ചെന്നൈ: മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ 20 ശതമാനം വര്‍ധന.
അക്ഷയ തൃതീയയ്ക്കുമുമ്പായി വന്‍ തിരക്കുപ്രതീക്ഷിച്ച് ജ്വല്ലറികള്‍ സ്റ്റോക്ക് വര്‍ധിപ്പിച്ചതാണ് കാരണം.
അക്ഷയ തൃതീയ പ്രമാണിച്ച് റീട്ടെയില്‍ ഡിമാന്റില്‍ 10 മുതല്‍ 15 ശതമാനം വര്‍ധനവാണ് ജ്വല്ലറികള്‍ പ്രതീക്ഷിക്കുന്നത്.
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 196.8 ടണ്‍ സ്വര്‍ണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ശതമാനമാണ് വര്‍ധന. 164.4 ടണ്‍ സ്വര്‍ണമാണ് അന്ന് ഇറക്കുമതി ചെയ്തത്.
ഡോളറിനെതിരെ രൂപയുടെ മൂല്യം മികച്ച നിലവാരത്തില്‍ തുടരുന്നതിനാല്‍ സ്വര്‍ണത്തിന്റെ വിലയില്‍ എടുത്തുപറയത്തക്ക വര്‍ധനവില്ല. ഇത് അനുകൂല ഘടകമായി വ്യാപാരികള്‍ കരുതുന്നു.
വിവാഹ സീസണ്‍ തുടങ്ങിയതിനാല്‍ മാര്‍ച്ച് മാസത്തില്‍മാത്രം 78 ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ 53 ടണ്‍ ആയിരുന്നു ഇറക്കുമതി.
ഫെബ്രുവരി 2019ലെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് വിലയില്‍ ഏഴ് ശതമാനം കുറവാണുണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ അക്ഷയ തൃതീയയ്ക്കുമുമ്പായി മുന്‍കൂറായി പലരും ബുക്കിങ് ചെയ്തുതുടങ്ങി. വില്പനയില്‍ 20 മുതല്‍ 30 ശതമാനംവരെ വര്‍ധനവാണ് ഇത്തവണ വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.
Gold import increases 20 per cent