പിന്നിലേക്ക് ഓടിമറയുന്നനഗരത്തിന്റെ മങ്ങിയ ചിത്രമേയുള്ളൂ എസ് ജാനകിയുടെ ഓര്‍മയില്‍. പാതിബോധത്തിലായിരുന്നല്ലോ അപ്പോള്‍. ശ്വാസം കിട്ടാതെ, സംസാരിക്കാന്‍ പോലുമാകാതെവിയര്‍പ്പില്‍ മുങ്ങിപിന്‍സീറ്റില്‍ ചാരിക്കിടക്കുമ്പോള്‍ ഓര്‍ത്തിരുന്നില്ല ഇനിയൊരു തിരിച്ചുവരവുണ്ടാവും ജീവിതത്തിലേക്ക് എന്ന്.ചെന്നൈയിലെ ട്രാഫിക് ബാഹുല്യത്തിനിടയിലൂടെഎങ്ങനെയും കാര്‍ലക്ഷ്യത്തിലെത്തിക്കാന്‍ പാടുപെടുകയായിരുന്ന ഡ്രൈവര്‍ ഇടയ്‌ക്കെപ്പോഴോതിരിഞ്ഞു നോക്കി പറഞ്ഞ വാക്കുകള്‍മാത്രമുണ്ട്ഓര്‍മയില്‍: ''അമ്മാ, ഭയപ്പെടാതെ. ഒന്നും സംഭവിക്കില്ല. ഞാനല്ലേ പറയുന്നത്..'' പൂര്‍ണഅബോധാവസ്ഥയിലേക്ക് വഴുതി വീഴും മുന്‍പ് കാതില്‍ പതിഞ്ഞ അവസാന ശബ്ദം.
മാസങ്ങള്‍ക്കു ശേഷം ഒരുച്ചയ്ക്ക്നീലാങ്കരയിലെജാനകിയുടെ വീട്ടില്‍ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തുന്നു.പ്രിയഗായികയെതൊഴുതുകൊണ്ട്ഭവ്യതയോടെ അയാള്‍പറഞ്ഞു: ''എന്നെ ഓര്‍ക്കുന്നോ? അന്ന് അമ്മയെ ആശുപത്രിയിലെത്തിച്ച കാറിന്റെ ഡ്രൈവര്‍ ആണ് ഞാന്‍.അസുഖം മാറിവീട്ടില്‍ തിരിച്ചെത്തി എന്നറിഞ്ഞപ്പോള്‍ ഒന്ന് കാണാന്‍ മോഹം. അതുകൊണ്ടു വന്നതാണ്...'' ഈശ്വരന്‍ തന്നെയാണ് ആ നിമിഷംമുന്നില്‍ വന്നു നിന്നതെന്ന് തോന്നിയെന്ന് ജാനകി. ഏതോ ഡോക്ടര്‍മരുന്ന് മാറി കുത്തിവെച്ചതിന് പിന്നാലെമരണവുമായി മുഖാമുഖം നില്‍ക്കേണ്ടി വന്നആ ദിവസം ദൈവദൂതനെപ്പോലെ തന്റെ മുന്നില്‍ അവതരിച്ചമനുഷ്യനെ ജാനകി എങ്ങനെ മറക്കാന്‍?
