നിക്ഷേപത്തിനും വായ്പക്കും കെ.എസ്.എഫ്.ഇ.ചിട്ടികൾ


-

ചിറ്റ് / കുറി എന്ന വാക്കിന് കടലാസു കഷ്ണം എന്നാണർത്ഥം. അതിൽ നിന്നാണ് ചിട്ടി / കുറി എന്ന വാക്ക് ഉണ്ടായത്. നിക്ഷേപത്തിന്റേയും വായ്പയുടേയും ഗുണഗണങ്ങൾ സംയോജിപ്പിച്ച സവിശേഷമായ സാമ്പത്തിക പദ്ധതിയാണ് ചിട്ടി. 1982 ലെ കേന്ദ്ര ചിട്ടി നിയമം അനുസരിച്ച് മാത്രമാണ് കെ.എസ്.എഫ്.ഇ. ചിട്ടി നടത്തുന്നത്. ഈ നിയമം അനുസരിച്ച് ഇന്ത്യൻ ഗവൺമെന്റ് ചിട്ടിയെ നിർവചിക്കുന്നത് ഇപ്രകാരം ആണ്. 'ചിട്ട്, ചിറ്റ്ഫണ്ട്, ചിട്ടി, കുറി എന്ന പേരുകളിൽ അറിയപ്പെടുന്ന പണമിടപാടിൽ ഒരാൾ ഒരു കൂട്ടം ആളുകളുമായി കരാറിൽ ഏർപ്പെടുകയാണ്. ആ കരാർ പ്രകാരം എല്ലാവരും ഒരു പ്രത്യേക സംഖ്യ ആവർത്തന സ്വഭാവമുള്ള തവണകളായി ഒരു പ്രത്യേക കാലയളവിനുള്ളിൽ അടയ്‌ക്കേണ്ടതാണ്. ഓരോ ഇടപാടുകാരനും ലേലം വഴിയോ നറുക്കു വഴിയോ ചിട്ടി എഗ്രിമെന്റിൽ പറഞ്ഞിട്ടുള്ള മറ്റേതെങ്കിലും രീതി വഴിയോ ചിട്ടിപ്പണം കൈപ്പറ്റാനുള്ള ഊഴം ഒരുക്കിയിട്ടുണ്ട്.''. അതിനാൽ പൊതുജനങ്ങൾക്ക് ഇതൊരു സുരക്ഷാപദ്ധതിയാണ്. 1000 രൂപ മുതൽ 6,00,000/ രൂപ വരെ വ്യത്യസ്ത ഗുണിതങ്ങളിൽ ഉള്ള പ്രതിമാസത്തവണ സംഖ്യയും സാധാരണഗതിയിൽ 30 മാസം, 40 മാസം, 50 മാസം, 60 മാസം, 100മാസം 120 മാസം കാലാവധിയും ഉള്ള ചിട്ടികൾ കെ.എസ്.എഫ്.ഇ. നടത്തി വരുന്നു.

കാലാവധി തീരും വരെ മൊത്തം അടയ്ക്കുന്ന സംഖ്യയാണ് ഗ്രോസ് ചിട്ടിത്തുക. ഏറ്റവും താഴ്ത്തി വിളിയ്ക്കുന്ന വരിക്കാരന്/ വരിക്കാരിക്ക് വിളിച്ചെടുത്ത അത്രയും തുക ' നെറ്റ് ചിട്ടിത്തുക'യായി നൽകുന്നു. നിലനിൽക്കുന്ന നിയമം അനുസരിച്ച് താഴ്ത്തി വിളിയ്ക്കാവുന്ന സംഖ്യ ചിട്ടിത്തുകയുടെ വ്യത്യസ്ത ചിട്ടികളിൽ 30, 35, 40 ശതമാനമായി നിജപ്പെടുത്തിയിരിക്കുന്നു. അത്തരം ചിട്ടികളിൽ 30, 35, 40 ശതമാനം തുക താഴ്ത്തി വിളിക്കാൻ ഒന്നിൽ കൂടുതൽ പേർ ഉണ്ടെങ്കിൽ, അവരുടെ പേരുകൾ നറുക്കിട്ട് ഒരാളെ തെരഞ്ഞെടുക്കുന്നതാണ്. അങ്ങനെ, ഓരോ ചിറ്റാളനും ഒരു ചിട്ടിയുടെ കാലാവധിക്കിടയിൽ ഒരു വട്ടം നെറ്റ് ചിട്ടിത്തുക സ്വീകരിക്കാവുന്നതാണ്. എല്ലാ വരിക്കാരും ചിട്ടി തീരും വരെ പ്രതിമാസത്തവണസംഖ്യ അടയ്‌ക്കേണ്ടതാണ്. ലേലക്കിഴിവ് കുറച്ച് ആ വ്യക്തിയ്ക്ക് കിട്ടുന്ന സംഖ്യയാണ് നെറ്റ് ചിട്ടിത്തുക. ഗ്രോസ്സ് ചിട്ടിത്തുകയ്ക്കും നെറ്റ് ചിട്ടിത്തുകയ്ക്കും ഇടയിലുള്ള വ്യത്യാസം, ലേലക്കിഴിവിനെ, ഡിസ്‌ക്കൗണ്ട് എന്നു പറയുന്നു. ഈ ഡിസ്‌ക്കൗണ്ട് ചിട്ടിയിലെ എല്ലാ ചിറ്റാളന്മാർക്കും തത്തുല്ല്യമായി വിതരണം ചെയ്യുന്നു. ഇങ്ങനെ ഓരോരുത്തർക്കും കിട്ടുന്ന കിഴിവിനെ വീതോഹരി (ഡിസ്‌ക്കൗണ്ട് ഷെയർ) എന്ന് വിളിക്കുന്നു.

മൾട്ടിഡിവിഷൻ ചിട്ടിയുടെ കാര്യത്തിൽ, ഓരോ മാസവും നറുക്ക് ലഭിക്കുന്ന വ്യക്തിയുടെ എണ്ണം ഡിവിഷനുകളുടെ എണ്ണത്തിന് തുല്യമായിരിക്കും 100 മാസത്തിൽ കൂടുതൽ കാലാവധിയുള്ള മൾട്ടി ഡിവിഷൻ ചിട്ടി 40% വരെ കുറച്ച് ലേലം ചെയ്യാവുന്നതാണ്. 60 മാസം മുതൽ 100 മാസം ദൈർഘ്യമുള്ള ചിട്ടികളെ 35% വരെയും. കൂടാതെ 60 ൽ താഴെയുളള ചിട്ടികൾ 30% വരെയും കുറച്ച് ലേലം ചെയ്യാം.

ചിട്ടിലേലത്തിന്റെ രീതിശാസ്ത്രം നേരത്തെ പറഞ്ഞ പോലെത്തന്നെയാണ്. ഓരോ ഡിവിഷനിൽ നടക്കുന്ന ലേലത്തിലും എല്ലാവർക്കും പങ്കെടുക്കാം. അതായത് 4 ഡിവിഷനുകൾ ഉള്ള ചിട്ടിയിൽ ഒരേ സമയം മൂന്ന് ലേലങ്ങളാണ് ഉണ്ടാകുക. താത്പര്യമുള്ള എല്ലാവർക്കും കൃത്യമായി തവണ സംഖ്യ അടച്ച എല്ലാവരേയും ഉൾപ്പെടുത്തിയാണ് നറുക്കെടുപ്പ് നടത്തുക. അതിൽ വിജയിക്കുന്ന വ്യക്തിക്ക് മുൻപൻ കമ്മീഷൻ ആയ 5% തുക ഗ്രോസ്സ് ചിട്ടിത്തുകയിൽ നിന്നും കുറച്ച് നെറ്റ് ചിട്ടിത്തുകയായി നൽകുന്നതാണ്.

നിശ്ചിത തവണത്തീയ്യതിയിൽ ചിട്ടി അടക്കാത്തവർക്ക് തവണ സംഖ്യയിന്മേൽ പിഴപ്പലിശ ചുമത്തുന്നതാണ്. അതുപോലെത്തന്നെ ചിട്ടിവിളിച്ച് നെറ്റ് ചിട്ടിത്തുക കൈപ്പറ്റിയ വ്യക്തികൾ തവണത്തീയതിയിലോ അതിന് മുമ്പായോ തവണ സംഖ്യ അടച്ചില്ലെങ്കിൽ വീതാദായം ലഭിക്കുന്നതല്ല.

ചിട്ടി ലേലത്തിൽ എങ്ങനെ പങ്കെടുക്കാം?

ചിട്ടി ലേലത്തിൽ നേരിട്ട് ഹാജരാകാം.
തനിക്ക് വേണ്ടി ലേലം ചെയ്യാൻ പ്രോക്‌സിയായി മറ്റൊരു വ്യക്തിയെ ഏർപ്പെടുത്താം.
ശാഖാ മാനേജരെ പ്രോക്‌സിയായി ഏർപ്പെടുത്താം.

നെറ്റ് ചിട്ടിത്തുക ലഭിയ്ക്കാനുള്ള ജാമ്യ വ്യവസ്ഥകൾ

സാലറി സർട്ടിഫിക്കറ്റ്, ഭൂസ്വത്ത്, ഡെപ്പോസിറ്റ് രസീതുകൾ, സ്വർണം, വിളിക്കാത്ത ചിട്ടി പാസ് ബുക്ക്, എൽഐസി പോളിസി, ബാങ്ക് ഗ്യാരണ്ടി മുതലായവയാണ് ചിട്ടിക്ക് വേണ്ടിയുള്ള ജാമ്യ വ്യവസ്ഥകൾ. നെറ്റ് ചിട്ടിത്തുക കൈപ്പറ്റുമ്പോൾ പ്രസ്തുത ചിട്ടിയിൽ എത്ര മാസത്തവണകൾ ബാക്കിയുണ്ടോ ആ സംഖ്യയെ പ്രതിമാസത്തവണ സംഖ്യ കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന സംഖ്യയാണ് ആ വ്യക്തിയുടെ ഭാവി ബാധ്യത. ഭാവി ബാധ്യതയുടെ ഉറപ്പിന് അനുയോജ്യമായ ജാമ്യങ്ങളാണ് നൽകേണ്ടത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram