പുതുപ്പേട്ട് ചന്തയില്‍ സമൂസ ഉണ്ടാക്കി വില്‍ക്കുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. വീട്ടിലിരുന്ന് അവരുണ്ടാക്കുന്ന സമൂസ, സ്‌കൂള്‍ വിട്ടുവരുന്ന അവരുടെ രണ്ട് ആണ്‍മക്കള്‍ തലയിലേറ്റി നഗരത്തിലെ ഓരോ തട്ടുകടകളിലും കൊണ്ടുപോയി വില്‍ക്കും. ഒരു സമൂസയ്ക്ക് 25 പൈസയാണ് വില. സന്ധ്യയ്ക്കു മുമ്പേ രണ്ടു പേരും കൂടി 300 സമൂസ വില്‍ക്കും. അങ്ങനെ ആ അമ്മയും മക്കളും സസന്തോഷം കഴിഞ്ഞുവരുമ്പോഴാണ്...
തൊണ്ണൂറുകളില്‍ സമൂസ വിറ്റുനടന്ന, ആറാംക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഹജ ഫന്യാമിന്‍ എന്ന ആ കുട്ടി ചെന്നൈയിലെ റെഡ്ഹില്‍സിലുള്ള 'ഹഫ ഫുഡ്സ് ആന്‍ഡ് ഫ്രോസണ്‍ ഫുഡ്‌സ്' എന്ന സ്ഥാപനത്തിന്റെ ഉടമയായതിനു പിന്നില്‍ അത്യധ്വാനത്തിന്റെയും ഉറച്ച ലക്ഷ്യബോധത്തിന്റെയും ഒരു ചരിത്രമുണ്ട്. വെറും പത്തു വര്‍ഷത്തിന്റെ മാത്രം ദൈര്‍ഘ്യമുള്ള വിജയചരിത്രം.
സമൂസ ഒരു ചെറിയ പലഹാരമല്ല!
2002ല്‍ വിവാഹിതനായ ഹജയും ഭാര്യയും സമൂസ ഉണ്ടാക്കി വിറ്റായിരുന്നു ജീവിച്ചിരുന്നത്. നഗരത്തിലെ തട്ടുകടകള്‍ക്കും ചെറുകിട ഹോട്ടലുകള്‍ക്കും സമൂസ ഉണ്ടാക്കി നല്‍കി, ഒരുവിധം തട്ടിമുട്ടിയുള്ള ജീവിതം. എങ്കിലും, ഹജയുടെ സമൂസ ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരമായിരുന്നു.
2006ല്‍ ആണ് ഹജയുടെ ജീവിതം മാറിമറിയുന്നത്. ഭക്ഷ്യവസ്തുക്കള്‍ വിദേശത്തേയ്ക്ക് കയറ്റിയയ്ക്കുന്ന ഒരു കമ്പനി ഹജയുടെ സമൂസയില്‍ ആകൃഷ്ടരാകുന്നതോടെയാണ് അത്. ദിവസം അയ്യായിരം സമൂസ ഉണ്ടാക്കി നല്‍കുന്നതിന് ആ കമ്പനി ഹജയുമായി ഇടപാടുറപ്പിച്ചു. അപ്പോഴാണ് സമൂസ വില്‍പന വിപുലമാക്കുന്നതിനെക്കുറിച്ച് അദ്ദേഹം ആദ്യമായി ചിന്തിക്കുന്നത്. അങ്ങനെ ഹജ തന്റെ സമൂസ നിര്‍മാണം അല്‍പമൊന്ന് വിപുലമാക്കി. തുടര്‍ന്ന് സമൂസയുടെ നിര്‍മാണവും കയറ്റുമതിയും പൊടിപൊടിച്ചു. ദിവസം 1000 രൂപയായിരുന്നു അക്കാലത്ത് ഹജയുടെ വരുമാനം.
കാര്യങ്ങള്‍ നന്നായി മുന്നോട്ടു പോകുന്നതിനിടയിലാണ് കമ്പനി ഹജയുമായുള്ള ഇടപാട് പെട്ടെന്ന് അവസാനിപ്പിച്ചത്. അഞ്ച് രൂപയില്‍ താഴെ വിലയുള്ള ഉല്‍പന്നങ്ങളുടെ ഇടപാട് കമ്പനി നിര്‍ത്താന്‍ തീരുമാനിച്ചതോടെയായിരുന്നു ഇത്. ആ സമയത്ത് ഹജയുടെ ഒരു സമൂസയ്ക്ക് 1.25 മാത്രമായിരുന്നു വില.
അങ്ങനെ ആദ്യമുണ്ടായിരുന്ന കച്ചവടം നിര്‍ത്തി കമ്പനിയ്ക്കുവേണ്ടി സമൂസ നിര്‍മാണം തുടങ്ങിയ ഹജ വെട്ടിലായി. കടിച്ചതും പിടിച്ചതുമില്ലാത്ത അവസ്ഥ. രണ്ടുമാസം എന്തുചെയ്യണമെന്ന് അറിയാതെ വീട്ടിലിരുന്നു. തനിക്കായി ജോലി ചെയ്തിരുന്ന 10 തൊഴിലാളികള്‍ പട്ടിണിയിലാകുന്നത് ഹജയെ വേദനിപ്പിച്ചു. ഒടുവില്‍ രണ്ടും കല്‍പിച്ച് ഒരു തീരുമാനത്തിലെത്തി, ഹജ. ഭാരതീയ യുവശക്തി ട്രസ്റ്റ് എന്ന സ്ഥാപനത്തിന്റെ സഹായത്തോടെ 7.5 ലക്ഷം രൂപയുടെ ബാങ്ക് ലോണ്‍ സംഘടിപ്പിച്ചു. അതുപയോഗിച്ച് ഒരു മിക്സിംഗ് മഷീനും ഫ്രീസറും വാങ്ങി. തൊഴിലാളികളെ തിരിച്ചുവിളിച്ച് പൂര്‍വ്വാധികം ശക്തമായി സമൂസ നിര്‍മാണം ആരംഭിച്ചു. 2007ല്‍ റെഡ്ഹില്‍സിലുള്ള എണ്ണായിരം സ്‌ക്വയര്‍ഫീറ്റ് ഇരുനില കെട്ടിടം വാടകയ്ക്കെടുത്ത് 'ഹഫ ഫുഡ്സ്' ആരംഭിച്ചു. മൂന്നു വര്‍ഷംകൊണ്ട് 25 തൊഴിലാളികള്‍ ജോലിചെയ്യുന്ന, 75 ലക്ഷം വിറ്റുവരവുള്ള ബിസിനസായി ഇത് മാറി.
അധികം വൈകാതെ പഴയ കയറ്റുമതി കമ്പനിക്കാര്‍ ഹജയെത്തേടി മടങ്ങിവന്നു. പതിനായിരം സമൂസവെച്ച് ദിവസവും നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അവരുടെ വരവ്. പുതിയ സാഹചര്യത്തില്‍ ഹജയ്ക്ക് അത് നിഷ്പ്രയാസം സാധിക്കുമായിരുന്നു. വളരെപ്പെട്ടെന്നുതന്നെ വിദേശത്തും ഹജയുടെ സമൂസയുടെ ഡിമാന്റ് വര്‍ധിച്ചുവന്നു. ഒപ്പം ഉല്‍പാദനവും വര്‍ദ്ധിപ്പിച്ചു. സമൂസ മാത്രമല്ല, പനീര്‍ റോള്‍, സ്പ്രിംഗ് റോള്‍, കട്ലറ്റ് തുടങ്ങിയവയും ഹജയുടെ കമ്പനി നിര്‍മിക്കാന്‍ തുടങ്ങി.
സമൂസയുടെ അന്തര്‍ദേശീയ യാത്രകള്‍
2009 ആയപ്പോഴേയ്ക്കും ഹജയുടെ സ്ഥാപനം വന്‍തോതിലുള്ള ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങി. അമ്യൂസ്മെന്റ് പാര്‍ക്കുകളായിരുന്നു ആദ്യത്തെ വന്‍കിട ആവശ്യക്കാര്‍. വൈകാതെ വിമാനക്കമ്പനികളും സ്റ്റാര്‍ ഹോട്ടല്‍ ശൃംഖലകളും സമൂസ ആവശ്യപ്പെട്ട് എത്തി. പിന്നെ ഇവന്റ് മാനേജ്മെന്റ് കമ്പനികളും ഐടി കമ്പനികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹജയുടെ സമൂസയുടെ ആവശ്യക്കാരായി.
ഇന്ന് ബിസിനസിന്റെ ഉയരങ്ങള്‍ താണ്ടുകയാണ് ഹജയുടെ സ്ഥാപനം. 1.5 കോടി രൂപയാണ് ഇപ്പോള്‍ 'ഹഫ ഫുഡ്സ് ആന്‍ഡ് ഫ്രോസണ്‍ ഫുഡ്‌സ്'ന്റെ വാര്‍ഷിക വരുമാനം. 45 ജോലിക്കാര്‍ ഇവിടെ ജോലിചെയ്യുന്നു. ചിക്കന്‍ പഫ്സ്, ബ്രഡ് റോള്‍സ്, വെജിറ്റബിള്‍-ചിക്കന്‍ റോള്‍ തുടങ്ങിയ പുതുനിര പലഹാരങ്ങള്‍ അടക്കം 16 ഇനം ഭക്ഷ്യോല്‍പന്നങ്ങള്‍ ഹജയുടെ കമ്പനി ഉല്‍പാദിപ്പിക്കുന്നുണ്ട്. ആറ് മാസംവരെ കേടാകാതെ സൂക്ഷിക്കാനാകുംവിധം ഇവ പാക്ക് ചെയ്യാനുള്ള സാങ്കേതികവിദ്യയും ഇവിടെയുണ്ട്.
20 ടണ്‍ പച്ചക്കറികളും രണ്ട് ടണ്‍ മാംസവുമാണ് സ്ഥാപനത്തില്‍ അസംസ്‌കൃത വസ്തുക്കളായി ഓരോ മാസവും ആവശ്യമായി വരുന്നത്. ദിവസവും നാല്‍പതിനായിരം പലഹാരങ്ങളാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. എല്ലാം വിദേശത്തും സ്വദേശത്തുമുള്ള ഉപഭോക്താക്കള്‍ക്ക് ഏറെ പ്രിയങ്കരം. വെജിറ്റബിള്‍ ലോലിപോപ് പോലുള്ള പുതുമയാര്‍ന്ന ഉല്‍പന്നങ്ങള്‍ അവതരിപ്പിക്കാനും ഹജയുടെ ബിസിനസ് ഭാവന ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
ഇപ്പോള്‍ പുരസൈവാക്കത്തുള്ള ഒരു കട ഒഴികെ വേറെ റീടെയില്‍ ഷോപ്പുകളൊന്നും ഹജയ്ക്ക് ഇല്ല. എല്ലാം ഹോള്‍സെയില്‍ ഇടപാടുകള്‍ മാത്രം! സ്റ്റാര്‍ ഹോട്ടലുകളിലും വിമാനങ്ങളിലുമെല്ലാം രുചികരമായ സമൂസ കഴിച്ച് തൃപ്തിയടയുന്ന തന്റെ ഉപഭോക്താക്കള്‍ ഇതിനു പിന്നിലുള്ള ആളെ ഒരിക്കലും തിരിച്ചറിയുന്നില്ല എന്ന സങ്കടം മാത്രമാണ് ഹജയ്ക്ക് ഉള്ളത്. അതുകൊണ്ടുതന്നെ നഗരത്തില്‍ തന്റെ പലഹാരങ്ങള്‍ വില്‍ക്കുന്ന ഒരു കോഫി ഷോപ് തുടങ്ങാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ട്.
ഹജയും ഭാര്യയും രാവിലെ 9 മുതല്‍ രാത്രി 9 വരെ സ്ഥാപനത്തില്‍ സജീവമായിരിക്കും. ജോലിക്കാര്‍ പോയതിനു ശേഷം മാത്രമേ വീട്ടില്‍ പോകാറുള്ളൂ. ലാഭം ബിസിനസില്‍ത്തന്നെ ഇറക്കി കച്ചവടം വിപുലമാക്കിക്കൊണ്ടിരിക്കുകയാണ് ഹജ ഫന്യാമിന്‍. 'ഹഫ ഫുഡ്സ് ആന്‍ഡ് ഫ്രോസണ്‍ ഫുഡ്‌സി'നെ ഒരു ഇന്റര്‍നാണഷണ്‍ എക്സ്പോര്‍ട് കമ്പനിയാക്കുക എന്നതാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്വപ്നം.