എല്ലാം പെനിസിലിന്‍ വരുത്തിവെച്ച വിന. 1990 കളുടെ ഒടുവില്‍ ഒരു നാള്‍കടുത്ത ശ്വാസതടസ്സവുമായിസ്വകാര്യ ആശുപത്രിയിലെത്തിയതായിരുന്നുജാനകി. പെട്ടെന്നുള്ള രോഗവിമുക്തിക്കായി ഡോക്ടര്‍പെന്‍സിലിന്‍ അടങ്ങിയ മരുന്ന് കുത്തിവെക്കുന്നു.പണ്ടേ പെന്‍സിലിന്‍അലര്‍ജിയാണ് ജാനകിക്ക്. ഇത്തിരി അകത്തുചെന്നാല്‍തളര്‍ച്ചവരെ സംഭവിക്കാമെന്നാണ് മെഡിക്കല്‍ വിദഗ്ധരുടെ മുന്നറിയിപ്പ്. കാര്യമറിയാതെഡോക്ടര്‍ നടത്തിയ ''പെന്‍സിലിന്‍ ചികിത്സ''യുടെ തിക്തഫലങ്ങള്‍ ജാനകി അനുഭവിച്ചു തുടങ്ങിയത് ആശുപത്രിയില്‍ നിന്ന് തിരികെ വീട്ടിലെത്തിയ ശേഷം. ''ശ്വാസം അല്‍പ്പാല്‍പ്പമായി നിലച്ചുപോകും പോലെ. ശരീരമാകെ വിയര്‍പ്പില്‍ മുങ്ങുന്നു. ഡോക്ടറെ വിളിച്ചു പറഞ്ഞപ്പോള്‍ ഒരു നിമിഷം പോലും പാഴാക്കാതെ ആശുപത്രിയില്‍ എത്തണമെന്നാണ് കിട്ടിയ നിര്‍ദേശം. എനിക്കാണെങ്കില്‍ ബോധം നഷ്ടപ്പെട്ടു തുടങ്ങി. ഇനിയുള്ള ഓരോ നിമിഷവും അപകടം നിറഞ്ഞതാണ്.വീട്ടിലെ കാര്‍ വര്‍ക്ക്ഷാപ്പിലായിരുന്നസ്ഥിതിക്ക്ടാക്‌സിപിടിക്കുകയേ വഴിയുള്ളൂ.''-ജാനകി.
കിലോമീറ്ററുകള്‍ അകലെയാണ്ആശുപത്രി. നിരത്തിലാണെങ്കില്‍ ശ്വാസം മുട്ടിക്കുന്ന തിരക്കും.തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ അസാമാന്യവൈദഗ്ദ്യത്തോടെ ടാക്‌സി ഓടിക്കുന്നു ഡ്രൈവര്‍.അത്രയും സാഹസികമായിഅതിനുമുന്‍പ് കാറോടിച്ചിട്ടുണ്ടാവില്ലഅയാള്‍. ''പത്തു മിനിറ്റിനുള്ളില്‍ ആ മനുഷ്യന്‍എന്നെ ആശുപത്രിയിലെത്തിച്ചു എന്ന കാര്യം മകന്‍ പറഞ്ഞാണ് പിന്നീട് ഞാനറിഞ്ഞത്. ബോധഹീനയായ എന്നെ അയാള്‍ തന്നെതാങ്ങിപ്പിടിച്ച് ഡോക്ടറുടെ മുന്നിലെത്തിക്കുകയായിരുന്നു.അല്‍പ്പം കൂടി വൈകിയിരുന്നെങ്കില്‍ ആ അബോധാവസ്ഥയില്‍ നിന്ന് ഞാന്‍ ഒരിക്കലും ഉണരുകില്ലായിരുന്നത്രേ...''കുറച്ചു ദിവസങ്ങള്‍ക്കകം ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിടുമ്പോള്‍ജീവന്‍ രക്ഷിച്ചഡ്രൈവറെ വീണ്ടും കാണാന്‍ തോന്നി ജാനകിക്ക്; നന്ദി പറയാന്‍ വേണ്ടി. പക്ഷേ ആര്‍ക്കും അറിയില്ലായിരുന്നു അയാളെ കുറിച്ച്. മാസങ്ങള്‍ കഴിഞ്ഞാണ് തെല്ലുംനിനച്ചിരിക്കാതെ ഒരു നാള്‍അയാളുടെ വരവ്.
മലയാളിയായ ആ ഡ്രൈവര്‍ അന്ന് പറഞ്ഞ വാക്കുകള്‍ ഇന്നുമുണ്ട് ജാനകിയുടെ ഓര്‍മയില്‍: ''എന്റെ അമ്മയെ പോലെ തന്നെയാണ് എനിക്ക് ജാനകിയമ്മയും.കുട്ടിക്കാലം മുതല്‍ ഞാന്‍ കേള്‍ക്കുന്ന ശബ്ദം. ജീവിതത്തില്‍ തളര്‍ന്നു പോയഘട്ടങ്ങളിലെല്ലാം എനിക്ക് തണലായത്അമ്മയുടെ പാട്ടുകളാണ്. അവ എനിക്ക് തരുന്ന ഊര്‍ജം പറഞ്ഞറിയിക്കാനാവില്ല.അകലെയകല നീലാകാശം, തളിരിട്ട കിനാക്കള്‍.. ഒക്കെ എന്റെ ഹൃദയത്തിന്റെ ഭാഗമായ പാട്ടുകള്‍. അമ്മയെ പിന്നിലെ സീറ്റില്‍കിടത്തി കാറോടിക്കുമ്പോള്‍ ആ പാട്ടുകള്‍ ഒന്നൊന്നായി എന്റെ മനസ്സില്‍ മുഴങ്ങുന്നുണ്ടായിരുന്നു. ജീവന്‍ പണയപ്പെടുത്തിയും അമ്മയെ ആശുപത്രിയില്‍ എത്തിക്കും എന്ന് ഉള്ളില്‍ ഉറച്ചു കൊണ്ടാണ് ഞാന്‍ സ്റ്റിയറിംഗ് പിടിച്ചത്.എല്ലാ തടസ്സങ്ങളും മറികടന്ന് കാര്‍ ആശുപത്രിക്ക് മുന്നില്‍ കൊണ്ടുചെന്നുനിര്‍ത്തിയപ്പോള്‍ അറിയാതെ കരഞ്ഞുപോയിഞാന്‍. എല്ലാ ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞു...''
പതിനായിരക്കണക്കിന് പാട്ടുകള്‍ പാടി; ദേശീയ അവാര്‍ഡുംസംസ്ഥാന അവാര്‍ഡുകളും അടക്കം എണ്ണമറ്റബഹുമതികള്‍ നേടി; ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ആരാധകരുടെ സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങി. ഈ നേട്ടങ്ങള്‍ക്കെല്ലാം അപ്പുറത്ത് നമ്മുടെ ജീവിതം സാര്‍ത്ഥകമായി എന്ന് തോന്നുന്ന ചില മുഹൂര്‍ത്തങ്ങളുണ്ട്. അന്ന് ആ പാവം ഡ്രൈവറുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ താന്‍ അനുഭവിച്ചത് അത്തരമൊരു അനുഭൂതിയാണെന്നു പറയും ജാനകിയമ്മ. ''പിന്നീട് ആ മനുഷ്യനെ കണ്ടിട്ടില്ല. പക്ഷേ എന്നും ഞാന്‍ അയാളെ ഓര്‍ക്കും. എന്റെ ജീവന്‍ രക്ഷിക്കുക എന്നത് ഒരു കടമയായി കണ്ട മനുഷ്യന്‍. അതിനു വേണ്ടി സ്വന്തം ജീവന്‍പണയപ്പെടുത്താന്‍ തയ്യാറായഒരാള്‍. അത്തരക്കാര്‍ക്കു മുന്‍പില്‍ നമ്മള്‍ ആരുമല്ല എന്ന് തോന്നിയിട്ടുണ്ട്.സ്‌നേഹമാണ് ഏറ്റവും ഉദാത്തമായസംഗീതം എന്ന് പറയാതെ പറയുകയായിരുന്നു അയാള്‍. അതൊരു മലയാളി ആയിരുന്നു എന്നത് വ്യക്തിപരമായി എനിക്ക് ഏറെ സന്തോഷമുള്ള കാര്യം.''
ആ സംഭവത്തിന് ഏതാണ്ട് ഒരു വര്‍ഷം മുന്‍പാണ് ഒരു അമേരിക്കന്‍ പര്യടനത്തിനിടെ കഠിനമായ നെഞ്ചുവേദനയുമായിജാനകി ആശുപത്രിയിലായത്.അന്നും വല്ലാതെ ഭയപ്പെട്ടു. മകനൊഴിച്ചു അടുത്ത ബന്ധുക്കള്‍ ആരും ഒപ്പമില്ല. പരിചിതമല്ലാത്ത നാട്; ഭാഷ.മരുന്നിന്റെ ക്ഷീണം കൊണ്ട് തെല്ലൊന്ന് മയങ്ങിപ്പോയി ജാനകി. ഉണര്‍ന്നപ്പോള്‍ ചുറ്റുംമലയാളഭാഷയുടെ മഴപ്പെയ്ത്ത്. എല്ലാം നഴ്‌സുമാരാണ്. കോട്ടയംകാര്‍, തിരുവല്ലക്കാര്‍, കാഞ്ഞിരപ്പള്ളിക്കാര്‍, തൃശൂര്‍ക്കാര്‍....അങ്ങനെ പലരും.മയങ്ങിക്കിടന്ന പ്രിയഗായികയെ ഇഷ്ടത്തോടെ നോക്കിക്കൊണ്ടു ചുറ്റും നില്‍ക്കുന്നു അവര്‍. ''ഞാനുണര്‍ന്നപ്പോള്‍ അവരിലാരോ പതുക്കെ മൂളി: സൂര്യകാന്തി സൂര്യകാന്തി സ്വപ്നം കാണുവതാരെ.. ഒരു നിമിഷം കേരളത്തിലെ ഏതോ ഗ്രാമത്തില്‍ വന്നുപെട്ട പോലെ. ആശുപത്രിയില്‍ ചെലവഴിച്ച മൂന്നു ദിവസവും അവര്‍ എന്നെ സ്വന്തം സഹോദരിയെ പോലെ, അമ്മയെ പോലെ ശുശ്രൂഷിച്ചു. ഞാന്‍ ഉറങ്ങുമ്പോള്‍ പോലും എനിക്ക് കൂട്ടിരുന്നു. വെറുതെ എന്നെ നോക്കിയിരുന്ന്ഉറക്കം കളയുന്നതെന്തിന് എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: ഉറങ്ങുമ്പോള്‍ പോലും അമ്മയുടെ ചുണ്ടില്‍ ഒരു പാട്ടുണ്ട്; അറിയുമോ?'' എന്തു പറയണം എന്നറിയാതെ നിറഞ്ഞ കണ്ണുകളോടെഅവരെ നോക്കിക്കിടന്നു ജാനകി.
ഇനിയൊരു ജന്മമുണ്ടെങ്കില്‍ മലയാളിയായി ജനിക്കാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട് ജാനകിയമ്മയോട്.''എന്തിന്? ഈ ജന്മം തന്നെ ഞാന്‍ മലയാളിയല്ലേ? എന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു നിങ്ങളുടെ ഭാഷ; നിങ്ങളുടെ സ്‌നേഹവും. അറിയുമോ ഒരു കാര്യം? ഞാന്‍ സ്വപ്നം കാണുന്നതു പോലും മലയാളത്തിലാണ്...'' നിഷ്‌കളങ്കയായ കുഞ്ഞിനെ പോലെ പൊട്ടിച്ചിരിക്കുന്നു തെന്നിന്ത്യയുടെ വാനമ്പാടി. ആ ചിരിയില്‍ പോലുമില്ലേമലയാളത്തിന്റെ ചിലമ്പൊലി..
(മാതൃഭൂമി ആരോഗ്യ മാസികയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: SJanaki PlaybackSinger Movie Music FilmSong MalayalamMovieRaviMenon OldisGold