സിനിമാനടനുമൊന്നും അത്ര ജനസമ്മതിയുണ്ടായിരുന്നില്ല. പറഞ്ഞുകേട്ടറിയുന്നതല്ലാതെ സിനിമയിലഭിനയിച്ച വാര്‍ത്ത പത്രങ്ങളിലോ മാസികകളിലോ ഒന്നും അന്ന് വന്നിരുന്നില്ല. അഭിനയരംഗത്ത് അയാള്‍ എന്തെങ്കിലുമായിത്തീരുമെന്ന പ്രതീക്ഷയും വീട്ടില്‍ ആര്‍ക്കും ഇല്ലായിരുന്നു.

എന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഞങ്ങള്‍ തമ്മില്‍ ആശയവിനിമയമൊന്നും നടത്തിയിരുന്നില്ല. അയാളുടെ ആദര്‍ശങ്ങളെക്കുറിച്ചോ അഭിരുചികളെക്കുറിച്ചോ ഒന്നും എന്നോട് പറഞ്ഞില്ല. അറിയാനായി അന്വേഷിച്ചതുമില്ല.

ഞാന്‍ ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കിയയുടന്‍തന്നെ വീട്ടുകാര്‍ കല്യാണം ഉറപ്പിച്ചു. അപ്പോഴേക്കും അയാള്‍ സിനിമയില്‍ ഏതാണ്ട് മുഴുകിക്കഴിഞ്ഞിരുന്നു. സാധാരണ നാട്ടിന്‍പുറങ്ങളില്‍ നടക്കാറുള്ളതു പോലെയാണ് ഞങ്ങളുടെ വിവാഹവും നടന്നത്. വിവാഹത്തിന് ആര്‍ഭാടമൊന്നും വേണ്ടെന്നറിയിച്ചിരുന്നു. അതുകൊണ്ട് സ്വര്‍ണമൊക്കെ വളരെ കുറച്ചു മാത്രമെ ഉപയോഗിച്ചുള്ളു. വീടായാലും വസ്ത്രമായാലും ആഭരണമായാലും ആര്‍ഭാടമാക്കുന്നതിനോട് അയാള്‍ക്ക് യോജിപ്പുണ്ടായിരുന്നില്ല. പിന്നീട് ആ ഇഷ്ടങ്ങള്‍ എന്റെയും ഇഷ്ടമായി. അതെല്ലാം നല്ലതാണെന്നു മാത്രമേ തോന്നിയിട്ടുള്ളു. മകള്‍ കാര്‍ത്തികയ്ക്കും അച്ഛന്റെ സ്വഭാവമാണ്. വളരെ ലളിതമായി നടക്കാനാണ് അവള്‍ക്കിഷ്ടം.

അയാളിലെ നടന്റെ കാര്യത്തില്‍ ഞാന്‍ ഇടപെട്ടിട്ടേയില്ല. അയാള്‍ ചെയ്യുന്ന ഓരോ വേഷവും അത്ഭുതത്തോടെയാണ് ഞാന്‍ നോക്കിക്കണ്ടിരുന്നത്. കഥാപാത്രമായി മാറിയ മുരളിക്ക് വീട്ടിലെ മുരളിയുമായി യാതൊരു ബന്ധവും തോന്നിയിട്ടില്ല. 'പഞ്ചാഗ്‌നി'യിലാണല്ലോ അയാള്‍ ശ്രദ്ധിക്കപ്പെടുന്നത്. അന്ന് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ല. വീട്ടുകാരോടൊപ്പം പോയി ആ സിനിമ കണ്ടു. അതിലെ വില്ലന്‍ റോള്‍ പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തി. യഥാര്‍ത്ഥ സ്വഭാവവുമായി യാതൊരു സാമ്യവുമില്ലാത്ത ഒരു കഥാപാത്രമാണതെന്ന് പിന്നീട് മനസ്സിലാക്കിയപ്പോള്‍ എങ്ങനെ അത്ര നന്നായി അഭിനയിക്കാന്‍ കഴിയുന്നു എന്ന് ആലോചിച്ച് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്.

