പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
മലിനീകരണ മുക്തമായ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പ്രാധാന്യം നല്‍കി 2022-23 കേന്ദ്ര ബജറ്റ്. ഗ്രീന്‍ മൊബിലിറ്റി ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തില്‍ കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനായി ഇലക്ട്രിക് ചാര്‍ജിങ്ങ് സെന്ററുകള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളെ മാത്രം ഉള്‍പ്പെടുത്തി പ്രത്യേക സോണുകള്‍ ഒരുക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു.
ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ്ങ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് പുറമെ, ഇത്തരം വാഹനങ്ങളുടെ ബാറ്ററി കൈമാറ്റം ചെയ്യുന്നതിനുള്ള നയവും (ബാറ്ററി സ്വാപ്പിങ്ങ് സംവിധാനം) കേന്ദ്ര സര്‍ക്കാര്‍ ഒരുക്കും. ചാര്‍ജിങ്ങ് കേന്ദ്രങ്ങള്‍ ഒരുക്കാനുള്ള സ്ഥലപരിമിതിയുള്ള പ്രദേശങ്ങളിലായിരിക്കും ഈ സംവിധാനം വരുത്തുക.
ബാറ്ററികള്‍ നിര്‍മിക്കുന്നതിനും ഊര്‍ജം ഉത്പാദിപ്പിക്കുന്നതിനുമായി സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തിന് സഹായിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു. സീറോ ഫോസില്‍ ഫ്യുവല്‍ പോളിസിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ഏഴ് ഗതാഗത മേഖലകളിലാണ് അതിവേഗ വികസനം ലക്ഷ്യമിടുന്നതെന്നാണ് ബജറ്റില്‍ അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ എത്തിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. മെട്രോ മോഡല്‍ ഗതാഗത സംവിധാനങ്ങളുടെ പ്രോത്സാഹനവും സര്‍ക്കാര്‍ പദ്ധതിയിടുന്നു.
Content Highlights: Union Budget 2022-India to push for stronger EV infrastructure and battery swap tech