-
എല്ലാവരും നിശ്ശബ്ദരാകുന്നസമയത്ത് ഉയരുന്ന പ്രതിഷേധസ്വരത്തിന് കരുത്ത് കൂടും എന്നത് സാധിക പലവട്ടം തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വിവിധ വിഷയങ്ങളില്‍ നിലപാടുകള്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞ സാധികാ വേണുഗോപാല്‍ നവമാധ്യമങ്ങളിലെ സൈബര്‍ അറ്റാക്കിങ്ങിനെതിരെയും പോരാടുന്നയാളാണ്.
മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഹ്രസ്വചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ താരം മോഡലിങ് രംഗത്ത് എപ്പോഴും പുതിയ മേക്ക് ഓവറുകള്‍ നടത്തി അദ്ഭുതപ്പെടുത്താറുണ്ട്. പുത്തന്‍ മേക്കോവറില്‍ വീണ്ടും വായനക്കാരിലേക്കെത്തുമ്പോള്‍ സിനിമജീവിത വിശേഷങ്ങള്‍ക്കപ്പുറം മലയാളിയുടെ കപട സദാചാരബോധത്തെക്കുറിച്ചും മോഡലിങ്ങിനെക്കുറിച്ചും സാധിക തുറന്ന് സംസാരിക്കുന്നു.
My Passion
മോഡലിങ്ങാണ് ഏറ്റവും ഇഷ്ടം. സിനിമ, സീരിയല്‍, ടെലിവിഷന്‍ ഷോ എന്നിവയെല്ലാം എന്റെ പ്രൊഫഷന്‍ എന്ന നിലയിലാണ് കൊണ്ടുപോകുന്നത്. മോഡലിങ് എന്റെ പാഷനാണ്. സിനിമാകുടുംബത്തിലായതുകൊണ്ടാവാം ചെറുപ്പംതൊട്ടേ എനിക്ക് ഫോട്ടോക്ക് പോസ്‌ചെയ്യാന്‍ വളരെ ഇഷ്ടമായിരുന്നു.

അതില്‍ ഓരോപ്രാവശ്യവും പുതിയ പരീക്ഷണങ്ങള്‍ ട്രൈചെയ്യുന്നു. ഈ മേക്ക് ഓവറും അതിന്റെ ഭാഗമാണ്. ഒരുപാട് നല്ല ഹ്രസ്വചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സിനിമയില്‍ നല്ലൊരു ബ്രേക്ക് ഇതുവരെ കിട്ടിയിട്ടില്ല. എന്താണ് കാരണമെന്നറിയില്ല. പെര്‍ഫോംചെയ്യാന്‍പറ്റിയ കഥാപാത്രത്തിനായി കാത്തിരിക്കുകയാണ്.
ആദ്യഘട്ടത്തില്‍ കലാഭവന്‍മണിച്ചേട്ടന്റെ നായികയായി അഭിനയിച്ചതിനാല്‍ ചെറിയ കഥാപാത്രങ്ങള്‍ ഞാന്‍ ചെയ്യില്ലെന്ന് ചിലര്‍ വിചാരിച്ചു. എന്നാല്‍ അങ്ങനെയല്ല, നല്ല ഏത് കഥാപാത്രവും ചെയ്യാന്‍ റെഡിയാണ്.
My Freedom
സോഷ്യല്‍ മീഡിയയില്‍ കുറേപേര്‍ പലവട്ടം അശ്ലീല കമന്റുകളും മെസേജുകളും ഫോട്ടോകളും എന്റെ ഇന്‍ബോക്‌സിലേക്കും പേജിലേക്കും അയച്ചിട്ടുണ്ട്. വീട്ടുകാരെ ചീത്തവിളിച്ചിട്ടുണ്ട്. കാശുണ്ടാക്കാന്‍ എന്തും ചെയ്യും, കെട്ടഴിച്ചുവിട്ടിരിക്കുകയാണ് എന്നൊക്കെ കമന്റ് വന്നിട്ടുണ്ട്. നിങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തതുകൊണ്ടല്ലേ അവര്‍ ഇങ്ങനെ ചീത്തവിളിക്കുന്നതെന്ന് പറഞ്ഞവരുണ്ട്.
എല്ലാവര്‍ക്കുംകൂടി ഒറ്റ മറുപടിയേ എനിക്കുള്ളൂ 'ഞാന്‍ എന്റെ ജോലിയുടെ പൂര്‍ത്തീകരണത്തിന്റെ ഭാഗമായി പലതരത്തിലുമുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കും, അത് എന്റെ ഉത്തരവാദിത്വവും ജോലിയോടുള്ള ആത്മാര്‍ഥതയുമാണ്. അതിന്റെപേരില്‍ നിങ്ങള്‍ക്കെന്നെ ചോദ്യംചെയ്യാനോ ചീത്തവിളിക്കാനോ അവകാശമില്ല. നിങ്ങളുടെ വീടിന് മുന്നിലോ പൊതുസ്ഥലത്തോ വന്ന് മറ്റുള്ളവര്‍ക്ക് ഉപദ്രവമായി ഞാന്‍ പെരുമാറിയാല്‍ നിങ്ങള്‍ക്ക് എന്നെ ചോദ്യംചെയ്യാം. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് എന്റെ സ്വാതന്ത്ര്യത്തില്‍, എന്റെ തൊഴിലില്‍ കൈകടത്താനുള്ള അധികാരമില്ല. മറച്ചുവെക്കേണ്ട ഒന്നാണ് ശരീരം എന്ന ബോധമാണ് ഇത്തരം കമന്റുകള്‍ക്ക് പിന്നില്‍. മറച്ചുവെക്കുന്നിടത്തോളം ആളുകള്‍ക്ക് ഉള്ളില്‍ എന്താണ് എന്നറിയാനുള്ള കൗതുകം കൂടും. ആ കൗതുകമാണ് പീഡനമായിമാറുന്നത്. ഇതിനെ ആര്‍ട്ടായി കണ്ടാല്‍ അത്തരം കൗതുകങ്ങളൊന്നുമുണ്ടാകില്ല.