അഭിനയം ജന്മസിദ്ധമായിട്ടുള്ള കലാകാരനാണ് അയാളെന്ന് പലരും വിലയിരുത്തിയിട്ടുള്ളത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് തോന്നിയിട്ടുണ്ട്. അഭിനയത്തിനായി വീട്ടില്‍ യാതൊരു ഹോംവര്‍ക്കും ചെയ്തിരുന്നില്ല. സാധാരണ അഭിനേതാക്കളെല്ലാം പൊതുവെ സിനിമയും ടി.വിയും കാണുന്നവരാണ് എന്നാണറിയുന്നത്. പക്ഷേ, അയാള്‍ ടി.വി. കണ്ടിരുന്നത് വാര്‍ത്ത ശ്രദ്ധിക്കാന്‍ വേണ്ടി മാത്രമായിരുന്നു തിയേറ്ററില്‍ സിനിമ കാണാന്‍ പോകാറില്ല. അഭിനയിച്ച പടത്തിന്റെ പ്രിവ്യൂപോലും കാണാറില്ല. എന്തുകൊണ്ടാണങ്ങനെ എന്ന് ഞാന്‍ ഒരിക്കലും ചോദിച്ചിട്ടില്ല. മറ്റൊരാളുടെ ശൈലി കടന്നുകൂടരുത് എന്ന് കരുതിയാവാം. ഒഴിവുസമയമത്രയും ചെലവഴിക്കുന്നത് പുസ്തകങ്ങള്‍ക്കു മുന്നിലായിരുന്നു. വലിയൊരു പുസ്തകശേഖരം സ്വന്തമായുണ്ട്. അലമാരയിലെ പുസ്തകത്തിന്റെ സ്ഥാനം അല്പം മാറിയാല്‍ അതു കണ്ടുപിടിക്കുമായിരുന്നു. ഈ വീട്ടില്‍ ശണ്ഠ ഉണ്ടായിട്ടുള്ളതെല്ലാം പുസ്തകത്തെച്ചൊല്ലിയായിരുന്നു.

ബൃഹത്തായ ഒരു സുഹൃദ്വലയം സൃഷ്ടിക്കാന്‍ അയാള്‍ താല്‍പര്യം കാണിച്ചിട്ടില്ല. ഏകാന്തത കൂടുതല്‍ ഇഷ്ടപ്പെടുന്നതുകൊണ്ടാവാം അയാളുടെ ഏറ്റവുമടുത്ത സുഹൃത്തും ഗുരുവും നരേന്ദ്ര പ്രസാദ് സാറായിരുന്നു. ആ വിയോഗം അയാളെ വല്ലാതെ വേദനിപ്പിച്ചിട്ടുണ്ട്. ടി.വിയില്‍ പ്രസാദ് സാര്‍ അഭിനയിച്ച സീന്‍ കണ്ടാല്‍ അവിടെനിന്ന് എഴുന്നേറ്റു പോകും. അത്രയ്ക്കും ആത്മബന്ധമുണ്ടായിരുന്നു അവര്‍ തമ്മില്‍. ഇടയ്ക്കിടെ അദ്ദേഹവും നന്ദച്ചേച്ചി (പ്രസാദ് സാറിന്റെ ഭാര്യ)യും ഞങ്ങളുടെ വീട്ടില്‍ വരാറുണ്ടായിരുന്നു. കുറേ സമയം സംസാരിച്ചിരിക്കുകയും ചെയ്യുമായിരുന്നു. അയാളുടെ സിനിമ, നാടകപ്രവര്‍ത്തനങ്ങളിലെല്ലാം ഒരു മേല്‍നോട്ടക്കാരനായി അദ്ദേഹമുണ്ടായിരുന്നു. ആ ബന്ധത്തിനു സമാനമായി മറ്റൊന്നുണ്ടായിട്ടില്ല. അഭിനയത്തോടൊപ്പം എഴുത്തിലേക്ക് അയാളെ കൊണ്ടുവരുന്നതിലുംപ്രസാദ് സാറിന് പങ്കുണ്ട്. 'അഭിനയത്തിന്റെ രസതന്ത്രം', 'വ്യാഴപ്പൊരുള്‍', 'മുരളി മുതല്‍ മുരളി വരെ', 'അഭിനേതാവും ആശാന്‍ കവിതയും' തുടങ്ങിയ പുസ്തകങ്ങളെല്ലാം ആ പ്രോത്സാഹനത്തിന്റെ ഫലങ്ങളാണ്.

