ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്ത് രാജ്യം


കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റുമായി സഹമന്ത്രിമാർക്കൊപ്പം ധനമന്ത്രാലയത്തിൽ നിന്നും പുറപ്പെടുന്നു. ഫോട്ടോ - സാബു സ്‌കറിയമാതൃഭൂമി


ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗത്തിനിടെ പൊതുബജറ്റ് അവതരണം ഇന്ന്. ചൊവ്വാഴ്ച രാവിലെ 11-ന് ലോക്സഭയില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് രാജ്യത്തിന്റെ എഴുപത്തിയഞ്ചാമത്തെ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നത്.

കോവിഡ് പ്രതിസന്ധിയിലകപ്പെട്ട രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം, കാര്‍ഷിക മേഖല, ചെറുകിട വ്യവസായം തുടങ്ങിയ മേഖലകളില്‍ വലിയ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍. ക്ഷേമ പദ്ധതികള്‍, സുസ്ഥിര വളര്‍ച്ചാ പദ്ധതികള്‍ എന്നിവയുടെ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നു. ആദായ നികുതി സ്ലാബുകളില്‍ ഇളവുകളും പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. കര്‍ഷകര്‍ക്കുള്ള രാസവള സബ്‌സിഡി കൂട്ടിയേക്കും. കര്‍ഷകര്‍ക്ക് അനുകൂലമായ മറ്റ് പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.

ബജറ്റും അനുബന്ധരേഖകളും പാര്‍ലമെന്റംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ മൊബൈല്‍ ആപ്പിന് രൂപം നല്‍കിയിട്ടുണ്ട്. മന്ത്രിയുടെ ബജറ്റ് പ്രസംഗം ഉള്‍പ്പെടെ 14 രേഖകള്‍ ഇതിലൂടെ ലഭ്യമാകും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram