അറിയാം ബജറ്റിനെക്കുറിച്ച് വിശദമായി...


ഡോ.മേരി ജോര്‍ജ്‌

ഇന്ത്യയിൽ ധനകാര്യമന്ത്രാലയത്തിൽ ബജറ്റിന് പ്രത്യേക വിഭാഗമുണ്ട്. ധനമന്ത്രിയാണതിന്റെ തലവൻ. നമ്മുടെ ഭരണഘടനയുടെ 112-ാം ആർട്ടിക്കിൾ അനുസരിച്ച് ഏപ്രിൽ ഒന്നുമുതൽ മാർച്ച് 31 വരെയുള്ള ധനവർഷത്തെ ഇന്ത്യയുടെ വരവുചെലവ് കണക്കുകളുടെ വിശദരൂപം സർക്കാർ പാർലമെന്റിൽ വെക്കണം.

-

ലെതർ ബ്രീഫ്‌കേസ് എന്നർഥമുള്ള Bougette എന്ന ഫ്രഞ്ച് വാക്കിൽനിന്നാണ് ബജറ്റ് എന്ന വാക്കുണ്ടായത്. ഒരു നിശ്ചിതകാലത്തേക്കുള്ള സാമ്പത്തികപദ്ധതിയാണ് ബജറ്റ്. മിക്കവാറും അത് ഒരുവർഷത്തേക്കായിരിക്കും. രാജ്യത്തിനും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും ബജറ്റ് തയ്യാറാക്കാം. വരവും ചെലവുമാണ് മുഖ്യമായും അതിൽ വരുക. വരുമാനം കൂടുതലും ചെലവ് കുറവുമാകുമ്പോൾ മിച്ചബജറ്റ്. വരുമാനം കുറവും ചെലവ് കൂടുതലുമാകുമ്പോൾ കമ്മിബജറ്റ്. വരുമാനവും ചെലവും തുല്യമായിരിക്കുമ്പോൾ ബാലൻസ്ഡ്‌ ബജറ്റ്. ഇന്ത്യയിൽ ധനകാര്യമന്ത്രാലയത്തിൽ ബജറ്റിന് പ്രത്യേക വിഭാഗമുണ്ട്. ധനമന്ത്രിയാണതിന്റെ തലവൻ. നമ്മുടെ ഭരണഘടനയുടെ 112-ാം ആർട്ടിക്കിൾ അനുസരിച്ച് ഏപ്രിൽ ഒന്നുമുതൽ മാർച്ച് 31 വരെയുള്ള ധനവർഷത്തെ ഇന്ത്യയുടെ വരവുചെലവ് കണക്കുകളുടെ വിശദരൂപം സർക്കാർ പാർലമെന്റിൽ വെക്കണം.

അവതരണംബ്രിട്ടീഷ് ഇന്ത്യ പാലിച്ചുവന്ന രീതിയനുസരിച്ച് ഫെബ്രുവരി അവസാന പ്രവൃത്തിദിവസം വൈകീട്ട്‌ അഞ്ചുമണിക്കായിരുന്നു ബജറ്റവതരിപ്പിച്ചിരുന്നത്‌. 2001-ലാണ്‌ അതിനു മാറ്റംവരുന്നത്‌. വാജ്‌പേയി പ്രധാനമന്ത്രിയായിരിക്കുമ്പോൾ ധനമന്ത്രിയായിരുന്ന യശ്വന്ത്‌ സിൻഹ ബജറ്റവതരണം രാവിലെ 11 മണിക്കാക്കി. 2016-ൽ നരേന്ദ്രമോദി സർക്കാരിൽ ധനമന്ത്രിയായിരുന്ന അരുൺ ജെയ്റ്റ്‌ലി അവതരണം ഫെബ്രുവരി ഒന്നിലേക്ക്‌ മാറ്റി. 92 വർഷം പ്രത്യേകമായി അവതരിപ്പിച്ചുകൊണ്ടിരുന്ന റെയിൽവേ ബജറ്റ് പൊതുബജറ്റിന്റെ ഭാഗമാക്കാനും തീരുമാനിച്ചു. ബജറ്റിന് റവന്യൂ ബജറ്റ് എന്നും മൂലധന ബജറ്റ് എന്നും രണ്ടുവിഭാഗങ്ങളുണ്ട്‌.

റവന്യൂ ബജറ്റ്

വിഭവസമാഹരണ മാർഗങ്ങൾ, അവ ചെലവഴിക്കുന്ന വഴി എന്നിവയാണ്‌ പ്രധാനമായും റവന്യൂ ബജറ്റിൽവരുക. രണ്ടുമാർഗങ്ങളിലൂടെയാണ് വിഭവസമാഹരണം നടത്തുന്നത്. നികുതി വരുമാനവും നികുതിയേതര വരുമാനവും. നികുതിവരുമാനംതന്നെ പ്രത്യക്ഷ നികുതി, പരോക്ഷനികുതി എന്നിങ്ങനെ രണ്ടുണ്ട്‌. പ്രധാന പ്രത്യക്ഷനികുതി വ്യക്തികളുടെ വരുമാനത്തിനു ചുമത്തുന്ന നികുതിയാണ്‌ (ഇൻകം ടാക്സ്‌). അതുപോലെത്തന്നെ കമ്പനികളുടെ വരുമാനത്തിൽ ചുമത്തുന്ന നികുതിയും ഇതിൽവരും. ചരക്കുകൾ, സേവനങ്ങൾ എന്നിവയ്ക്ക് ഈടാക്കുന്ന നികുതിയാണ് പരോക്ഷ നികുതി.

2017 ജൂലായ് ഒന്നിന് ചരക്കു-സേവന നികുതി (ജി.എസ്‌.ടി.) നടപ്പാക്കുന്നതുവരെ ഭൂരിഭാഗം പ്രത്യക്ഷ നികുതികളും സേവനനികുതികളും കേന്ദ്രം പിരിച്ചെടുത്ത് സംസ്ഥാനങ്ങളുമായി പങ്കുവെക്കുകയായിരുന്നു. ധനകാര്യക്കമ്മിഷൻ ശുപാർശ അനുസരിച്ചായിരുന്നു വീതംവെക്കൽ. ജി.എസ്.ടി. വന്നതോടെ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് ചരക്കു-സേവന നികുതി പിരിക്കുകയും 50:50 അനുപാതത്തിൽ പങ്കിടുകയുമാണ്. എന്നാൽ, നാലുപ്രധാന നികുതികൾ ചരക്കുനികുതിയിൽ ഉൾപ്പെടാതെ സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽത്തന്നെ തുടരുകയാണ്.

1. ബിവറേജസ് 2. പെട്രോളിയം ഉത്പന്നങ്ങൾ 3. സ്വത്ത് നികുതി 4. വൈദ്യുതിനികുതി

നികുതിയേതര വരുമാനം

പ്രധാനമായും ഭരണ സേവനങ്ങൾ, സാമൂഹികസേവനങ്ങൾ (വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവ), സാമ്പത്തികസേവനങ്ങൾ തുടങ്ങിയവയ്ക്ക് സ്വീകരിക്കുന്ന ഫീസുകളും ഫൈനുകളും തുടങ്ങി നൂറോളം മാർഗങ്ങളുണ്ട്. അവയിൽ 36 എണ്ണം വളരെ പ്രധാനമാണ്.

മൂലധന ബജറ്റ്

മൂലധന സമാഹരണ മാർഗങ്ങളും അവ എങ്ങനെ വിവിധ മേഖലകൾക്കായി വിഭജിക്കപ്പെടുന്നു എന്നുള്ളതുമാണ് ഇതിൽ ഉൾപ്പെടുന്നത്.

ചരിത്രം

ചന്ദ്രഗുപ്തമൗര്യന്റെ കാലത്ത് (ബി.സി. 321-297) പ്രധാനമന്ത്രിയായിരുന്ന ചാണക്യന്റെ കാലത്തോളം പഴക്കമുണ്ട്‌ ബജറ്റിന്റെ ചരിത്രത്തിന്‌. അദ്ദേഹത്തിന്റെ അർഥശാസ്ത്രം പ്രസിദ്ധമാണല്ലോ? ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യബജറ്റ് 1860 ഫെബ്രുവരി 18-നാണ്‌ ധനകാര്യ മന്ത്രി ജെയിംസ് വിൻസൺ അവതരിപ്പിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബജറ്റ് ധനകാര്യമന്ത്രി ആർ.കെ. ഷണ്മുഖൻ ഷെട്ടി 1947 നവംബർ 27-ന്‌ അവതരിപ്പിച്ചു.

ബജറ്റ് കമ്മികൾ

റവന്യൂ കമ്മി

റവന്യൂ വരുമാനത്തെക്കാൾ റവന്യൂ ചെലവുകൾ കൂടിയിരിക്കുന്നത്‌. ശമ്പളം, പെൻഷൻ, പലിശ എന്നിങ്ങനെയുള്ള ആവർത്തന ചെലവുകൾ ആണ്‌ പ്രധാന റവന്യൂ ചെലവുകൾ.

ധനക്കമ്മി

മൊത്തം വരുമാനം മൊത്തം ചെലവിനെക്കാൾ കുറവായിരിക്കുന്നത്‌.

മൊത്തംവരുമാനം = റവന്യൂവരുമാനം+ മൂലധന വരുമാനം.

അതുപോലെ മൊത്തം ചെലവ് എന്നാൽ റവന്യൂ ചെലവ് +മൂലധന ചെലവ്

രാജ്യത്തിന്റെ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ (ജി.ഡി.പി.)യും അനുബന്ധ ഘടകത്തിന്റെയും വളർച്ച സംസ്ഥാനങ്ങൾ നേടുന്ന വളർച്ചയുടെ ആകത്തുകയാണ്.

ജി.ഡി.പി. (മൊത്തം ആഭ്യന്തര ഉത്പാദനം അഥവാ ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്ട്‌സ്) ഒരു രാജ്യത്തിനകത്ത് ഒരു ധനവർഷത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന സാധന സേവനങ്ങളുടെ മൂല്യം വിപണിവിലയിൽ രേഖപ്പെടുത്തുന്നതാണിത്. മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനം (ജി.എസ്.ഡി.പി.)-ഗ്രോസ് സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്ട്‌സ്) ജി.ഡി.പി.ക്ക് കൊടുത്ത അതേ നിർവചനം ഇവിടെയും ബാധകം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022