Image for Representation. File Photo. PTI
ന്യൂഡല്‍ഹി: ബജറ്റ് അവതരണത്തിനിടെ രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തിയേക്കുമെന്ന സൂചന നല്‍കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കുമെന്നും ആറുമാസത്തിനകം ഈ സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
1978 ലാണ് സ്ത്രീകളുടെ വിവാഹപ്രായം 18 വയസായി ഉയര്‍ത്തിയത്. എന്നാല്‍ ഇന്ത്യയുടെ പുരോഗതിക്കനുസരിച്ച് സ്ത്രീകള്‍ക്ക് ഉയര്‍ന്ന വിദ്യാഭ്യാസത്തിനും ജോലികള്‍ക്കുമുള്ള സാധ്യതകള്‍ വര്‍ധിച്ചു. അതിനാല്‍ ഇക്കാര്യം വീണ്ടും പരിഗണിക്കേണ്ട സമയമാണിത്. രാജ്യത്തെ മാതൃമരണനിരക്ക് കുറയ്‌ക്കേണ്ടതും അനിവാര്യമാണ്. അമ്മമാരാകുന്ന പെണ്‍കുട്ടികളുടെ പ്രായവും ഇതില്‍ പരിഗണിക്കണം. അതുകൊണ്ട് ഇക്കാര്യം പഠിക്കാന്‍ ഒരു പ്രത്യേക സമിതിയെ നിയോഗിക്കും. ആറുമാസത്തിനകം സമിതി ഈ വിഷയത്തില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കും- മന്ത്രി വ്യക്തമാക്കി.
ഇത്തവണത്തെ ബജറ്റില്‍ 28,600 കോടി രൂപയാണ് സ്ത്രീകള്‍ക്കായി നീക്കിവെച്ചിരിക്കുന്നത്. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയിലൂടെ രാജ്യത്തെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെട്ടെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ പരാമര്‍ശത്തിനെതിരെ സഭയില്‍ പ്രതിഷേധമുയര്‍ന്നു. പക്ഷേ, ഇതിനെല്ലാം തന്റെ കൈയില്‍ തെളിവുണ്ടെന്നായിരുന്നു മന്ത്രിയുടെ മറുപടി.
Content Highlights: union minister nirmala sitharaman hints that girls marriage age may be increase