മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് സംവരണം നൽകാനുള്ള തീരുമാനം ചരിത്രപരം- രാഷ്ട്രപതി


2 min read
Read later
Print
Share

ന്യൂഡൽഹി: മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സാമ്പത്തികസംവരണം നൽകാനുള്ള തീരുമാനം ചരിത്രപരമാണെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായപ്പെട്ടു. ഒ.ബി.സി. കമ്മിഷന് ഭരണഘടനാ പദവി നൽകുന്നതിനുള്ള നീക്കം സാമൂഹികനീതിയിലുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നയപ്രഖ്യാപന പ്രസംഗത്തിലെ പ്രധാന പരാമർശങ്ങൾ :

*കഴിഞ്ഞ നാലരവർഷവും രാജ്യത്തിന്റെ വളർച്ചാ നിരക്ക് 7.3 ശതമാനമാണ്. 2022 ഒാടെ എല്ലാവർക്കും പാർപ്പിടം ലഭ്യമാക്കും. നാലരവർഷത്തിനിടയിൽ രണ്ടു കോടി കുടുംബങ്ങൾക്ക് വൈദ്യുതി എത്തിച്ചു.

*പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന പ്രകാരം 31,000 കോടി രൂപ ഇതുവരെ വിതരണം ചെയ്തു. 21 കോടി ആളുകൾ പദ്ധതിയുടെ കീഴിലുണ്ട്. * പോഷകാഹാരക്കുറവ് നേരിടാൻ മിഷൻ ഇന്ദ്രധനുഷ് പദ്ധതി നടപ്പാക്കും.

*സ്വച്ഛ് ഭാരത് അഭിയാൻ പ്രകാരം ഒൻപത് കോടിയിലേറെ ശൗചാലയങ്ങൾ നിർമിച്ചു. ഗ്രാമീണ മേഖലയിലെ ശുചിത്വ പദ്ധതികൾ 98 ശതമാനമായി വർധിച്ചു. നാലരവർഷം കൊണ്ട് 13 കോടി കുടുംബങ്ങൾക്ക് പാചകവാതക കണക്ഷൻ നല്കി

*ആയുഷ്മാൻ ഭാരത് യോജനയുടെ ആനുകൂല്യങ്ങൾ ഇതുവരെ 10 ലക്ഷം പേർക്ക് ലഭിച്ചു. പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പരിയോജന പ്രകാരം 4,900 ജനൗഷധി കേന്ദ്രങ്ങൾ തുറന്നു.

*ഭിന്നശേഷിക്കാർക്ക് കൂടുതൽ സംവിധാനങ്ങളും സൗകര്യങ്ങളും ഏർപ്പെടുത്തി. സുഗമയ ഭാരതീയ അഭിയാൻ പ്രകാരം ആയിരം സർക്കാർ ഓഫീസ് കെട്ടിടങ്ങളും 650 റെയിൽവേ സ്റ്റേഷനുകളും ഭിന്നശേഷി സൗഹൃദമാക്കി.

*പ്രകൃതിക്ഷോഭം നേരിടാനുള്ള സംവിധാനങ്ങൾ കാര്യക്ഷമമാക്കി. സഹായധനം ഇരട്ടിയാക്കി. *കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ മെച്ചപ്പെടുത്തി. ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരം നികുതി വരുമാനത്തിൽ പത്തു ശതമാനം സംസ്ഥാനങ്ങൾക്ക് നൽകി.

*നമാമി ഗംഗാ പദ്ധതിയുടെ ഭാഗമായി ഗംഗാ ശുചീകരണത്തിന് 25,500 കോടി രൂപ ചെലവിട്ടു. *ആളില്ലാത്ത ലെവൽ ക്രോസുകൾ പൂർണമായി ഒഴിവാക്കി.

*കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ നടപടികൾ. സ്റ്റാർട്ട് അപ് ഇന്ത്യ പദ്ധതി പ്രകാരം യുവാക്കളെ സ്വയം പര്യാപ്തരാക്കി. പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നവർക്ക് ഇ.പി.എഫ്-ഇ.പി.എസ്. വിഹിതം 12 ശതമാനം സർക്കാർ നൽകും.

*തൊഴിലവസരങ്ങൾ നൽകുന്നതിൽ സ്ത്രീകൾക്ക് മുൻഗണന. 15 കോടി മുദ്രാവായ്പകൾ നൽകിയതിൽ 73 ശതമാനവും സ്ത്രീകൾക്ക്. സ്ത്രീകൾക്ക് ഉദ്യോഗത്തിലും നിയമനങ്ങളിലുമുള്ള വിവേചനം അവസാനിപ്പിച്ചു. പ്രസവാവധി 12 ആഴ്ചയിൽ നിന്ന് 26 ആഴ്ചയാക്കി.

*സമൂഹത്തിലെ വിവേചനം അവസാനിപ്പിക്കാൻ പൗരത്വ ഭേദഗതി ബിൽ പാസ്സാക്കും. മുസ്‌ലിം പെൺകുട്ടികളെ ഭയത്തിൽനിന്ന് മോചിപ്പിച്ച് തുല്യാവകാശം നൽകുന്നതിന് മുത്തലാഖ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു.

*കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ നടപടികൾ. 22 ഇനങ്ങളുടെ താങ്ങുവില ഒന്നര ഇരട്ടിയാക്കി വർധിപ്പിച്ചു.

*ജൻധൻ യോജന പ്രകാരം 34 കോടി ബാങ്ക് അക്കൗണ്ടുകൾ. കൽക്കരിപ്പാടം ലേലത്തിന് സുതാര്യമായ സംവിധാനം.

*മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. മൊബൈൽ ഫോൺ ഉത്‌പാദനത്തിൽ ഇന്ത്യ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ രാജ്യമായി.

*അടിസ്ഥാന സൗകര്യ വികസനപദ്ധതികൾക്ക് വേഗം കൂട്ടി. കൊല്ലം ബൈപ്പാസ് ഉൾപ്പെടെയുള്ള പാതകൾ സമയബന്ധിതമായി പൂർത്തീകരിച്ചു.

*പ്രതിരോധരംഗത്ത് ഒപ്പു വെച്ച കരാറുകൾ രാജ്യത്തെ സേനകളുടെ ആയുധശേഷിയും കരുത്തും വർധിപ്പിക്കും.

*സേനകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ തീവ്രവാദവും അക്രമവും കുറയ്ക്കാൻ സാധിച്ചു. ആഭ്യന്തരതലത്തിൽ മാവോവാദത്തിനെതിരേ കർശന നടപടികൾ സ്വീകരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram