പാഠം 21: ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്ക് ലക്ഷങ്ങള്‍ നേടാം


ആന്റണി

4 min read
Read later
Print
Share

പെന്‍ഷന്‍ പ്ലാനാണെങ്കിലും ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കുവേണ്ടിയും എന്‍പിഎസിലൂടെ നിക്ഷേപിക്കാം.

പെന്‍ഷന്‍ പദ്ധതികള്‍ ദീര്‍ഘകാലത്തേയ്ക്കുള്ളതാണ്. എന്നാല്‍ ഏറെ ജനപ്രിതി നേടിയ എന്‍പിഎസി(നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം)ലെ നിക്ഷേപം ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്കുവേണ്ടികൂടി ഉപകരിക്കുമെന്ന് അധികമാര്‍ക്കും അറിയില്ല.

ഹ്രസ്വകാല ആവശ്യങ്ങള്‍ക്കായി പണം സമാഹരിക്കാന്‍ എന്‍പിഎസിലെ ടിയര്‍ ടു അക്കൗണ്ട് ഉപകരിക്കും. അങ്ങനെവരുമ്പോള്‍ പെന്‍ഷന്‍ പദ്ധതിക്കായി ടിയര്‍ ഒന്ന് അക്കൗണ്ട് തിരഞ്ഞെടുക്കുന്നയാള്‍ക്ക് ടിയര്‍ ടു അക്കൗണ്ടിലൂടെ സമാന്തരമായി ഹ്രസ്വകാല ആവശ്യങ്ങളും നിറവേറ്റാം.

നേട്ടമുണ്ടാക്കാന്‍ രണ്ട് വഴികള്‍
ഹ്രസ്വകാലത്തിലും ദീര്‍ഘകാലത്തിലും എന്‍പിഎസ് ടിയര്‍ ടു അക്കൗണ്ട് വഴി നേട്ടമുണ്ടാക്കാന്‍ അവസരമുണ്ട്.

ടിയര്‍ 1 അക്കൗണ്ടില്‍ പ്രതിവര്‍ഷം അടയ്‌ക്കേണ്ട ചുരുങ്ങിയ തുക ആറായിരമാണ്. പരമാവധി 50,000 രൂപവരെയുള്ള നിക്ഷേപത്തിനാണ് (80സിസിഡി(1ബി))ആദായ നികുതിയിളവ് ലഭിക്കുക. 80സി പ്രകാരമുള്ള 1.5ലക്ഷം രൂപയ്ക്കുപുറമെയാണിത്. നികുതിയിളവ് ലഭിക്കുന്നതിന് നിങ്ങള്‍ക്ക് ആവശ്യമുള്ള തുക ടിയര്‍ 1 അക്കൗണ്ടില്‍ നിക്ഷേപിക്കുക. ദീര്‍ഘകാല പദ്ധതിയായതിനാല്‍ ഇക്വിറ്റി ഒപ്ഷന്‍ തിരഞ്ഞെടുക്കുക.

ഇനി ടിയര്‍ ടു അക്കൗണ്ടിലേയ്ക്കുവരാം. ഹ്രസ്വകാലയളവിലെ നിക്ഷേപ ലക്ഷ്യത്തിനായി ഡെറ്റ് ഓപ്ഷന്‍ സ്വീകരിക്കാം. അതേസമയം, റിട്ടയര്‍മെന്റ് നിക്ഷേപത്തിനാണ് പ്രാധാന്യം നല്‍കുന്നതെങ്കില്‍ ഇക്വിറ്റി ഓപ്ഷനില്‍ ദീര്‍ഘകാലം നിക്ഷേപം തുടരുക.

ടിയര്‍ ടു അക്കൗണ്ടിലെ നിക്ഷേപം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാന്‍ കഴിയും. അതുകൊണ്ട് റിട്ടയര്‍മെന്റിനുള്ള നിക്ഷേപം പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കാതിരിക്കുക.

60 വയസാകുമ്പോള്‍ ടിയര്‍ 1 അക്കൗണ്ടിലുള്ള തുകയുടെ 40 ശതമാനം നിര്‍ബന്ധമായും ആന്വിറ്റി പ്ലാന്‍ വാങ്ങാന്‍ വിനിയോഗിക്കണം. എന്നാല്‍ ടിയര്‍ ടു അക്കൗണ്ടിലെ നിക്ഷേപം പൂര്‍ണമായും ഇഷ്ടമുള്ളിടത്ത് നിക്ഷേപിക്കാനുള്ള അവസരവുമുണ്ട്.

ആന്വിറ്റി പദ്ധതികളേക്കാള്‍ നേട്ടം നല്‍കുന്ന വരുമാന പദ്ധതികളില്‍ നിക്ഷേപിക്കാനുള്ള അവസരമാണ് ടിയര്‍ 2 അക്കൗണ്ടില്‍ നിക്ഷേപം നടത്തുന്നതിലൂടെ ലഭിക്കുന്നത്.

അതിനായി ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കേണ്ടതില്ല. നിക്ഷേപ ചെലവിന്റെയും നേട്ടത്തിന്റെയും കാര്യത്തില്‍ ഫണ്ടുകളേക്കാല്‍ ഒരു ചുവട് മുന്നിലാണ്‌ എന്‍പിഎസ് എന്നകാര്യത്തില്‍ സംശയമില്ല. മൂലധന നേട്ടത്തിനുള്ള നികുതിയളവിന്റെ കാര്യത്തില്‍മാത്രമാണ് ഫണ്ടുകള്‍ക്കുള്ള ഇന്‍ഡക്‌സേഷന്‍ ബനഫിറ്റ് എന്‍പിഎസിനില്ലാത്തത്.

എന്‍പിഎസ് ടിയര്‍ 2: അറിയേണ്ടതെല്ലാം
ആദ്യം എന്‍പിഎസില്‍ ടിയര്‍ 1 അക്കൗണ്ട് തുടങ്ങാം. എങ്കില്‍മാത്രമേ ടിയര്‍ 2 അക്കൗണ്ട് തുടങ്ങാന്‍ അനുവദിക്കൂ. ഇഎന്‍പിഎസ് പോര്‍ട്ടല്‍(httsp://enps.nsdl.com/) വഴി ഓണ്‍ലൈനായി അക്കൗണ്ടില്‍ ചേരാം. സൈറ്റിലെത്തി ടിയര്‍ 1 അക്കൗണ്ടിന് ആവശ്യമുള്ള നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കുക. നോമിനിയുടെ പേരും നല്‍കാം.

അപേക്ഷയില്‍ പെന്‍ഷന്‍ ഫണ്ട് മാനേജരെ തിരഞ്ഞെടുക്കേണ്ടിവരും(ആവശ്യമെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ പെന്‍ഷന്‍ ഫണ്ട് മാനേജരെ മാറ്റാന്‍ നിക്ഷേപകന് കഴിയും). ഇനി നിക്ഷേപ ആസ്തി വിഭജന(അസറ്റ് അലോക്കേഷന്‍)മാണ്. ഓഹരി, കടപ്പത്രം, സര്‍ക്കാര്‍ ബോണ്ടുകള്‍ എന്നിവയുടെ അനുപാതം നിക്ഷേപകന് തന്നെ തീരുമാനിക്കാന്‍ അവസരമുണ്ട്. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ 'ഓട്ടോ ഓപ്ഷന്' അവസരമുണ്ട്.

പാന്‍കാര്‍ഡിന്റെയും ക്യാന്‍സല്‍ ചെയ്ത ചെക്കിന്റെയും സ്‌കാന്‍ ചെയ്ത ഫയല്‍ അപ് ലോഡ് ചെയ്യുകയാണ് ഇനി വേണ്ടത്.

ഇതെല്ലാം പൂര്‍ത്തിയാക്കിയാല്‍ ആദ്യതുക അടയ്ക്കുന്നതിന് പെയ് മെന്റ് ഗേറ്റ് വേയിലേയ്ക്കായിരിക്കും പോകുക. 1000 രൂപയെങ്കിലും ആദ്യം അടയ്‌ക്കേണ്ടിവരും. എന്‍എസ്ഡിഎലു (നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ്)മായി ലിങ്ക് ചെയ്തി'ട്ടുള്ള 17 ബാങ്കുകളിലൊന്നില്‍ അക്കൗണ്ട് ഉണ്ടായാല്‍ മതി. നിങ്ങളുടെ ബാങ്ക് ഈ സംവിധാനവുമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡോ, ക്രഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് പണം കൈമാറാം.

പണം കൈമാറിക്കഴിഞ്ഞാല്‍ ലഭിക്കുന്ന ഫോം പ്രിന്റ് ചെയ്ത് പാന്‍ കാര്‍ഡിന്റെ കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ക്യാന്‍സല്‍ ചെയ്ത ചെക്ക് എന്നിവ സൈറ്റില്‍ കാണിച്ചിട്ടുള്ള വിലാസത്തില്‍ അയക്കണം. ആധാര്‍വഴി വെരിഫിക്കേഷന്‍ നടത്തുകയാണെങ്കില്‍ അപേക്ഷയില്‍ ഫോട്ടോ പതിക്കേണ്ടതില്ല.

നേരിട്ട് എങ്ങനെ ചേരാം?
പിഒപി എന്നറിയപ്പെടുന്ന പോയിന്റ്‌സ് ഓഫ് പ്രസന്‍സ് എന്ന അംഗീകൃത എന്‍പിഎസ് സേവന ദാതാക്കളുടെ ശാഖകള്‍ മുഖേന അക്കൗണ്ട് തുറക്കാം. ബാങ്ക് ശാഖകള്‍, പോസ്റ്റ് ഓഫീസുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ബ്രോക്കിങ് ഹൗസുകള്‍ എന്നിവിടങ്ങളില്‍ പദ്ധതിയില്‍ ചേരാനുള്ള മാര്‍ഗനിര്‍ദേശം ലഭിക്കും.

യുഒഎസ്-എസ് 1 എന്ന രജിസ്‌ട്രേഷന്‍ ഫോം പിഒപിയില്‍ നല്‍കണം. എന്‍എസ്ഡിഎല്‍(www.npscra.nsdl.co.in)നിന്നോ പിഎഫ്ആര്‍ഡിഎയുടെ വെബ്‌സൈറ്റില്‍(http://www.pfrda.org.in/) നിന്നോ ഡൗണ്‍ ലോഡ് ചെയ്യാം. അക്കൗണ്ട് തുറന്നാല്‍, വെല്‍ക്കം കിറ്റ് ലഭിക്കും. അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളെല്ലാം ഇവയിലുണ്ടാകും.

പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ഒരു പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍(പിആര്‍എഎന്‍)നല്‍കും. രാജ്യത്ത് എവിടേയ്ക്ക് താമസം മാറ്റിയാലും ഈ നമ്പര്‍ മാറ്റുകയോ പുതിയത് എടുക്കുകയോ ചെയ്യേണ്ടതില്ല.

പദ്ധതിയില്‍ ചേരുന്ന നിക്ഷേപകന് പണം എവിടെ നിക്ഷേപിക്കണമെന്ന് നേരത്തെതന്നെ തീരുമാനിക്കാം. ഇക്വിറ്റി(ഇ), കോര്‍പ്പറേറ്റ് ബോണ്ട്(സി),സര്‍ക്കാര്‍ സെക്യൂരിറ്റി(ജി) എന്നിവയിലേതെങ്കിലുമോ ഇവയുടെ പ്രത്യേക അനുപാതമോ സ്വീകരിക്കാം. ഉദാഹരണത്തിന് ഓഹരിയിലും ബോണ്ടുകളിലും 50ഃ50 അനുപാതത്തില്‍ നിക്ഷേപിക്കാം.

ഇങ്ങനെ തിരഞ്ഞെടുത്തില്ലെങ്കില്‍ ഓട്ടോ ചോയ്‌സ് ഓപ്ഷന്‍ പ്രകാരമായിരിക്കും നിങ്ങളുടെ പണം നിക്ഷേപിക്കുക. ലൈഫ് സൈക്കിള്‍ ഫണ്ട് എന്ന ഓട്ടോ ചോയ്‌സില്‍ നിക്ഷേപകന്റെ പ്രായത്തിനനുസരിച്ച് വിവിധയിനം നിക്ഷേപ പദ്ധതികള്‍ ഉണ്ട്.

ഓഹരിയോ, കടപ്പത്രമോ, സര്‍ക്കാര്‍ സെക്യൂരിറ്റിയോ?
നിക്ഷേപ ആസൂത്രണത്തിന് സാമ്പത്തിക ആസുത്രകര്‍ സ്ഥിരമായി പറയുന്ന ഒരു ഫോര്‍മുലയുണ്ട്. സ്വന്തം വയസിനെ 100 കിഴിച്ചാല്‍ കിട്ടുന്നത് എത്രയാണോ അത്രയും ശതമാനമാകാം ഓഹരിയിലെ നിക്ഷേപമെന്നാണ്. അതായത് നിങ്ങള്‍ക്ക് 40 വയസാണെങ്കില്‍ 60 ശതമാനം ഓഹരിയില്‍ നിക്ഷേപിക്കാം. (എന്‍പിഎസില്‍ പരമാവധി ഓഹരി നിക്ഷേപം 50 ശതമാനമാണ്). 50 വയസാണെങ്കില്‍ 50 ശതമാനവും 60 വയസാണെങ്കില്‍ 40 ശതമാനവും ഓഹരിയില്‍ നിക്ഷേപിക്കാം.

വയസ് മാത്രമല്ല, റിസ്‌ക് ഏറ്റെടുക്കാനുള്ള നിങ്ങളുടെ ശേഷിയെക്കൂടി വിലയിരുത്തിവേണം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍. സമ്പാദ്യ ശേഷി, ആശ്രിതരുടെ എണ്ണം, മാനസികാവസ്ഥ എന്നിവയ്ക്കുകൂടി മുന്‍തൂക്കംനല്‍കണം. ഏഴ് മുതല്‍ 10 വര്‍ഷ കാലാവധിയിലുള്ള ഓഹരി നിക്ഷേപത്തില്‍നിന്ന് മറ്റേതൂ നിക്ഷേപത്തേക്കാളും മികച്ച നേട്ടം ലഭിക്കുന്നതായി കാണാം.

ലളിതമായ മാര്‍ഗം സ്വീകരിക്കാം. റിട്ടയര്‍മെന്റിന് പത്ത് വര്‍ഷമെങ്കിലും കാലാവധിയുണ്ടെങ്കില്‍ 50 ശതമാനം ഓഹരിയില്‍ നിക്ഷേപിക്കാം. ഇത് പ്രകാരം 'ഇ' ചോയ്‌സ് സ്വീകരിക്കാം. 55 വയസ്സുള്ള ഓരാളാണെങ്കില്‍ അതായത് അഞ്ച് വര്‍ഷംമാത്രമേ പെന്‍ഷനാകാന്‍ കാലാവധിയുള്ളൂ എങ്കില്‍ ഇയില്‍നിന്ന് 'സി'യിലേയ്ക്ക് മാറുക. അതുവരെ 'ഇ'യില്‍ തുടര്‍ന്നതിനാല്‍ ഓഹരിയില്‍നിന്ന് ലഭിച്ച പരമാവധിനേട്ടവുമായിട്ടായിരിക്കും 'സി'യിലെത്തുക. അത് മൂലധനത്തിന് സൂരക്ഷ നല്‍കും.

വര്‍ഷത്തിലൊരിക്കല്‍ ചോയ്‌സ് മാറാനുള്ള അവസരം നല്‍കുന്നുണ്ട്.

ഫണ്ട് മാനേജര്‍മാര്‍
എച്ച്ഡിഎഫ്‌സി പെന്‍ഷന്‍ മാനേജ്‌മെന്റ്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ പെന്‍ഷന്‍ ഫണ്ട്‌സ്, കൊട്ടക് മഹീന്ദ്ര പെന്‍ഷന്‍ ഫണ്ട്, എല്‍ഐസി പെന്‍ഷന്‍ ഫണ്ട്, റിലയന്‍സ് ക്യാപിറ്റല്‍ പെന്‍ഷന്‍ ഫണ്ട്, എസ്ബിഐ പെന്‍ഷന്‍ ഫണ്ട്, യുടിഐ റിട്ടയര്‍മെന്റ് സൊലൂഷന്‍സ് എന്നിവയാണ് പെന്‍ഷന്‍ഫണ്ട് കൈകാര്യം ചെയ്യുന്നത്.

feedbacks to:
antonycdavis@gmail.com

എന്‍പിഎസിന്റെ പ്രത്യേകതകള്‍,
നേട്ടങ്ങള്‍ കോട്ടങ്ങള്‍,
ആന്വിറ്റി പ്ലാന്‍ എന്നിവയെക്കുറിച്ചറിയാന്‍
പാഠം 22 കാണുക

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram