മണ്ണും ജലവും വായുവും അന്തരീക്ഷവും ആഹാരവും മരുന്നും സര്‍വവും വിഷമയമായി ഇവിടെ ജീവിതംതന്നെ അസാധ്യമായിരിക്കുമ്പോള്‍, സാംസ്‌കാരിക വിഷംകൂടി തീണ്ടേണ്ടി വരുന്ന മലയാളിയുടെ ജീവിതം എല്ലാ അര്‍ഥത്തിലും തോല്‍പ്പിക്കപ്പെടുകയാണ്. കലയുടെ വ്യാജലേബലില്‍ വരുന്ന ചില ടിവി സീരിയലുകളും, ചില ചലച്ചിത്രങ്ങളും ചില നാടകങ്ങളും, ചില സാഹിത്യകൃതികളും, ചില ചാനല്‍ പരിപാടികളുമൊക്കെ, മാരകമായ എന്‍ഡോസള്‍ഫാനേക്കാള്‍ സമൂഹത്തിന് അപകടകരമാണെന്ന് തോന്നാറുണ്ട്. എന്‍ഡോസള്‍ഫാന്‍ ജനിതകപരമായ ശാരീരിക വൈകല്യങ്ങളാണുണ്ടാക്കുന്നതെങ്കില്‍, ഇത് മനുഷ്യനില്‍ മാനസിക വൈകല്യമുണ്ടാക്കുന്നു. തലമുറകളുടെ ബുദ്ധിയെയും, ചിന്തയെയും, ഭാവനയെയും, വികലമാക്കുകയും മുരടിപ്പിക്കുകയും, മനസ്സുകളെ വിഷലിപ്തമാക്കുകയും ചെയ്യുന്ന അതീവ ഗുരുതരാവസ്ഥയാണുണ്ടാക്കുന്നത്.
1മറ്റു മാധ്യമങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ടെലിവിഷനും ഇന്റര്‍നെറ്റുമൊക്കെ എല്ലാ അധികാരത്തോടെയും സര്‍വസ്വാതന്ത്ര്യത്തോടെയും വീടിനകത്തേക്ക് ഇങ്ങോട്ടു കയറിവരികയാണ്. അതുകൊണ്ടുതന്നെ ഇങ്ങോട്ടു കയറിവരുന്നവയ്ക്ക് കര്‍ശനമായ ഗുണമേന്മാപരിശോധനകളും നിയന്ത്രണങ്ങളും പരമപ്രധാനമാണ്. അരുതാത്തതൊന്നും കുടുംബത്തിനകത്തേയ്ക്ക് കടന്നുവരാന്‍ അനുവദിച്ചുകൂടാ. ഞാന്‍ ഒരു സീരിയല്‍ വിരുദ്ധനല്ല. സീരിയലുകള്‍ പാടേ നിരോധിക്കണം എന്ന അഭിപ്രായവും എനിക്കില്ല. അങ്ങനെയെങ്കില്‍ ചില സാംസ്‌കാരിക, സാമൂഹ്യ, മത, സാമുദായിക, രാഷ്ട്രീയ, രാജവെമ്പാലകളുടെ വിഷം വമിക്കുന്ന വാക്കുകളുടെ ചീറ്റലുകളും നിരോധിക്കേണ്ടി വരും. അത് പ്രായോഗികവുമല്ല. സീരിയലുകള്‍ പ്രേക്ഷകര്‍ വളരെ ആഘോഷപൂര്‍വം സ്വീകരിക്കുന്ന വലിയൊരു വിനോദോപാധിയാണ്.
ഒരുപാട് പേര്‍ക്ക് ഉപജീവമാര്‍ഗമായ ഒരു തൊഴില്‍ മേഖലയുമാണ്. സ്ത്രീകളും, കുട്ടികളും പുരുഷന്മാരും ഉള്‍പ്പെടെ ഭൂരിപക്ഷം പേരും കാണാന്‍ ഇഷ്ടപ്പെടുന്ന സീരിയലുകള്‍ പോലുള്ള പരിപാടികള്‍ ഒഴിവാക്കാന്‍ ചാനലുകള്‍ക്കും കഴിയില്ല. ഈ അവസ്ഥയില്‍ സീരിയലുകള്‍ സൃഷ്ടിക്കുന്നവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തവും സമൂഹത്തോട് കൂടുതല്‍ പ്രതിബദ്ധതയും ഉണ്ടാവേണ്ടതുണ്ട്. തങ്ങള്‍ കൈകാര്യം ചെയ്യുന്നത് കലയാണെന്നും കല കൈകാര്യം ചെയ്യുന്നവന്‍ ഒരു ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നതെന്നും, അല്‍പ്പമൊരു പിഴവുപറ്റിയാല്‍ വലിയൊരു ജനതയെ അത് അധഃപതിപ്പിക്കുമെന്നുമുള്ള തിരിച്ചറിവ് ആദ്യമുണ്ടാകണം. നിസ്സാരമായി ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ടതല്ല കല എന്ന തിരിച്ചറിവ് അത് ദൈവികവും പവിത്രവുമാണ്. ആ ചിന്തയോടു കൂടിയ ഒരു സമീപനം കല കൈയ്യാളുന്നവര്‍ക്ക് ഉണ്ടാവണം. തെറ്റായ ഒരു സന്ദേശം ഒരു കലാസൃഷ്ടിയും സമൂഹത്തിന് നല്‍കരുത്.
ഒരു റിയലിസ്റ്റിക്കായ (യഥാതഥ) ജീവിതകഥ ദൃശ്യവത്കരിക്കുമ്പോള്‍ അത് ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാകണം. ജീവിതത്തിന്റെ കലാപരമായ പുനഃസൃഷ്ടിയാകണം. യഥാര്‍ഥ ജീവിത്തിന്റെ ഏറ്റവും മികച്ച അനുഭവം നല്‍കാന്‍ അതിനു കഴിയണം. ആവിഷ്‌കൃതമാവുന്ന ജീവിതത്തിന്റെ മാതൃകകള്‍ ഭൂമിയില്‍ എവിടെയെങ്കിലുമുണ്ടാവണം. ഭാവനാസൃഷ്ടമാണെങ്കില്‍ കൂടി അതിന് കലാപരമായ സത്യത്തിലൂന്നിയുള്ള കാര്യകാരണ ബന്ധത്തോടുകൂടിയ, വിശ്വസനീയതയുടെ ഒരു തലമുണ്ടാവണം. ''അങ്ങനെയും ജീവിതമുണ്ട്'' അല്ലെങ്കില്‍ ''ഉണ്ടാകാന്‍ സാധ്യതയുണ്ട്'' എന്ന ഒരു വിശ്വാസമെങ്കിലും പ്രേക്ഷകനില്‍ ജനിപ്പിക്കാന്‍ അതിന് കഴിയണം. പക്ഷേ ജീവിതത്തിന്റെ യാതൊരു സ്വാഭാവികതയുമില്ലാത്ത കഥകളും, കഥാപാത്രങ്ങളും, സംഭാഷണങ്ങളും കൃത്രിമമായ ആവിഷ്‌കരണങ്ങളുമായുള്ള, വെറും കെട്ടുകാഴ്ചകളായാണ് പല സീരിയലുകളും സ്വീകരണമുറികളിലെത്തുന്നത് ''ഭൂമിയിലില്ലാത്ത ജീവിതങ്ങള്‍...'' ''ഭൂമിയിലല്ലാത്ത ജീവിതങ്ങള്‍...'' അങ്ങനെ തോന്നിപ്പിക്കുന്ന, അസ്വാഭാവികതയും അതിഭാവുകത്വവും അധികമായുള്ള, അതിവൈകാരികതയുടെ അസഹനീയമായ പ്രകടനങ്ങളാണ് പലതും.
ഇതൊക്കെ നിരന്തരം കാണുന്ന പ്രേക്ഷകര്‍, ഇതാണ് ഇങ്ങിനെയാണ്; യഥാര്‍ഥ ജീവിതം എന്ന് തെറ്റിധരിക്കുന്നു. ജീവിതത്തോടുള്ള മനോഭാവവും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഈ കാഴ്ചകളുടെ ശീലത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തുന്നു. പുരുഷന്മാരെല്ലാം അവിഹിതക്കാരാണെന്ന് ധരിച്ച് സംശയരോഗികളായി മാറുന്ന സ്ത്രീകളും സ്ത്രീകളെല്ലാം ഇങ്ങനെയാണെന്ന് വിശ്വസിക്കുന്ന പുരുഷന്മാരും സമൂഹത്തില്‍ വല്ലാതെ വര്‍ധിക്കുന്നതായി മനഃശാസ്ത്രജ്ഞര്‍ പറയുന്നു. ഇത്തരം പരിപാടികള്‍ നിരന്തരം കണ്ട് കണ്ട് പുതിയൊരു ആസ്വാദനശീലം പ്രേക്ഷകര്‍ക്കുണ്ടാവുന്നുണ്ട്. ഇതാണ് ഏറ്റവും ഉദാത്തമായ കലാസൃഷ്ടിയെന്ന് അവര്‍ ശീലിക്കുന്നു. കലാമൂല്യമുള്ള മികച്ച കലാസൃഷ്ടികള്‍ ആസ്വദിക്കാനുള്ള, ഉയര്‍ന്ന തലത്തിലുള്ള ആസ്വാദനശേഷി തന്നെ നഷ്ടമാകുന്നു. മുമ്പ് കൂടിയാട്ടവും കഥകളിയും പോലുള്ള ഉല്‍കൃഷ്ട കലാരൂപങ്ങള്‍ നന്നായി അറിഞ്ഞാസ്വദിച്ചിരുന്നവരാണ് മലയാളികള്‍. കാലം പോകെപ്പോകെ കൂടുതല്‍ ലളിതമായത് ''ചിന്ത'' ഒട്ടും വേണ്ടാത്തത് എന്ന ചിന്തയില്‍, ആസ്വാദനത്തില്‍ വന്ന മാറ്റമാണ്, ഓട്ടന്‍തുള്ളലും ചാക്യാര്‍കൂത്തും ബാലെയും നാടകവും കഥാപ്രസംഗങ്ങളും സിനിമാറ്റിക് ഡാന്‍സും മിമിക്രിയും ഇന്നിപ്പോ ഇക്കിളിപ്പെടുത്തുന്ന പൈങ്കിളി സീരിയലുകളുമായി മലയാളിയെ ആനന്ദത്തിലാറാടിച്ച് പുളകം കൊള്ളിച്ചുകൊണ്ടിരിക്കുന്നത്.
ഈ മേഖലയിലെ ഒരാള്‍ എന്ന നിലയില്‍ ഇതിന്റെയൊക്കെ ഉത്തരവാദിത്വം ഞാനുള്‍പ്പെടെയുള്ളവര്‍ക്കുണ്ട്. അതില്‍ നിന്നും കൈകഴുകി ഒഴിഞ്ഞു മാറുന്നില്ല. പക്ഷേ ഒരു അഭിനേതാവിന് തന്റെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്കോ, ആശയങ്ങള്‍ക്കോ, ചിന്തകള്‍ക്കോ, നിലപാടുകള്‍ക്കോ, ഒന്നും അഭിനയത്തില്‍ പ്രസക്തിയില്ല. ഒരു നടന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് ലഭിക്കുന്ന കഥാപാത്രത്തെ ആവിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യം മാത്രമാണ്.
ആകെ കഴിയുന്ന കാര്യം അത്തരം പ്രോജക്ടുകളില്‍ അഭിനയിക്കണ്ട എന്ന് തീരുമാനമെടുക്കാന്‍ മാത്രമാണ്. പലപ്പോഴും ഞാന്‍ അങ്ങനെ ചെയ്തിട്ടുമുണ്ട്. അത് വരും തലമുറകളോട് ഞാന്‍ ചെയ്യുന്ന ഒരു നന്‍മമായിട്ടാണ് കരുതുന്നത്. അതുകൊണ്ടൊന്നും ''ഈ എപ്പിസോഡ'' അവസാനിക്കില്ലെന്നറിയാം മലയാളികള്‍ മതിമറന്നാഹ്ലാദിച്ച് മാറോടുചേര്‍ക്കാന്‍ തയ്യാറുള്ളിടത്തോളംകാലം അനന്തമായി നീളുന്ന മഹാപരമ്പരകള്‍ അനുസ്യുതം തുടരും...
വല്യമ്മ പ്രാര്‍ഥിച്ചു: ഭഗവാനേ; കണ്ടോണ്ടിരിക്കുന്ന ആ സീരിയലിന്റെ അവസാന എപ്പിസോഡ് വരെ കാണാന്‍ ആയുസ്സു നല്‍കണേ...
ഭഗവാന്‍ (അശരീരിയായി): സോറി... ദീര്‍ഘായുസ്സ് നല്‍കുന്നതിനൊക്കെ ഒരു പരിധിയില്ലേ വല്യമ്മേ...?
(ചലച്ചിത്ര നടനാണ് ലേഖകന്‍ ഫോണ്‍ : 9447499449)