മലയാളികള്‍ കപട സദാചാരവാദികളാണെന്ന് തോന്നിയിട്ടുണ്ട്. കാരണം മലയാളിക്ക് എല്ലാം കാണാനും കേള്‍ക്കാനും ഇഷ്ടമാണ്, എല്ലാം വേണം, എന്നാല്‍ ബാക്കിയുള്ളവര്‍ ഒന്നും അറിയരുത്. സമൂഹം എന്ത് ചിന്തിക്കും എന്നതാണ് പ്രധാന പ്രശ്‌നം.
എന്റെ ശരികളാണ് എന്റെ തീരുമാനങ്ങള്‍. എന്റെ ജീവിതം നിയന്ത്രിക്കാനുള്ള അധികാരം മറ്റാര്‍ക്കും വിട്ടുകൊടുക്കാറില്ല. എന്ത് തീരുമാനമെടുക്കുമ്പോഴും അച്ഛനുമായി ചര്‍ച്ചചെയ്യും. എന്റെ കുടുംബമാണ് എന്റെ ശക്തി. അച്ഛനാണ് എന്റെ റോള്‍ മോഡല്‍. അച്ഛനും അമ്മയും അനിയനും ഇന്നുവരെ ഞാന്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കും ശരികള്‍ക്കും ഒപ്പം നിന്നിട്ടുണ്ട്.
My Rights
മോഡേണായ കഥാപാത്രങ്ങള്‍ ചെയ്യില്ല, ഐറ്റം ഡാന്‍സ് കളിക്കില്ല തുടങ്ങി ഒരു നിബന്ധനയും അഭിനേത്രി എന്ന നിലയിലില്ല. കംഫര്‍ട്ട് സോണിലുള്ള, എനിക്ക് ഓക്കെയായ ഏത് കാര്യവും കഥാപാത്രത്തിനായി ക്യാമറയുടെ മുന്നില്‍ ചെയ്യാന്‍ റെഡിയാണ്. ഉദാഹരണത്തിന് സ്ത്രീകേന്ദ്രീകൃതമായ ഒരു സിനിമയില്‍ ക്ലബ് ഡാന്‍സറുടെയോ വേഷമാണ് എനിക്കെന്ന് വിചാരിക്കുക. അപ്പോള്‍ ആ സിനിമ പൂര്‍ണാര്‍ഥത്തില്‍ ഷൂട്ട്‌ചെയ്യാന്‍ ക്ലബ് ഡാന്‍സ് അത്യാവശ്യമാണ്. ഞാനത് ചെയ്യും. ഒരു മടിയുമില്ല.

ബ്രാ, റാന്തല്‍ തുടങ്ങിയ ഹ്രസ്വചിത്രങ്ങളില്‍ ചില നടിമാര്‍ ചെയ്യാന്‍ മടികാണിക്കുന്ന രംഗങ്ങളാണ് ഞാന്‍ ചെയ്തത്. കാരണം ആ ചിത്രങ്ങളുടെ പൂര്‍ത്തീകരണത്തിന് അവ ആവശ്യമായിരുന്നു. അതുപോലെ ബ്രേക്കിങ് ന്യൂസ് എന്ന സിനിമയില്‍ പഴയകാലത്തെ ഗാനരംഗം ചെയ്തിട്ടുണ്ട്, അതില്‍ നന്നായി എക്‌സ്‌പോസ്‌ചെയ്ത വേഷമായിരുന്നു. അതും ആ കഥ നടക്കുന്ന കാലഘട്ടത്തിന് അത്യാവശ്യമായിരുന്നു. പിന്നെ എന്ത് ചെയ്യണം, ചെയ്യില്ല എന്ന തീരുമാനം ഓരോ നടിയുടെയും വ്യക്തിസ്വാതന്ത്ര്വമാണ്.

മലയാളസിനിമയിലെ ഒരു പ്രധാന പ്രശ്‌നം ടൈപ്പ് കാസ്റ്റിങ്ങാണ്. ബ്രേക്കിങ് ന്യൂസില്‍ ആ സോങ് ചെയ്തതിനുശേഷം എന്നെ പല സിനിമകളിലേക്കും ഐറ്റം സോങ് ചെയ്യുമോ എന്ന് ചോദിച്ച് മാത്രം വിളിച്ചു. വെറുതേ വന്ന് ഡാന്‍സ് കളിച്ച് കുറച്ച് ശരീരം പ്രദര്‍ശിപ്പിച്ച് പോകുക എന്നത് മാത്രമാണ് അവരുടെ ഉദ്ദേശ്യം. അവരോട് വ്യക്തമായി ഞാനൊരു ഐറ്റം ഡാന്‍സറെല്ലെന്ന് പറഞ്ഞ് മടക്കിയയച്ചു.
(സ്റ്റാർ ആൻഡ് സ്റ്റൈൽ 2019 നവംബർ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്)
Content Highlights: Sadhika Venugopal exclusive photoshoot and interview