Photo:Francis Mascarenhas|REUTERS
ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ നിക്ഷേപങ്ങള്‍ക്കുള്ള നികുതിയിളവ് പരിധി ഉയര്‍ത്തുമോ? 80സി പ്രകാരം നിലവില്‍ ലഭിക്കുന്ന പരമാവധിയിളവ് 1.50 ലക്ഷം രൂപയാണ്.
2014-15 സാമ്പത്തികവര്‍ഷമാണ് 1.50 ലക്ഷമായി ഉയര്‍ത്തിയത്. അതിനുമുമ്പ് ഒരുലക്ഷം രൂപയായിരുന്നു. ഏഴുവര്‍ഷമായി പരിധിയില്‍ മാറ്റംവരുത്തിയിട്ടില്ല. പരിധി ഉയര്‍ത്തണമെന്ന് നിക്ഷേപ ലോകത്തുനിന്ന് ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും ഇക്കാര്യം പരിഗണിച്ചിരുന്നില്ല.
ചെലവ്, ശമ്പളം, വരുമാനം എന്നിവയിലെ വര്‍ധനയ്ക്ക് ആനുപാതികമായി നിക്ഷേപ നികുതിയിളവ് പരിധി 2.5 ലക്ഷം രൂപയെങ്കിലുമാക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം.
80സി ആനുകൂല്യം
വ്യക്തികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കുമാണ് പഴയ നികുതി സ്ലാബ് പ്രകാരം 80സി പ്രകാരമുള്ള ആദായനികുതി ആനുകൂല്യം ലഭിക്കുക.
- ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം.
- പിപിഎഫ് നിക്ഷേപം.
- ഇപിഎഫ് വിഹിതം.
- ഭവനവായ്പയുടെ മുതലിലേയ്ക്കുള്ള അടവ്.
- വീടുവാങ്ങുന്നതിനുള്ള രജിസ്‌ട്രേഷന്‍ ചെലവും സ്റ്റാമ്പ് ഡ്യൂട്ടിയും.
- ടാക്‌സ് സേവിങ് മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപം.
- സുകന്യ സമൃദ്ധി.
- കുട്ടികളുടെ വിദ്യാഭ്യാസ ഫീസ്.
- ബാങ്ക്, പോസ്‌റ്റോഫീസ് അഞ്ചുവര്‍ഷ നിക്ഷേപം.
- സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം.
ജീവിതചെലവിലെ വര്‍ധനവും കോവിഡ് ആഘാതവും ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചതിനാല്‍ 1.50 ലക്ഷമെന്ന പരിധി പുനഃപരിശോധിക്കേണ്ടതാണെന്ന് ആവശ്യമുയര്‍ന്നുകഴിഞ്ഞു. 80സി പ്രകാരം 1.50 ലക്ഷം രൂപയ്ക്കുപുറമെ എന്‍പിഎസിലെ നിക്ഷേപത്തിന് 50,000 രൂപയുടെ ആനുകൂല്യവുമുണ്ട്.