കുറഞ്ഞ ചെലവിൽ വീടിന് നേടാം ഇൻഷുറൻസ് പരിരക്ഷ


വിശ്വനാഥൻ ഒടാട്ട്

പ്രകൃതിദുരന്തങ്ങൾ തുടർക്കഥയാകുമ്പോൾ കിടപ്പിടം എങ്ങനെ സുരക്ഷിതമാക്കാം...?

പ്രകൃതിദുരന്തങ്ങൾ പ്രവചിക്കാനാവാത്ത വിധം വർധിച്ചുവരികയാണ്. കഴിഞ്ഞ നാലു വർഷത്തെ കണക്കുകൾ ഇതിനു തെളിവാണ്. ദുരന്തങ്ങൾ മൂലം വലിയ നാശനഷ്ടങ്ങളാണ് നമുക്കിടയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത്തരം കഷ്ടനഷ്ടങ്ങൾ പൂർണമായും നികത്താൻ ആർക്കുംതന്നെ കഴിയാത്ത അവസ്ഥയിൽ നാം സ്വയം സുരക്ഷിതരായേ മതിയാവൂ. ഇത്രയേറെ അനുഭവങ്ങൾ നമുക്ക് ഉണ്ടായിട്ടും, പ്രകൃതിദുരന്തങ്ങളെ നമുക്ക് പൂർണമായും തടയാൻ സാധിക്കാത്തത്, സുരക്ഷിതമാർഗങ്ങൾ സ്വീകരിക്കാൻ നമ്മെ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.

വെള്ളപ്പൊക്കം മൂലം വീട്, സ്ഥാപനങ്ങൾ മുതലായവ തകർന്നുവീഴുക, തീപിടിത്തം മൂലം നാശനഷ്ടങ്ങൾ സംഭവിക്കുക, കാറ്റുമൂലം മരങ്ങൾ കടപുഴകി വീണ് മേൽക്കൂരകൾ തകരുക, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവ മൂലം വീടും സാധനസാമഗ്രികളും നശിച്ചുപോവുക, വൈദ്യുതി ഷോർട്ട് സർക്യൂട്ട്, ഗ്യാസ് പൊട്ടിത്തെറി എന്നിവ മൂലം തീപടർന്ന് നാശനഷ്ടം സംഭവിക്കുക, തീവ്രവാദം മൂലം കെട്ടിടങ്ങൾക്കോ വസ്തുവകകൾക്കോ നാശനഷ്ടം സംഭവിക്കുക, ഭൂമികുലുക്കം ഉണ്ടായി വീടിനോ സ്ഥാപനങ്ങൾക്കോ വിള്ളലുണ്ടാവുകയോ ഉപയോഗ ശൂന്യമാവുകയോ ചെയ്യുക, ആളുകൾ കൂട്ടംകൂടി അതിക്രമിച്ചുകയറി വീടിനോ സ്ഥാപനങ്ങൾക്കോ നാശനഷ്ടം വരുത്തുക, വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാവുക, വാഹനങ്ങൾ നിയന്ത്രണംതെറ്റി വന്ന് വസ്തുവകകൾക്ക് നാശനഷ്ടമുണ്ടാവുക എന്നീ റിസ്‌കുകളെയെല്ലാം കവർ ചെയ്യുന്നത് ‘ഫയർ ഇൻഷുറൻസ്’ പോളിസിയിലൂടെയാണ്.വീടും സ്ഥാപനങ്ങളും ഫയർ ഇൻഷുറൻസ് എടുക്കുന്നതിനു മുമ്പായി അത് ഇൻഷുർ ചെയ്യേണ്ട തുക എത്രയാണെന്ന് നിശ്ചയിച്ചിരിക്കണം. കെട്ടിടം, വീട് എന്നിവയ്ക്ക് അത് പുനർ നിർമിക്കാനുള്ള തുകയ്ക്കായിരിക്കണം ഇൻഷുർ ചെയ്യേണ്ടത്. ഉദാ: 1,000 ചതുരശ്രയടി വീട് നിർമിക്കാൻ 25 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ ഇൻഷുർ ചെയ്യുന്ന തുക 25 ലക്ഷം രൂപയ്ക്കായിരിക്കണം. ഇക്കൂട്ടത്തിൽ വീട്ടിലെ സാധനസാമഗ്രികളും (ഫർണിച്ചർ, ഇന്റീരിയർ, ഇലക്‌ട്രിക്കൽ-ഇലക്‌ട്രോണിക് സാധനങ്ങൾ, അടുക്കളസാമഗ്രികൾ, വസ്ത്രങ്ങൾ, വ്യക്തിഗത സാധനസാമഗ്രികൾ) എന്നിവ ഉൾപ്പെടുത്തി ഇൻഷുർ ചെയ്യാവുന്നതാണ്‌. സ്ഥാപനമാണെങ്കിൽ അതിനുള്ളിലുള്ള വസ്തുവകകൾ എന്താണെന്നും എത്രത്തോളമുണ്ടെന്നും തിട്ടപ്പെടുത്തി ഇൻഷുർ ചെയ്യാവുന്നതേയുള്ളു. തുക കുറച്ചുകാണിച്ച് ഇൻഷുർ ചെയ്യുമ്പോൾ ക്ലെയിം ഉണ്ടാവുന്ന അവസരത്തിൽ അതിന് ആനുപാതികമായ തുക കിഴിച്ച് മാത്രമേ ക്ലെയിം തുക ലഭിക്കുകയുള്ളു.

സുനാമി, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, കാലാവസ്ഥാ വ്യതിയാനം മുതലായവ ഈ അടുത്തകാലത്തായി കൂടിവരുന്നു എന്നത് വസ്തുതയാണ്. ഇത് സംഭവിക്കുന്നതിനു മുമ്പ് ഇത്തരം റിസ്കുകളെപ്പറ്റി പറയുമ്പോൾ ഭൂരിഭാഗം പേരും വിശ്വസിക്കാറില്ല എന്നതാണ് വാസ്തവം.

1900-ാമാണ്ട് ഫെബ്രുവരി എട്ടിന് പാലക്കാട് പ്രഭവകേന്ദ്രമായി ഒരു ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 6.4 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയ ഈ ഭൂചലനത്തിൽ അക്കാലത്തു തന്നെ കേരളത്തിൽ ആൾനാശവും വസ്തുനാശവും ഉണ്ടായി. ഭാവിയിൽ ഇത്തരത്തിലുള്ള ഭൂചലനങ്ങൾ തീർത്തും ഉണ്ടാവില്ലെന്ന് ആർക്കും പറയാൻ പറ്റില്ല. ഇവിടെയാണ് സംരക്ഷണത്തിന്റെ പ്രാധാന്യം എത്രത്തോളം വലുതാണെന്ന് നാം പഠിക്കുന്നത്. അതുകൊണ്ട് ഭൂമികുലുക്കം മൂലമുള്ള റിസ്കുകളിൽ നിന്ന്‌ നാം പൂർണമായും ഒഴിവായിട്ടില്ല എന്ന വസ്തുത ഓർക്കുന്നത് നന്നായിരിക്കും. പ്രത്യേകിച്ച്, ബഹുനിലക്കെട്ടിടങ്ങൾ ഏറ്റവും കൂടുതലുള്ള നമ്മുടെ നാട്ടിൽ.

