
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ | Photo-ANI
ന്യൂഡല്‍ഹി:രാജ്യത്തിന്റെ എഴുപത്തിയഞ്ചാം ബജറ്റ് അവതരണ വേളയിലാണ് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസത്തിന് സഹായകരമാകുന്ന ഡിജിറ്റല്‍ സര്‍വകലാശാലാ സ്ഥാപിക്കുമെന്ന പ്രഖ്യാപനം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് നടത്തുന്നത്. 'രാജ്യത്തുടനീളമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പടിവാതില്ക്കല് ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസത്തിന് സഹായിക്കുന്ന ഡിജിറ്റല്‍ യൂണിവേഴ്സിറ്റി സ്ഥാപിക്കും', ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. നെറ്റ് വര്‍ക്ക് അടിസ്ഥാനമാക്കിയുള്ള ഹബ് ആന്‍ഡ് സ്പോക്ക് മാതൃകയാണ് ഡിജിറ്റല്‍ സര്‍വകലാശാലാ ഉപയോഗിക്കുക.
ഹബ് എന്നത് അറിവിന്റെ ഉറവിടമാണെങ്കില്‍ സ്പോക്ക് എന്നത് ഉറവിടത്തിന്റെ ലക്ഷ്യസ്ഥാനമാണ്. ഇവിടെ ഹബിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങള്‍ സ്പോക്ക്സിലെത്തി ചേരുകയാണ് ചെയ്യുന്നത്. ഹബ് എന്നത് രാജ്യത്തെ മികച്ച സ്വകാര്യ സര്‍വകലാശാലകളും സ്ഥാപനങ്ങളുമാണെങ്കില് സ്പോക്ക്സ് എന്നത് വിദ്യാര്‍ത്ഥികളാണ്. സ്പോക്ക്സില് ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ അവരുടെ വീടുകളില്‍ ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ പഠനം നടത്തുന്നു.
ഹബ്ബില്‍ തയ്യാറാക്കപ്പെടുന്ന വിവരങ്ങള്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാകുമെന്ന് നിര്‍മല സീതാരാമന് ബജറ്റ് അവതരണ വേളയില്‍ അറിയിച്ചു. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍ (ഐഎസ്ടിഇ) മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും ഡിജിറ്റല്‍ സര്‍വകലാശാല രൂപീകൃതമാവുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പകര്‍ച്ചവ്യാധി മൂലം വിദ്യാഭ്യാസം നഷ്ടപ്പെടുന്നത് നികത്താന്‍ കുട്ടികള്‍ക്ക് അനുബന്ധ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന 1-class-1-tv channel എന്ന ചാനലും രൂപീകരിക്കുമെന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു. പിഎം ഇവിദ്യയുടെ ഭാഗമായിട്ടായിരിക്കും ചാനല്‍ സംപ്രേഷണം ആരംഭിക്കുക.
Content Highlights: digital university to be set up in india