വീടുമായുള്ള വൈകാരികബന്ധം പ്രൊഫഷനെ ബാധിക്കാതെ പുലര്‍ത്തിക്കൊണ്ടുപോകാന്‍ അയാള്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഏതു വലിയ പ്രൊജക്ടാണെങ്കിലും ദീര്‍ഘകാലം വീട്ടില്‍നിന്ന് വിട്ടുനില്‍ക്കാറില്ല. ആദ്യമൊക്കെ അയാളില്ലാതെ കഴിയുമ്പോള്‍ വിഷമം തോന്നുമായിരുന്നു. നഗരത്തിലേക്ക് ജീവിതം പറിച്ചു നട്ടതിന്റെ അസ്വാസ്ഥ്യവും പരിചയക്കുറവും ഏകാന്തതയുമെല്ലാം കൂടിയായപ്പോള്‍ വല്ലാത്ത വിരസത തോന്നിയിട്ടുണ്ട്. പിന്നെ എല്ലാം തനിച്ച് മാനേജ് ചെയ്യാന്‍ ശീലിച്ചു. അയാളോട് വീട്ടുകാരെ നോക്കാന്‍ ഞാനൊരിക്കലും പറഞ്ഞിട്ടില്ല. മോളുടെ സ്‌കൂള്‍ ആനിവേഴ്സറിക്ക് പോകാനും അവധിക്കാലത്ത് ഞങ്ങളെയും കൂട്ടി കേരളത്തിന് പുറത്ത് ചെലവഴിക്കാനും അദ്ദേഹം ബോധപൂര്‍വം സമയം കണ്ടെത്തിയിരുന്നു.

അരവിന്ദന്റെ 'ഒരിടത്ത്' എന്ന ചിത്രമാണ് ഞങ്ങളൊരുമിച്ച് തിയ്യറ്ററില്‍ പോയി കണ്ട ഒരേയൊരു സിനിമ. വെങ്കലം, നെയ്ത്തുകാരന്‍, പുലിജന്മം തുടങ്ങിയ ചിത്രങ്ങളുടെ പ്രിവ്യൂ കണ്ടതും ഒരുമിച്ചാണ്. അയാളുടെ മറ്റു സിനിമയൊക്കെ റിലീസാകുമ്പോള്‍ ഞാനും മകളും ടിക്കറ്റെടുത്ത് പോയി കാണും. മാളു വെട്ടിത്തുറന്ന് അഭിപ്രായങ്ങള്‍ പറയുന്ന കൂട്ടത്തിലാണ്. അവളുടെ നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും അയാള്‍ വിലയ്ക്കെടുത്തിട്ടുമുണ്ട്. ഞാന്‍ മനസിലാക്കിയിടത്തോളം അയാളുടെ വിമര്‍ശകനും ഗുരുവും എല്ലാം അയാള്‍ തന്നെയായിരുന്നു. ഓരോ പുതിയ കഥാപാത്രവും ഓരോ പുതിയ അഭിനയപാഠങ്ങളാണെന്ന് അയാള്‍ പറയാറുള്ളത് ഇപ്പോള്‍ ഞാനോര്‍ക്കുന്നു.

കാരുണ്യത്തിലെയും മഗ്രിബിലെയും വേഷങ്ങളാണ് എന്നെ കരയിപ്പിച്ച അയാളുടെ കഥാപാത്രങ്ങള്‍. മഗ്രിബിലെ മാനസികരോഗിയുടെ വേഷം ഇപ്പോഴും മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. സിനിമ കണ്ടുകഴിഞ്ഞാലുടന്‍ ഫോണില്‍ വിളിച്ച് ഞാന്‍ അഭിപ്രായം പറയുമായിരുന്നു. കുറ്റം കണ്ടുപിടിച്ച് പറയാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നാല്‍ ചകോരം കണ്ടപ്പോള്‍ കോമഡി ഇയാള്‍ക്ക് വഴങ്ങില്ലെന്ന് തുറന്നു പറഞ്ഞു. മുരളി സീരിയസ് റോളില്‍ വരുന്നതുതന്നെയാണ് പ്രേക്ഷകരെപ്പോലെ ഞാനും ആഗ്രഹിച്ചിരുന്നത്. ഏറെക്കുറെ സെലക്ടീവാകുന്നതിലൂടെ ആ ഇമേജ് നിലനിര്‍ത്താനുമായിട്ടുണ്ട്. അതിനിടയില്‍ ഒരു വ്യത്യസ്തതയ്ക്കുവേണ്ടിയാണ് നിഴല്‍ക്കുത്തിലെ വില്ലന്‍വേഷം ഏറ്റെടുത്തതെന്നായിരുന്നു പറഞ്ഞിട്ടുള്ളത്.

സിനിമാരംഗത്ത് വലിയ അഡജസ്റ്റുമെന്റുകള്‍ക്കായി ആരും അയാളെ സമീപിച്ചിട്ടില്ല. തുറന്നടിക്കുന്ന പ്രകൃതക്കാരനായതിനാല്‍ തരികിട പരിപാടിക്കാരാരും അടുക്കാറില്ല. സ്‌ക്രിപ്റ്റും കഥാപാത്രത്തിന്റെ സ്വഭാവവുമെല്ലാം ആദ്യം പ്ലാന്‍ ചെയ്തതില്‍നിന്ന് മാറുമ്പോള്‍ വിഷമത്തോടെയാണെങ്കിലും പലപ്പോഴും സഹകരിച്ചിട്ടുണ്ട്. കാര്‍ക്കശ്യ സ്വഭാവമുണ്ടെങ്കിലും ഒരു നിര്‍മ്മാതാവുമായും അയാള്‍ പിണങ്ങിയിട്ടില്ല. അയാളുടെ കഴിവ് മനസ്സിലാക്കിയിട്ടുള്ളവരാണ് മലയാളത്തിലെ മിക്ക സംവിധായകരും.

അയാള്‍ ഇലക്ഷന് നിന്നപ്പോള്‍ പ്രചാരണത്തിന് പോയിരുന്നു. എഴുത്തിലും ചിന്തയിലുമൊക്കെ കമ്മ്യൂണിസത്തിന്റെ വക്താവുതന്നെയായിരുന്നു അയാള്‍ അവസാനം വരെയും. സിനിമയിലേക്ക് കടന്നതോടെ പാര്‍ട്ടി പ്രവര്‍ത്തനം മറ്റു തലങ്ങളിലേക്ക് വഴിമാറി. നെയ്ത്തുകാരന്‍ ഒരു മഹത്തായ കര്‍മമായിട്ടാണ് നിര്‍വഹിച്ചത്. സ്വസ്ഥതയില്ലാത്ത ഒരു മേഖലയാണ് രാഷ്ട്രീയമെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. അതുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് കൂടുതല്‍ വ്യാപരിക്കുന്നതിനോട് ഞാന്‍ താല്പര്യക്കുറവ് പ്രകടിപ്പിച്ചത്.

