വാതിലും ജനലുകളും അടച്ചു കുറ്റിയിട്ടു ആദ്യം; പിന്നെ കിടപ്പുമുറിയുടെ ഏകാന്ത മൂകതയിലേക്ക് ലതാ മങ്കേഷ്‌കറെ ആവാഹിച്ചു വരുത്തി. കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകളുടെ അനുസ്യൂതമായ ഒഴുക്ക്. ഇടയ്‌ക്കെവിടെയോ വെച്ച് ആ നാദപ്രവാഹത്തില്‍ മറ്റൊരു ഈണമായി ലയിച്ചു ചേരുന്നു സിഷ്ടല ശ്രീരാമമൂര്‍ത്തി ജാനകി. വടക്കിന്റെയും തെക്കിന്റെയും വാനമ്പാടികള്‍ ഹൃദയം കൊണ്ട് ഒന്നായ മുഹൂര്‍ത്തം.
''ലതാജിയ്‌ക്കൊപ്പം'' താന്‍ പാടി റെക്കോര്‍ഡ് ചെയ്ത പാട്ടുകളുടെ ശേഖരം, പതിനഞ്ചു വര്‍ഷം മുന്‍പ് ചെന്നൈ നീലാങ്കരയിലെ വീട്ടില്‍ വെച്ച് സ്‌നേഹപൂര്‍വം സമ്മാനിക്കെ, എസ് ജാനകിയുടെ മുഖത്തു വിരിഞ്ഞ തെല്ലു സങ്കോചം കലര്‍ന്ന പുഞ്ചിരി ഓര്‍മയുണ്ട്. ''പഴയ കുറെ ഹിന്ദി പാട്ടുകളാണ്; ഞാന്‍ പാടിയത്. അത്ര നന്നായിട്ടൊന്നുമില്ല. അധികമാരേയും കേള്‍പ്പിക്കാതിരുന്നാല്‍ നന്ന്...'' ജാനകിയമ്മ പറഞ്ഞു. അത്ഭുതമായിരുന്നു എനിക്ക്. ലതാജിയും ജാനകിയമ്മയും ചേര്‍ന്ന് ഏതെങ്കിലും ഭാഷയില്‍ യുഗ്മഗാനം പാടി റെക്കോര്‍ഡ് ചെയ്തതായി അറിവില്ല. പിന്നെങ്ങനെ സംഭവിച്ചു ഈ അപൂര്‍വ സംഗമം?
''ഞങ്ങള്‍ ഒരുമിച്ചു പാടിയതല്ല,'' എന്റെ മനസ്സ് വായിച്ചിട്ടെന്നവണ്ണം ജാനകി ചിരിച്ചു. ''ലതാജി പാടിയത് മുംബൈയിലെ ഏതോ സ്റ്റുഡിയോയില്‍ വെച്ച്; ഞാന്‍ എന്റെ വീട്ടിലെ കിടപ്പ് മുറിയിലും...'' കാസറ്റിനു പിന്നിലെ കൌതുകമുള്ള കഥ ജാനകിയുടെ വാക്കുകളില്‍ തന്നെ കേള്‍ക്കുക: ''1965 ലോ 66ലോ ആണെന്നാണ് ഓര്‍മ. ഞാന്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു വരുന്നതേയുള്ളൂ. ലതാജിയോട് കടുത്ത ആരാധനയാണന്ന്. അവരുടെ എല്ലാ പാട്ടുകളും എനിക്ക് മനപാഠം. എകാന്തതയില്‍ ആ പാട്ടുകളില്‍ മുഴുകി സ്വപ്നം കണ്ടിരിക്കുകയായിരുന്നു പ്രധാന ഹോബി. അക്കാലത്ത് ഉള്ളില്‍ തോന്നിയ മോഹമാണ് ലതയുടെ പാട്ടുകള്‍ സ്വയം പാടി റെക്കോര്‍ഡ് ചെയ്യണമെന്ന്; അതും പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ. ഇന്നത്തെ പോലെ കരോക്കെ സംവിധാനമൊന്നും ഇല്ല അന്ന്. പിന്നെന്തു ചെയ്യും?''
പെട്ടെന്നാണ് ഒരു പോംവഴി മനസ്സില്‍ തടഞ്ഞത് ''വീട്ടില്‍ എച്ച്.എം.വിയുടെ ഗ്രാമഫോണ്‍ ഉണ്ടായിരുന്നു; ഒരു കൊച്ചു ടേപ്പ് റെക്കോര്‍ഡറും. ആദ്യം ഗ്രാമഫോണില്‍ ലതാജിയുടെ ഹിറ്റ് ഗാനങ്ങളുടെ എല്‍ പി റെക്കോര്‍ഡ് വെച്ചു. പിന്നെ ടേപ്പ് ഓണ്‍ ചെയ്തു. പാട്ടില്‍ ലതാജി പാടുന്ന ഭാഗം എത്തുമ്പോള്‍ ഗ്രാമഫോണിന്റെ ശബ്ദം കുറയ്ക്കും. പകരം അതേ വരികള്‍ ഞാന്‍ ഏറ്റു പാടും. ഉപകരണ സംഗീതത്തിന്റെ ഭാഗം എത്തുമ്പോള്‍ വോള്യം കൂട്ടും. പിന്നെയും ലതാജിയുടെ ശബ്ദം വരുമ്പോള്‍ പകരം എന്റെ പാട്ട്... പശ്ചാത്തല സംഗീതം ഒറിജിനല്‍ തന്നെ; ശബ്ദം മാത്രം എന്റേത്. ഒന്നും രണ്ടുമല്ല 26 പാട്ടുകളാണ് അങ്ങനെ ഞാന്‍ റെക്കോര്‍ഡ് ചെയ്തത്. അത്ര പെര്‍ഫെക്റ്റ് ഒന്നുമല്ല. ശ്രദ്ധിച്ചാല്‍ ചിലപ്പോള്‍ ലതാജിയുടെ ശബ്ദവും കേള്‍ക്കാം. നല്ല ജാള്യത ഉണ്ടായിരുന്നത് കൊണ്ട് അധികമാരെയും കേള്‍പ്പിച്ചില്ല. പത്തു മുപ്പത്തഞ്ചു കൊല്ലത്തിനു ശേഷം അടുത്തൊരു ദിവസം വെറുതെ പഴയ കാസറ്റ് എടുത്തു കേട്ട് നോക്കിയപ്പോള്‍ രസം തോന്നി അത്ര മോശമൊന്നുമായില്ലല്ലോ എന്നൊരു തോന്നല്‍. എന്തായാലും കേട്ട് അഭിപ്രായം പറയണം...''
ഒന്നല്ല, ഒരു നൂറു തവണയെങ്കിലും കേട്ടിട്ടുണ്ടാകും ആ പാട്ടുകള്‍... എന്റെ സംഗീത ശേഖരത്തിലെ അമൂല്യ നിധികളില്‍ ഒന്ന്. 1950 കളിലും 60 കളുടെ തുടക്കത്തിലുമായി ലതാജി ശബ്ദം നല്‍കി അനശ്വരമാക്കിയ ഗാനങ്ങള്‍ ജാനകി അതേ സ്വരമാധുരിയോടെ, ഭാവാര്‍ദ്രതയോടെ പുനരാവിഷ്‌കരിക്കുന്നു: ജ്യോതി കലശ്, മേരെ മെഹബൂബ് തുജേ, വോ ഭൂലീ ദാസ്താന്‍, കഭി തോ മിലോഗേ ജീവന്‍ സാഥി, എഹസാന്‍ തേരാ ഹോഗാ മുജ് പര്‍, തേരാ മേരാ പ്യാര്‍ അമര്‍, രംഗീലാ രേ, ഓ മേരെ പ്യാര്‍ ആജാ, സാവരെ സാവരെ, ഗുംനാം ഹേ, വോ ദില്‍ കഹാം സെ ലാവൂം, ജൂം ജൂം ഡല്‍തീ രാത്, അജീ രൂട്ട് കര്‍ അബ് കഹാം ജായേഗാ, ചന്ദന്‍ സപദന്‍, അല്ലാ തേരോ നാം, സയനോരാ, നാ മാനു നാ മാനു നാ മാനു രേ.... എല്ലാം ക്ലാസിക്കുകള്‍. അനുരാധ (1960) എന്ന ചിത്രത്തിന് വേണ്ടി പണ്ഡിറ്റ് രവിശങ്കറിന്റെ ഈണത്തില്‍ ലതാജി പാടിയ സാവരെ സാവരെ കാഹേ മോ സേ എന്ന മനോഹര ഗാനം ജാനകി പുനരാവിഷ്‌കരിച്ചത് കേട്ടപ്പോള്‍, സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്ത ഒരാളാണ് അത് പാടിയതെന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി. 1960 കളിലെ ജാനകിയാണെന്ന് ഓര്‍ക്കണം. ശബ്ദത്തിന്റെ അകൃത്രിമ സൗന്ദര്യം അതിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന കാലം. പാടുന്നത് ലതാജിയുടെ ഗാനങ്ങളെങ്കിലും അവയില്‍ ഓരോന്നിലും സ്വന്തം ആലാപന മുദ്ര ചാര്‍ത്താന്‍ മറന്നിട്ടില്ല ജാനകി. അന്നത്തെ ജാനകിയില്‍ നിന്ന് അന്നത്തെ ലതാ മങ്കേഷ്‌കറിലേക്ക് ഏറെ ദൂരമൊന്നും ഇല്ലല്ലോ എന്നാണു പെട്ടെന്ന് തോന്നിയത് . ഉച്ചാരണം പോലും കിറുകൃത്യം. അക്കാര്യം ഗായികയോട് നേരിട്ട് പറയുകയും ചെയ്തു.
അര്‍ത്ഥഗര്‍ഭമായ ഒരു പുഞ്ചിരിയായിരുന്നു മറുപടി. ''ശരിയായിരിക്കാം. പക്ഷെ ലതാജി വടക്കും നമ്മള്‍ ഇങ്ങു തെക്കുമായിപ്പോയില്ലേ?'' നിരാശയുടെ നേര്‍ത്ത ലാഞ്ഛനയുണ്ടായിരുന്നോ ജാനകിയുടെ ശബ്ദത്തില്‍? ഓര്‍മ വന്നത് അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ വാക്കുകളാണ്: ''ജാനകിയെ തെക്കേ ഇന്ത്യയുടെ ലതാ മങ്കേഷ്‌കര്‍ എന്ന് പലരും വിശേഷിപ്പിച്ചു കേട്ടിട്ടുണ്ട്. അത് ഒരുതരം താഴ്ത്തിക്കെട്ടലാണ്. ലതാജിയെ വടക്കിന്റെ ജാനകി എന്ന് ആരും വിശേഷിപ്പിക്കാറില്ലല്ലോ. ഹിന്ദിയില്‍ അധികം പാടിയില്ല എന്നത് കൊണ്ട് ജാനകി ദേശീയ ഗായിക ആകാതിരിക്കുന്നില്ല. ഇത്തരം താരതമ്യങ്ങള്‍ അനാവശ്യമാണ് എന്നാണു എന്റെ അഭിപ്രായം. ജാനകിയെ ജാനകിയായും ലതയെ ലതയായും കണ്ടാല്‍ മതി നമുക്ക്. ആരും ആര്‍ക്കും പകരമാവില്ല...'' ലതാ മങ്കേഷ്‌ക്കറെ 1969 ല്‍ പദ്മഭൂഷന്‍ നല്‍കി ആദരിച്ച സര്‍ക്കാരിന് നാല് പതിറ്റാണ്ടിലേറെ വേണ്ടിവന്നു ജാനകിയ്ക്ക് അതെ ബഹുമതി ചാര്‍ത്തിക്കൊടുക്കാന്‍ എന്നോര്‍ക്കുമ്പോള്‍, അന്ന് കേട്ട വാക്കുകള്‍ വീണ്ടും മനസ്സില്‍ തികട്ടി വരുന്നു. 1999ല്‍ പദ്മവിഭൂഷനും 2001ല്‍ ഭാരതരത്‌നവും നേടി പുരസ്‌കാര ലബ്ധിയുടെ പരമോന്നതിയില്‍ നില്‍ക്കുന്ന ലതാജി എവിടെ, പദ്മ പുരസ്‌കാര നിരയുടെ സ്റ്റാര്‍ട്ടിങ് പോയന്റില്‍ അപമാനഭാരവുമായി അന്തിച്ചു നില്‍ക്കുന്ന എസ് ജാനകിയെവിടെ?
സര്‍ക്കാര്‍ കനിഞ്ഞു നല്‍കിയ പദ്മഭൂഷന്‍ കുറച്ചു കാലം മുന്‍പ് ജാനകി നിരസിച്ചത് വിവാദമായിരുന്നു. തെല്ലു കടുപ്പമായിപ്പോയില്ലേ ആ തീരുമാനം എന്ന് ചോദിച്ചപ്പോള്‍ മറുപടിയായി രണ്ടു കഥകള്‍ പറഞ്ഞു ജാനകിയമ്മ. ആദ്യത്തേതില്‍ നായിക പി ലീല. ആയുഷ്‌കാലം മുഴുവന്‍ ഒരു ദേശീയ ബഹുമതി സ്വപ്നം കണ്ടു ഒടുവില്‍ അതിനു പരിഗണിക്കപ്പെടുക പോലും ചെയ്യാതെ മരണത്തിനു കീഴടങ്ങിയ ഗായിക. മരിച്ചു ഏഴാം പക്കം പരേതാത്മാവിന് പദ്മഭൂഷന്‍ വെച്ച് നീട്ടുകയാണ് അധികൃതര്‍ ചെയ്തത്. ക്രൂരമായ ഒരു ഫലിതം. ''ആര്‍ക്കു വേണം അത്തരമൊരു ബഹുമതി? ഒരര്‍ഥത്തില്‍ അത് പ്രഖ്യാപിക്കാതിരിക്കുകയായിരുന്നു ലീലയോട് അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ നീതി..'' ജാനകി പറയുന്നു.
രണ്ടാമത്തെ കഥയില്‍ നായിക ഷംഷാദ് ബീഗം. സ്വാതന്ത്ര്യപൂര്‍വ കാലം മുതലേ ഇന്ത്യന്‍ സിനിമയുടെ പിന്നണി സംഗീത ചരിത്രത്തിന്റെ ഭാഗമായിരുന്ന ഗായിക. ലതയും ആശയും ഒക്കെ കത്തിനില്‍ക്കുമ്പോള്‍ സ്വന്തമായ ഒരു ആലാപന ശൈലിയുമായി ഹിന്ദി സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആ പാട്ടുകാരിക്ക് സര്‍ക്കാര്‍ പദ്മഭൂഷന്‍ ചാര്‍ത്തിക്കൊടുത്തത് 2009 ലാണ്. പിന്നണി ഗാനരംഗത്തോട് വിടവാങ്ങി നാലര പതിറ്റാണ്ടിനു ശേഷം. 90 വയസ്സ് പിന്നിട്ട ബീഗം അപ്പോഴേക്കും മറവിയുടെ ലോകത്തേക്കുള്ള സഞ്ചാരം തുടങ്ങിക്കഴിഞ്ഞിരുന്നു. വീല്‍ ചെയറില്‍ ഇരുന്നു രാഷ്ടപതിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ എത്തിയ ബീഗത്തിന്റെ മുഖത്തെ നിസ്സംഗഭാവം ഇന്നും നൊമ്പരമായി ഉള്ളില്‍ കൊണ്ട് നടക്കുന്നു ജാനകി. ''ഞാനിപ്പോള്‍ കാണുന്ന പേക്കിനാവുകളില്‍ രാഷ്ട്രപതി ഭവനിലേക്ക് ആരൊക്കെയോ ചേര്‍ന്ന് ഉന്തിക്കൊണ്ടു പോകുന്ന ഒരു സ്‌ട്രെച്ചര്‍ ഉണ്ട്. പ്രായാധിക്യം ബാധിച്ചു അനങ്ങാന്‍ വയ്യാതെ കിടക്കുന്ന ആരോ ഉണ്ടതില്‍.... ചിലപ്പോള്‍ ഞാനാകാം; അല്ലെങ്കില്‍ ജീവിതം മുഴുവന്‍ സംഗീതത്തിനു സമര്‍പ്പിച്ച മറ്റൊരാള്‍.....'' വിവിധ ഭാഷകളിലായി സിനിമാ ഗാനങ്ങളും ഭക്തി ഗാനങ്ങളും ആല്‍ബം ഗാനങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിന് പാട്ടുകള്‍ പാടുകയും നാല് ദേശീയ അവാര്‍ഡുകളും 31 സംസ്ഥാന അവാര്‍ഡുകളും അടക്കം ബഹുമതികളുടെ എണ്ണമറ്റ നിര സ്വന്തമാക്കുകയും ചെയ്ത ഗായിക ഒരു നിമിഷം നിശബ്ദയാകുന്നു.
ജാനകി സംസാരിച്ചുകൊണ്ടിരിക്കേ ആ മുഖത്തു മിന്നി മറയുന്ന ഭാവങ്ങള്‍ ശ്രദ്ധിക്കുകയായിരുന്നു ഞാന്‍... ആഹ്ളാദവും വേദനയും ആത്മരോഷവും എല്ലാം മാറി മാറി വന്നു നിറയുന്നു അവിടെ. ഒപ്പം ഇടയ്‌ക്കൊക്കെ കണ്ണുകളില്‍ നേര്‍ത്ത നനവ് പടരുന്നു. ആദ്യമായി കണ്ട നാള്‍, ജാനകിയുടെ നെറ്റിയില്‍ തെളിഞ്ഞു കിടന്ന വലിയ കുങ്കുമപ്പൊട്ടു ഇപ്പോഴില്ല. സുഹൃത്തും മാര്‍ഗദര്‍ശിയും ഏറ്റവും വലിയ പ്രചോദന കേന്ദ്രവുമായിരുന്ന പ്രിയ ഭര്‍ത്താവിനൊപ്പം ആ പൊട്ടും ജാനകിയുടെ ജീവിതത്തില്‍ നിന്ന് മാഞ്ഞു പോയിട്ട് വര്ഷങ്ങളായി.
കോഴിക്കോട് സാമൂതിരി ഹൈസ്‌കൂള്‍ അങ്കണത്തിലെ വേദിയില്‍ നിശ്ചലയായി, ഭാവഭേദമന്യേ നിന്നു പാടുന്ന ജാനകിയുടെ രൂപമാണ് ഓര്‍മയില്‍.. . ആദ്യമായി കാണുകയായിരുന്നു കുട്ടിക്കാലത്തെ പ്രിയ ശബ്ദത്തിന്റെ ഉടമയെ. കയ്യില്‍ നിവര്‍ത്തിപ്പിടിച്ച ഒരു കുഞ്ഞു പുസ്തകത്തില്‍ മുഴുകി മറ്റേതോ ലോകത്ത് സ്വയം നഷ്ടപ്പെട്ടു അങ്ങനെ നില്‍ക്കുകയാണെന്നേ തോന്നൂ ജാനകി. ചുണ്ടുകള്‍ അനങ്ങുന്നുണ്ടോ എന്ന് പോലും സംശയം . പക്ഷെ സ്പീക്കറുകളിലൂടെ ഒഴുകി ഇറങ്ങി വന്ന ശബ്ദത്തിന്റെ മാസ്മരികത ഒന്നു വേറെയായിരുന്നു. ആ നാദ നിര്‍ത്ധരിയില്‍ മുങ്ങിക്കുളിച്ച് കോരിത്തരിച്ചിരുന്നു, നിറഞ്ഞ സദസ്. സൂര്യകാന്തിയുടെ തുടക്കത്തിലെ മോഹിപ്പിക്കുന്ന ഹമ്മിങ്, കണ്മണിയെ എന്ന പാട്ടിലെ അടക്കിപ്പിടിച്ച ഗദ്ഗദം, അവിടുന്നെന്‍ ഗാനം കേള്‍ക്കാനിലെ ലജ്ജാവിവശത , തങ്കം വേഗം ഉറങ്ങിയാല്‍ എന്ന പാട്ടിലെ വാത്സല്യം, കേശാദിപാദത്തിലെ നിര്‍മലമായ ഭക്തി......
മലയാളത്തിലാണ് ജാനകിയുടെ ഏറ്റവും വൈവിധ്യമാര്‍ന്ന ഗാനങ്ങള്‍ പിറന്നതെന്നു തോന്നിയിട്ടുണ്ട്. ആ ശബ്ദത്തിന്റെ അപാര സാധ്യതകള്‍ പ്രയോജനപ്പെടുത്താത്ത ഒരൊറ്റ സംഗീത സംവിധായകനും ഉണ്ടാവില്ല നമ്മുടെ ഭാഷയില്‍. ജാനകിയുടെ ശബ്ദവും ആലാപന ശൈലിയും തന്റെ സംഗീത സങ്കല്‍പ്പങ്ങള്‍ക്ക് ഇണങ്ങുന്നതല്ലെന്നു പ്രഖ്യാപിച്ചിട്ടുള്ള സാക്ഷാല്‍ ദേവരാജന്‍ മാസ്റ്റര്‍ പോലും അതീവ ഹൃദ്യമായ പാട്ടുകള്‍ സൃഷ്ടിച്ചു നല്‍കി അവര്‍ക്ക് പൂമണി മാരന്റെ കോവിലില്‍, അമ്പാടി പൈതലേ (മിണ്ടാപ്പെണ്ണ് ), ദേവകുമാരാ (തിലോത്തമ ), പൂത്തു പൂത്തു പൂത്തു നില്‍ക്കും പൊന്നശോകം (കരുണ ), മണിച്ചിലമ്പൊലി കേട്ടുണരൂ (ശകുന്തള ), കാണാന്‍ നല്ല കിനാവുകള്‍ കൊണ്ടൊരു (ഭാര്യ) തുടങ്ങിയ സോളോകള്‍; അരുവീ തേനരുവീ (അന്ന ), പ്രഭാത ഗോപുര വാതില്‍ തുറന്നു (തുലാഭാരം ) തുടങ്ങിയ യുഗ്മഗാനങ്ങള്‍ ..... ദേവരാജന് വേണ്ടി അധികം പാട്ടുകള്‍ പാടാനായില്ല എന്നതാണ് സംഗീത ജീവിതത്തില്‍ തന്റെ ഏറ്റവും വലിയ ദുഖങ്ങളില്‍ ഒന്ന് എന്ന് ജാനകി പറഞ്ഞു കേട്ടതോര്‍ക്കുന്നു . ''പൂജ എന്ന സിനിമയിലെ മാനസസാരസ മലര്‍മഞ്ജരിയില്‍ എത്ര സുന്ദരമായ പാട്ടായിരുന്നു! മലയാളത്തില്‍ ഞാന്‍ പാടിയവയില്‍ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളില്‍ ഒന്നാണത്. മാസ്റ്റര്‍ക്കും അത് ഇഷ്ടമായിട്ടുണ്ടാവണം , എന്നിട്ടും എന്റെ മലയാള ഉച്ചാരണത്തില്‍ മാസ്റ്റര്‍ തൃപതനായിരുന്നില്ല എന്ന് പറഞ്ഞുകേട്ടപ്പോള്‍ വേദന തോന്നി . ഉച്ചാരണം ഇത്രയും മോശമായിരുന്നെങ്കില്‍ പിന്നെ എന്ത് കൊണ്ടാവണം മലയാളികള്‍ എന്നെ ഇത്ര കാലം സഹിച്ചത്?''
നേരിട്ട് തന്നെ ഒരിക്കല്‍ മാസ്റ്ററോട് ചോദിച്ചു നോക്കിയിട്ടുണ്ട് അക്കാര്യം . മറുപടി ഇതായിരുന്നു : ''ആലാപനത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ക്കു നിരക്കുന്നതായിരുന്നില്ല അവരുടെ ശബ്ദം . ആ സങ്കല്പത്തോട് കൂടുതല്‍ ഇണങ്ങി നിന്നത് സുശീലയുടെയും മാധുരിയുടെയും ശബ്ദങ്ങളാണ് എങ്കിലും ജാനകി ബാബുരാജിന് വേണ്ടി പാടിയ പാട്ടുകള്‍ പലതും എനിക്ക് വളരെ ഇഷ്ടമാണ് പ്രത്യേകിച്ച് അഞ്ജനക്കണ്ണെഴുതി, വാസന്തപഞ്ചമി നാളില്‍ എന്നിവ....എനിക്കു വേണ്ടി ജാനകി പാടിയ പാട്ടുകളില്‍ ഏറ്റവും സംതൃപ്തി നല്കിയത് മിണ്ടാപ്പെണ്ണിലെ പൂമണിമാരന്റെ കോവിലില്‍ ആണ്.'' ഒരു കാര്യം കൂടി പറഞ്ഞു മാസ്റ്റര്‍: ''സിനിമാലോകത്ത് ഹൃദയവിശുദ്ധിയും വിനയവും ഒരു പോലെ കാത്തു സൂക്ഷിക്കുന്ന അപൂര്‍വം വ്യക്തികളെയേ കണ്ടിട്ടുള്ളൂ. അവരില്‍ ഒരാള്‍ ജാനകിയാണ്. പി ബി ശ്രീനിവാസ്, എസ് പി ബാലസുബ്രഹ്മണ്യം എന്നിവരെയും പെടുത്താം ആ ഗണത്തില്‍. മറ്റുള്ളവരില്‍ ഏറെയും കള്ളനാണയങ്ങളാണ്. ആത്മാര്‍ഥത തൊട്ടു തെറിച്ചിട്ടില്ലാത്തവര്‍ .''
ബാബുരാജ് ആയിരുന്നു മലയാളത്തില്‍ എക്കാലവും ജാനകിയുടെ 'ഗോഡ്ഫാദര്‍.' മദന്‍മോഹന് ലത എന്ന പോലെ , നൗഷാദിനു റഫി എന്ന പോലെ, സ്വന്തം സംഗീത പ്രപഞ്ചത്തിലെ അനിവാര്യമായ സാന്നിധ്യമായിരുന്നു ബാബുരാജിന് ജാനകി. ഓരോ ഹിന്ദുസ്ഥാനി രാഗത്തില്‍ നിന്നും പ്രിയഗായികയ്ക്ക് പാടാന്‍ അപൂര്‍വ സുന്ദര ഈണങ്ങള്‍ സൃഷ്ടിച്ചു ബാബുരാജ്. പഹാഡി (അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍, വാസന്ത പഞ്ചമി), രാഗേശ്രി (തേടുന്നതാരെ ഈ ശൂന്യതയില്‍, താനേ തിരിഞ്ഞും മറിഞ്ഞും), ബീംപ്ലാസ് (താമരക്കുമ്പിളല്ലോ), യമന്‍ കല്യാണ്‍ (തളിരിട്ട കിനാക്കള്‍, ആരാധികയുടെ പൂജാകുസുമം), മിശ്ര കലാവതി (അഞ്ജന കണ്ണെഴുതി), ബിഹാഗ് (എന്‍പ്രാണനായകനെ), കേദാര്‍ (കവിളത്തെ കണ്ണീര്‍ കണ്ട് ), ജോന്‍പുരി (ഇരു കണ്ണീര്‍ തുള്ളികള്‍)... അങ്ങനെയങ്ങനെ. ജാനകിയുടെ ശബ്ദത്തിലെ ഫോക് അംശമാണ് രാഘവന്‍ മാസ്റ്റര്‍ സ്വന്തം ഗാനങ്ങളില്‍ പ്രയോജനപ്പെടുത്തിയത് . മഞ്ഞണി പൂനിലാവ് (നഗരമേ നന്ദി), കൊന്നപ്പൂവേ, ഉണരുണരൂ (അമ്മയെ കാണാന്‍) ), വീണക്കമ്പി തകര്‍ന്നാലെന്നുടെ (ഉമ്മാച്ചു), ഉത്രട്ടാതിയില്‍ ഉച്ച തിരിഞ്ഞപ്പോള്‍ (കാക്കത്തമ്പുരാട്ടി) എന്നീ പാട്ടുകള്‍ എങ്ങനെ മറക്കാന്‍? മാസ്റ്ററുടെ ഈണത്തില്‍ ഭദ്രദീപം കരിന്തിരി കത്തീ (കൊടുങ്ങല്ലൂരമ്മ )എന്ന പാട്ടിനു ജാനകി പകര്‍ന്നു നല്‍കുന്ന വിഷാദ ഭാവത്തിനു പകരം വെക്കാന്‍ ഏറെ പാട്ടുകളുണ്ടോ മലയാളത്തില്‍?. ദക്ഷിണാമൂര്‍ത്തി (ഇന്നലെ നീയൊരു, കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നാല്‍, വടക്കിനിത്തളത്തിലെ , നീരദലതാഗൃഹം, ഗോവര്‍ധനഗിരി കയ്യിലുയര്‍ത്തി , ഇനിയുറങ്ങൂ, അനുരാഗ നര്‍ത്തനത്തിന്‍), അര്‍ജുനന്‍ (മാനത്തിന്‍ മുറ്റത്ത് , കായല്‍ക്കരയില്‍ തനിച്ചു വന്നത് , മാനത്തു നിന്നൊരു നക്ഷത്രം ), എംഎസ് വിശ്വനാഥന്‍ (ആ നിമിഷത്തിന്റെ, വീണ പൂവേ, നിശീഥിനി), എ ടി ഉമ്മര്‍ (നീല ജലാശയത്തില്‍, സ്വര്‍ണ മുകിലുകള്‍ സ്വപ്നം കാണും , മഴമുകിലൊളി വര്‍ണ്ണന്‍, ഒരു മയില്‍പ്പീലിയായ് , മധുമക്ഷികേ, ഏകാന്തതയില്‍ ഒരാത്മാവ് മാത്രം, ജലശംഖുപുഷ്പം ), ചിദംബരനാഥ് (കേശാദിപാദം, നിദ്ര തന്‍ നീരാഴി, കുന്നിന്മേലെ നീയെനിക്കു, കര്‍പ്പൂരത്തേന്മാവില്‍,മാനത്തെ മണ്ണാത്തിക്കൊരു ), പുകഴേന്തി (ഗോപുര മുകളില്‍ , സുന്ദര രാവില്‍, ലോകം മുഴുവന്‍) ), സലില്‍ ചൗധരി (മലര്‍ക്കൊടി പോലെ , ശാരികേ, മഴവില്‍ക്കൊടി, യാമിനി ദേവീ ) കെ ജെ ജോയ് (ലളിതാസഹസ്രനാമം), ഉഷാ ഖന്ന (ഉണരൂ വേഗം നീ, മാനസ മണിവേണുവില്‍, മുകിലേ ), എം ജി രാധാകൃഷ്ണന്‍ (നാഥാ നീ വരും, മൌനമേ), ജോണ്‍സന്‍ (സ്വര്‍ണമുകിലേ, എന്നിട്ടും നീയെന്നെ , ഗോപികേ നിന്‍ വിരല്‍ , മോഹം കൊണ്ട് ഞാന്‍)), ജെറി അമല്‍ദേവ് (മിഴിയോരം പ്രകാശ നാളം ചുണ്ടില്‍ മാത്രം), രവീന്ദ്രന്‍ (തേനും വയമ്പും, രാവില്‍ രാഗനിലാവില്‍, ഓമനത്തിങ്കള്‍ കിടാവോ).... ജാനകിയുടെ ശബ്ദമാധുരിയില്‍ നിന്ന് ഹിറ്റുകള്‍ മിനഞ്ഞെടുത്ത സംഗീത സംവിധായകരുടെ നിര ഇവിടെയെങ്ങും നില്ക്കില്ല.