വാഹനങ്ങൾപോലെ വീടിനും പരിരക്ഷ
വാഹനങ്ങൾ നാം ഇൻഷുർ ചെയ്യുന്നു. കാരണം, അത് പൊതുനിരത്തിൽ ഓടിക്കണമെങ്കിൽ ഇൻഷുറൻസ് നിർബന്ധമാണ്. കെട്ടിടങ്ങൾക്കും വീടിനും നാം നികുതി അടയ്ക്കാറുണ്ട്. അതും നിർബന്ധമാണ്. എന്നാൽ, ഒരു വീടിന് അടയ്ക്കുന്ന നികുതിയേക്കാൾ കുറഞ്ഞ തുക മതി, അതിനെ ഇൻഷുർ ചെയ്ത് സംരക്ഷിക്കാൻ.

വീട് ഇൻഷുർ ചെയ്യുമ്പോൾ ഗേറ്റ്, ചുറ്റുമതിൽ, കിണർ, റൂഫിങ് എന്നിവ കൂടി ഉൾപ്പെടുത്തി ഇൻഷുർ ചെയ്താലേ നാശനഷ്ടമുണ്ടാകുമ്പോൾ അവയ്ക്കും നഷ്ടപരിഹാരം ലഭിക്കുകയുള്ളു.

ശരിയായ രീതിയിൽ ഇൻഷുർ ചെയ്താൽ മാത്രമേ ക്ലെയിം ഉണ്ടായാൽ നഷ്ടപരിഹാരം പ്രതീക്ഷിച്ചപോലെ ലഭിക്കുകയുള്ളു. പ്രൊപ്പോസൽ ഫോമിൽ നാം നൽകുന്ന വിവരങ്ങളെ ആസ്പദമാക്കിയാണ് പോളിസി തയ്യാറാക്കുക. ഇൻഷുർ ചെയ്യുന്ന വസ്തുവകകളുടെ വിലാസം, ഡോർ നമ്പർ, പിൻ കോഡ്, ഇൻഷുർ ചെയ്യുന്ന തുക, വസ്തുവകകളുടെ വിവരങ്ങൾ എന്നിവ വളരെയധികം പ്രാധാന്യമുള്ള വിവരങ്ങളാണ്. വീടും വസ്തുവകകളും ഉൾപ്പെടുത്തി 15-ഓളം റിസ്കുകൾ കവർ ചെയ്യുന്ന ‘ഭാരത് ഗൃഹരക്ഷാ പോളിസി’ എടുക്കാൻ വേണ്ടിവരുന്ന വാർഷിക പ്രീമിയം എത്രയാണെന്ന് പരിശോധിക്കാം.

table

ദീർഘകാലത്തേക്ക് എടുക്കാം
ഇന്ത്യയിലെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജനറൽ ഇൻഷുറൻസ് കമ്പനികളാണ് ‘ഭാരത് ഗൃഹരക്ഷാ പോളിസി’ നൽകുന്നത്. പോളിസി തിരഞ്ഞെടുക്കുന്നതിന് മുൻപായി അതതു കമ്പനികൾ കഴിഞ്ഞ വർഷങ്ങളിൽ നൽകിയ ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ മനസ്സിലാക്കുന്നത് നന്നായിരിക്കും. ഒപ്പംതന്നെ പ്രീമിയം നിരക്ക്, ഒരു ക്ലെയിം ഉണ്ടായാൽ അത് തീർപ്പാക്കാനുള്ള പ്രാദേശിക സഹായങ്ങൾ എന്നിവകൂടി പരിഗണിക്കുന്നത് നന്നായിരിക്കും. ഭാരത്ഗൃഹരക്ഷാ പോളിസി ദീർഘകാലത്തേക്ക് (10 വർഷം വരെ) എടുക്കുന്നതിനും സൗകര്യമുണ്ട്. ദീർഘകാല പോളിസിയിൽ പ്രീമിയത്തിൽ ഇളവുകളും നൽകുന്നുണ്ട്.

(തൃശ്ശൂർ ആസ്ഥാനമായുള്ള എയിംസ് ഇൻഷുറൻസ് ബ്രോക്കിങ് കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ് ലേഖകൻ)
odatt@aimsinsurance.in

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022