സ്ത്രീയെ എന്നും മാനിച്ചിട്ടുള്ള അയാള്‍ ഒരിക്കല്‍പോലും എന്നെ 'എടീ' എന്നു വിളിച്ചിട്ടില്ല. വെറെ ഒരു സ്ത്രീയെയും അങ്ങനെ വിളിച്ചു കേട്ടിട്ടില്ല. സ്വന്തം കുടുംബവും സഹോദരങ്ങളും അയാള്‍ക്ക് എന്നും ദൗര്‍ബല്യമായിരുന്നു. ഓരോ വിശേഷദിവസവും ഉത്സവങ്ങള്‍ക്കും നാട്ടില്‍പോയി ബന്ധുക്കളോടൊപ്പം ചെലവഴിക്കുന്നത് ജീവിതത്തില്‍ ഏറ്റവുമധികം ആസ്വദിച്ചിരുന്ന ഒന്നായിരുന്നു. അയല്‍വക്കത്തെ സുഹൃത്തുക്കളുമായി തമാശ പറഞ്ഞും പാട്ടു പാടിയും മുറ്റത്ത് വട്ടമിട്ടിരിക്കുമ്പോഴും അയാള്‍ പൂര്‍ണ്ണമായും ഒരു ഗ്രാമീണനായി മാറുന്നത് കാണാമായിരുന്നു. മുരളി എന്ന നടന്‍ ഭരത് മുരളിയായി മാറിക്കഴിഞ്ഞിട്ടും ആ പഴയ നാട്ടുമ്പുറത്തുകാരന്റെ ശീലങ്ങളിലേക്ക് മടങ്ങിച്ചെല്ലാന്‍ വളരെകുറച്ച് സമയം മതിയായിരുന്നു.

അയാളുടെ ഏറ്റവും വലിയ നിധി പുസ്തകങ്ങളായിരുന്നു. അവ സ്ഥാനം തെറ്റാതെ ഞാന്‍ സൂക്ഷിച്ചിട്ടുണ്ട്. അയാള്‍ ബാക്കിവച്ചുപോയെ സിഗരറ്റു പാക്കറ്റടക്കം എല്ലാം നിധിപോലെ ഞാന്‍ സൂക്ഷിക്കുന്നു. കണ്ണു തുറന്നാല്‍ കാണുന്നതത്രയും വാരിക്കൂട്ടിയ പുരസ്‌കാരങ്ങളുടെയും വിവിധ രൂപത്തിലും വലിപ്പത്തിലുമുള്ള ഉപഹാരങ്ങളുടെയും നിരയാണ്. പിന്നെ, ഏറെ ഇഷ്ടമുള്ള ശില്പങ്ങളുടെയും ചിത്രങ്ങളുടെയും ശേഖരം. അവയ്ക്കും സ്ഥാനചലനം സംഭവിക്കാതെ നോക്കുന്നുണ്ട്. ഇതെല്ലാമാണ് ആ സാന്നിധ്യം എനിക്ക് എപ്പോഴും അനുഭവപ്പെടുത്തുന്നത്.

അയാള്‍ മരിച്ചിട്ടും മരണമെന്ന യാഥാര്‍ഥ്യവുമായി ഞാന്‍ പൊരുത്തപ്പെട്ടിട്ടില്ല. ആ ശൂന്യത ഈ വീട്ടില്‍ അനുഭവപ്പെടാതിരിക്കാന്‍ അയാളുടെ അനിയത്തിയും കുടുംബവും അനിയന്‍ ഹരികുമാറും അന്നുമുതല്‍ ഞങ്ങളോടൊപ്പമാണ് താമസിക്കുന്നത്. പക്ഷേ, മരവിപ്പ് എന്നെ വിട്ടുമാറുന്നില്ല. മാളു വളരെ പ്രാക്ടിക്കലാണ്. അച്ഛന്റെ മനക്കരുത്ത് അവള്‍ക്ക് കിട്ടിയിട്ടുണ്ട്. പഠിപ്പിന്റെ കാര്യത്തില്‍ അച്ഛന്‍ വളരെ സീരിയസ്സായിരുന്നു എന്ന് അവള്‍ക്കറിയാം. അച്ഛനോടുള്ള വാക്കു പാലിക്കാനായി അവള്‍ പഠനത്തില്‍ നന്നായി ശ്രദ്ധിക്കുന്നുണ്ട്. വേര്‍പാടിന്റെ വേദന ഇത്രയേറെ ഭീകരമാണെന്ന് ഞാന്‍ കരുതിയിരുന്നില്ല, ജീവിതം ഇത്ര ക്ഷണികമാണെന്നും.

ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീയുടെ ജീവിതത്തില്‍ ലക്ഷ്യങ്ങളുണ്ടാവില്ല എന്ന് ഞാന്‍ കരുതുന്നില്ല. ഇനിയുള്ളത് ചില നിയോഗങ്ങളാണ്. അടങ്ങാത്ത അഭിനയമോഹവും വായിച്ചുതീര്‍ക്കാന്‍ ഒട്ടേറെ പുസ്തകങ്ങളും ബാക്കിവച്ചാണല്ലോ അയാള്‍ പോയത്. സിനിമാനടനായിരുന്നെങ്കിലും നാടകമായിരുന്നു ആ ജീവിതം നിറയെ. ലങ്കാലക്ഷ്മിയിലെ ഡയലോഗുകള്‍ ഉറക്കത്തിലും വിളിച്ചുപറഞ്ഞ് ഉറപ്പുവരുത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അത്രയ്ക്ക് ഉന്മാദം പിടിച്ച ഒരു തപസ്യയായിരുന്നു അയാള്‍ നാടകം. ലങ്കാലക്ഷ്മി ഒരു നീണ്ട ഇടവേളയ്ക്കുശേഷം ഏകാഹാര്യരൂപത്തില്‍ അയാല്‍ അരങ്ങിലെത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ വല്ലാതെ വിഷമിച്ചികുന്നു. പന്ത്രണ്ടോളം കഥാപാത്രങ്ങളായി ഒരു നടന്‍ ഇടവേളകളില്ലാതെ മാറുക, അതുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ പറയുക, വലിയ ശാരീരിക ആയാസം ആവശ്യപ്പെടുന്ന ഒന്ന്. പക്ഷേ അത് വലിയ വിജയമായി.

നൂറുനൂറ് പ്രോജക്ടുകള്‍ ആ മനസ്സിലുണ്ടായിരുന്നു എന്ന് എനിക്കറിയാം. അതൊന്നും പൂര്‍ത്തിയാക്കാന്‍ എനിക്കാവില്ലല്ലോ. എങ്കിലും മലയാളിയുടെ പൊതുസ്വത്തായി മാറിക്കഴിഞ്ഞ മുരളി എന്ന ആ മൂന്നക്ഷരം തലമുറകളിലൂടെ ജീവിക്കണമെന്ന് അയാളെ സ്നേഹിക്കുന്നവരെപ്പോലെ ഞാനും ആഗ്രഹിക്കുന്നു. ആ ഓര്‍മ നിലനിര്‍ത്താനുള്ള സ്മാരകങ്ങളുടെ പണിപ്പുരയിലായിരിക്കും ഇനിയുള്ള എന്റെ ജീവിതം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

5 min

'തൃത്താല കേശവന്‍ എന്ന് കേട്ടപ്പോള്‍ കൊമ്പനാനയെന്ന് തോന്നിയോ?'

Nov 7, 2019


mathrubhumi

4 min

മലയാള സിനിമയുടെ ഭാഗ്യ ലൊക്കേഷന്‍; തലയെടുപ്പോടെ തൃശ്ശൂർ

Oct 21, 2019


mathrubhumi

സ്റ്റീഫന്‍ നമ്മള്‍ ഉദ്ദേശിച്ച ആള്‍ അല്ല, പിന്നെ ആര്; അയാള്‍ക്ക്‌ ഇല്യൂമിനാറ്റിയുമായി എന്ത് ബന്ധം ?

Apr 10, 2019