''സംഗീത സംവിധായകന്റെ സങ്കല്‍പങ്ങള്‍ക്ക് അപ്പുറത്തേക്ക് ഗാനത്തെ ഉയര്‍ത്താന്‍ കഴിവുള്ള ഗായികയാണ് ജാനകി,'' പുകഴേന്തിയുടെ വാക്കുകള്‍ . കൊച്ചനിയത്തി എന്ന സിനിമയിലെ സുന്ദരരാവില്‍ ചന്ദനമുകിലില്‍ എന്ന ഗാനത്തിന്റെ പല്ലവിയിലെ 'അനുരാഗത്തിന്‍ ആദ്യ നൊമ്പരം' എന്ന വരിക്കു ജാനകി പകര്‍ന്നു നല്‍കിയ ഭാവ സ്പര്‍ശം അവിശ്വസനീയമായിരുന്നു പുകഴേന്തിക്ക്. 'ആദ്യ' എന്ന രണ്ടക്ഷരങ്ങളില്‍ മറ്റാരും അത്രയും പ്രണയം നിറച്ചു കേട്ടിട്ടില്ല ഞാന്‍'' പുകഴേന്തി പറഞ്ഞു. സമാനമായ ഒരനുഭവം എ ടി ഉമ്മറും വിവരിച്ചു കെട്ടിട്ടുണ്ട്. സൂത്രക്കാരിയിലെ ''എകാന്തതയില്‍ ഒരാത്മാവ് മാത്രം എന്ന പാട്ടിന്റെ റെക്കോര്‍ഡിംഗ്. പാട്ടിന്റെ അവസാനം പല്ലവി ആവര്‍ത്തിക്കപ്പെടുന്ന ഭാഗത്ത് ഏകാന്തത എന്ന വാക്ക് കുറച്ചു കൂടി ഫീല്‍ കൊടുത്ത് അവതരിപ്പിക്കട്ടെ എന്നേ ജാനകി ചോദിച്ചുള്ളൂ. ഉമ്മറിന് പൂര്‍ണ സമ്മതം.''ഒരു ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയോടെ അവര്‍ ആവാക്ക് ഉച്ചരിച്ചത് കേട്ടപ്പോള്‍ കണ്‍സോളില്‍ ഇരുന്നു ശരിക്കും രോമാഞ്ചമിഞ്ഞു ഞാന്‍.'' ഈ രണ്ടു സംഗീത സംവിധായകരുടെയും ഭൂരിഭാഗം ഗാനങ്ങളും ആലപിച്ചത് ജാനകി ആയിരുന്നു എന്നോര്‍ക്കുക.
പി സുശീലയുടെ ശബ്ദത്തെ പെരിയാറിന്റെ മാദകത്വത്തൊട് ഉപമിക്കും ഗായകന്‍ ജയചന്ദ്രന്‍ . ജാനകിയുടെ ശബ്ദത്തെ നിളയുടെ ശാലീനതയോടും . മലയാള സിനിമാഗാനങ്ങളുടെ ഒരു യുഗത്തെ സുവര്‍ണ്ണ ദീപ്തമാക്കിയതു സമാന്തരമായി ഒഴുകി ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന ഈ രണ്ടു നാദധാരകള്‍ ചെന്നാണ്. സൗമ്യസുന്ദരമായ ആ ഒഴുക്ക് ഇന്നും തുടരുന്നു അവ; റെക്കോര്‍ഡിംഗ് മുറിയിലല്ല; സാധാരണക്കാരായ സംഗീതപ്രേമികളുടെ ഹൃദയങ്ങളിലാണെന്ന് മാത്രം. എല്ലാ വിവാദങ്ങളും ആ ഒഴുക്കില്‍ അലിഞ്ഞു അപ്രത്യക്ഷമാകുന്നു...