നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുന്നു | Photo: ANI
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സര്‍വോന്മുഖ വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച് മോദി സര്‍ക്കാരിന്റെ മൂന്നാം സമ്പൂര്‍ണ ബജറ്റ്. പ്രധാനമന്ത്രി ഗതിശക്തി മിഷന്‍, സമസ്ത മേഖലകളിലും വികസനം, ഉത്പാദന ക്ഷമത വര്‍ധിപ്പിക്കല്‍, നിക്ഷേപ വര്‍ധന എന്നിങ്ങനെ നാല് മേഖലകളില്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനകളാണ് ധനമന്ത്രി നടത്തിയത്.
റോഡ്, വിമാനത്താവളം, റെയില്‍വേ, തുറമുഖങ്ങള്‍ ഉള്‍പ്പെടെയുള്ള 7 ഗതാഗത മേഖലകളില്‍ അതിവേഗ വികസനം ലക്ഷ്യമിടുന്ന പിഎം ഗതിശക്തി പദ്ധതിയുടെ സമഗ്ര മാസ്റ്റര്‍ പ്ലാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം 25000 കി.മീ ദേശീയ പാതകള്‍ നിര്‍മിക്കും. 400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ കൂടി കൊണ്ടുവരും. റെയില്‍വേ ചരക്കു നീക്കത്തിനായി പ്രത്യേക പദ്ധതി തയാറാക്കും. കാര്‍ഷിക ഉല്‍പന്ന നീക്കത്തിന് ഒരു സ്റ്റേഷന്‍, ഒരു ഉല്‍പന്നം എന്ന പദ്ധതി നടപ്പിലാക്കും.മലയോര റോഡ് വികസനത്തിന് പര്‍വത് മാല പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.
അടുത്ത 25 വര്‍ഷത്തേക്കുള്ള രാജ്യത്തിന്റെ വികസനകാഴ്ചപ്പാടിന്റെ ബ്ലു പ്രിന്റാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് പദ്ധതികള്‍ വിശദീകരിച്ചുകൊണ്ട് ധനമന്ത്രി പ്രഖ്യാപിച്ചു. അടുത്ത സാമ്പത്തിക വര്‍ഷംം 9.2 ശതമാനം വളര്‍ച്ചയാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനം കാര്‍ഷിക മേഖല, ചെറുകിട കച്ചവട മേഖല, നിക്ഷേപം എന്നീ മേഖലകള്‍ക്കായുള്ള വന്‍കിട പദ്ധതികല്‍ ധനമന്ത്രി പ്രഖ്യാപിച്ചു.
ചെറുകിട മേഖലയ്ക്ക് രണ്ട് ലക്ഷം കോടിയുടെ സഹായം നല്‍കും. കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കാന്‍ 1.37 ലക്ഷം കോടി മാറ്റിവെയ്ക്കും. ഡിജിറ്റല്‍ അധ്യയനത്തിന് പിഎം ഇ വിദ്യ പദ്ധതി നടപ്പാക്കും. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഉടന്‍ രൂപീകരിക്കും. പ്രാദേശിക ഭാഷകളില്‍ വിദ്യാര്‍ഥികളുടെ പഠനത്തിനായി ചാനല്‍ തുടങ്ങും.
ഓണ്‍ലൈന്‍ സാമ്പത്തിക ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതായി രാജ്യത്തെ 75 ജില്ലകളില്‍ 75 ഡിജിറ്റല്‍ ബാങ്കിങ് യൂണിറ്റുകള്‍ സ്ഥാപിക്കും. 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളില്‍ കൂടി കോര്‍ബാങ്കിങ് സൗകര്യം ലഭ്യമാക്കും. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ വര്‍ഷം മുതല്‍ ഇ-പാസ്പോര്‍ട്ട് സംവിധാനം നടപ്പാക്കും.
രണ്ടാം മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ പൂര്‍ണ ബജറ്റാണ് ഇന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. ബജറ്റും അനുബന്ധരേഖകളും പാര്‍ലമെന്റംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പിന് രൂപം നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉള്‍പ്പെടെ 14 രേഖകള്‍ ഇതിലൂടെ ലഭ്യമാകും.