'ശിവോഹം' ഫ്യൂഷനെക്കുറിച്ച് വിശദീകരിക്കാന്‍ പത്രസമ്മേളനത്തിനെത്തിയ നവ്യ നായര്‍
'ശിവോഹം' എന്ന പേരില്‍ നൃത്തസംഗീത സമന്വയവുമായി സിനിമാതാരം നവ്യാനായര്‍ വീണ്ടും അരങ്ങിലേക്ക്. പരമശിവനെ കേന്ദ്രീകരിച്ചുള്ള ഈ ഫ്യൂഷന്റെ ആദ്യ അവതരണം ബുധനാഴ്ച രാത്രി 9.30ന് തൃക്കാക്കര മഹാക്ഷേത്രത്തില്‍ നടക്കും. ഉടുക്കുകൊട്ടി ലോകത്തെ ഉണര്‍ത്തുന്ന താണ്ഡവരൂപിയുടെ ആവിഷ്‌കാരമാണ് ഈ ഫ്യൂഷന് ഏറ്റവും ചേരുക എന്ന ചിന്തയില്‍ നിന്നാണ് 'ശിവോഹ'ത്തിന്റെ പിറവിയെന്ന് നവ്യ പറയുന്നു.
ഒന്നായി വിരിയുമ്പോഴും ഏഴ് നിറവും സ്വന്തം പ്രഭയോടെ തെളിഞ്ഞുനില്‍ക്കുന്ന മഴവില്ലെന്നാണ് സ്വന്തം ഫ്യൂഷന്‍ വിരുന്നിനെ പഴയ കലാതിലകം വിശേഷിപ്പിക്കുന്നത്. തകിലിനും നാദസ്വരത്തിനുമൊപ്പം ഡ്രംസും റിഥം പാഡും വയലിനും കീബോര്‍ഡും ഓടക്കുഴലുമെല്ലാം അരങ്ങത്ത് അകമ്പടിയാകും. നൃത്തത്തിലെ പതിവുകാരായ നട്ടുവാങ്കവും മൃദംഗവും ഒപ്പം ശ്രേഷ്ഠസ്ഥാനങ്ങളില്‍ത്തന്നെ. പരീക്ഷണത്തിന് വേണ്ടിയുള്ള പരീക്ഷണമല്ല ഇതെന്നും ഭരതനാട്യത്തിന്റെ പ്രൗഢിക്ക് കൂടുതല്‍ മിഴിവും ഗരിമയുമേകാനാണ് പതിവില്ലാത്ത വാദ്യങ്ങളെ ഒപ്പം ചേര്‍ത്തതെന്നും നവ്യ കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
അരങ്ങില്‍ പതിവില്ലാത്തവിധം മല്ലാരിയിലാണ് 'ശിവോഹ'ത്തിന്റെ തുടക്കം. ഖണ്ഡത്രിപുട താളത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന പുതുമകൂടിയുണ്ട്. ആദിതാളത്തിലുള്ള പദത്തോട് ചേര്‍ത്തുള്ള തനിയാവര്‍ത്തനമാണ് മറ്റൊരു പരീക്ഷണം.
കളമശ്ശേരി നഗരസഭയുടെ ഓണാഘോഷങ്ങളുടെ ഭാഗമായാണ് 'ശിവോഹ'ത്തിന്റെ ആദ്യ അവതരണം.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വരുംമാസങ്ങളില്‍ സൂര്യ ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള വേദികളിലും 'ശിവോഹം' അവതരിപ്പിക്കും. കളമശ്ശേരി നഗരസഭാ ചെയര്‍മാന്‍ ജമാല്‍ മണക്കാടനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.