രാജ്യത്തെ ബാങ്കിങ് മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് കിട്ടാക്കടം പെരുകുന്നു. രാജ്യത്തെ 19 മുൻനിര ബാങ്കുകളുടെയും കൂടി മൊത്തം കിട്ടാക്കടം സപ്തംബർ 30ന് അവസാനിച്ച പാദത്തിൽ 2.6 ലക്ഷം കോടി രൂപയായി ഉയർന്നു. 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തോതാണ് ഇത്. 2015 മാർച്ച് 31ന് ഇത് 2.3 ലക്ഷം കോടിയായിരുന്നു.
സാമ്പത്തിക വർഷം അവസാനിക്കുന്നതോടെ രാജ്യത്തെ ബാങ്കുകളുടെ എല്ലാം കൂടി മൊത്തം കിട്ടാക്കടം (അറ്റ നിഷ്‌ക്രിയ ആസ്തി -എൻ.പി.എ.) നാല് ലക്ഷം കോടി രൂപയിലെത്തുമെന്നാണ് പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ ക്രിസിലിന്റെ അനുമാനം. വൻകിട കോർപ്പറേറ്റുകളാണ് ഏറ്റവുമധികം കിട്ടാക്കടം വരുത്തിയിരിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി മൂലം പല പദ്ധതികളും പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നതാണ് കിട്ടാക്കടം ഉയരാൻ കാരണമായത്. സ്റ്റീൽ, ഖനനം, വ്യോമയാനം, ഊർജം, ടെക്‌സ്റ്റൈൽ, റിയൽ എസ്റ്റേറ്റ് മേഖലകളിലെ കമ്പനികളാണ് ഏറ്റവുമധികം കിട്ടാക്കടം വരുത്തിയിരിക്കുന്നത്.
പൊതുമേഖലയിൽ അലഹബാദ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവ മാത്രമാണ് കിട്ടാക്കടത്തിന്റെ തോത് കുറച്ചത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ കിട്ടാക്കടം മൊത്തം വായ്പയുടെ 3.77 ശതമാനമായി ഉയർന്നു. ഒരു വർഷം മുമ്പ് ഇത് 3.12 ശതമാനമായിരുന്നു.
രാജ്യത്തെ ബാങ്കിങ് രംഗത്ത് കിട്ടാക്കടം പെരുകുന്നത് വെല്ലുവിളി സൃഷ്ടിക്കുന്നതാണെന്ന് റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അതിനിടെ, കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്്‌ലി പൊതുമേഖലാ ബാങ്ക് മേധാവികളുടെ യോഗം വിളിച്ചിട്ടുണ്ട്. ബാങ്കുകളുടെ പ്രകടനം വിലയിരുത്തുന്നതിനും വായ്പാ ഡിമാൻഡ് ഉയർത്തുന്നതിനും വേണ്ടിയാണ് ഇത്. തിങ്കളാഴ്ചയാണ് യോഗം.
കിട്ടാക്കടത്തിലെ താരം വിജയ് മല്യ
പൂട്ടിക്കിടക്കുന്ന വിമാനക്കമ്പനിയായ കിങ്ഫിഷർ എയർലൈൻസ്, ബാങ്കുകൾക്ക് ഏതാണ്ട് 7,000 കോടി രൂപയുടെ കിട്ടാക്കടം വരുത്തിയത് മദ്യരാജാവ് വിജയ് മല്യയെ വെട്ടിലാക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. അദ്ദേഹത്തെ കരമ്പട്ടികയിൽ പെടുത്തി. ‘മനപ്പൂർവം കിട്ടാക്കടം വരുത്തിയവരുടെ’ (wilful defaulter) കൂട്ടത്തിലാണ് അദ്ദേഹത്തെ പെടുത്തിയിരിക്കുന്നത്.
മല്യയ്ക്ക് പുറമെ, അദ്ദേഹത്തിന്റെ കമ്പനികളായ കിങ്ഫിഷർ എയർലൈൻസ്, യുണൈറ്റഡ് ബ്രുവറീസ് എന്നിവയെയും ‘വിൽഫുൾ ഡിഫോൾട്ടർ’ ആയി പ്രഖ്യാപിച്ചു. എസ്.ബി.ഐ.യുടെ നേതൃത്വത്തിൽ 17 ബാങ്കുകൾ അടങ്ങിയ കൺസോർഷ്യമാണ് അദ്ദേഹത്തിന് വായ്പ നൽകിയിരുന്നത്. 2010-ൽ മൊത്തം 6,900 കോടി രൂപയാണ് വായ്പ എടുത്തത്. ഇതിൽ 1,600 കോടി രൂപയും എസ്.ബി.ഐ. ആണ് നൽകിയത്.
പഞ്ചാബ് നാഷണൽ ബാങ്ക്, ഐ.ഡി.ബി.ഐ. ബാങ്ക് എന്നിവ 800 കോടി രൂപ വീതവും ബാങ്ക് ഓഫ് ഇന്ത്യ 650 കോടി രൂപയും തിരിച്ചുപിടിക്കാനുണ്ട്. ബാങ്ക് ഓഫ് ബറോഡ (550 കോടി രൂപ), സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ (410 കോടി), യൂകോ ബാങ്ക് (320 കോടി), കോർപ്പറേഷൻ ബാങ്ക് (310 കോടി), സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ (150 കോടി), ഇന്ത്യൻ ഓവർസീസ് ബാങ്ക് (140 കോടി), ഫെഡറൽ ബാങ്ക് (90 കോടി), പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് (60 കോടി), ആക്സിസ് ബാങ്ക് (50 കോടി) എന്നിവയാണ് മറ്റു ബാങ്കുകൾ.
കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി കിങ്ഫിഷറിന്റെ ആസ്തികൾ ലേലം ചെയ്യുകയാണ് ബാങ്കുകളുടെ കൺസോർഷ്യം. കാറുകൾ, മെഷീനുകൾ, ലിഫ്റ്റുകൾ, അഗ്നിശമന യന്ത്രങ്ങൾ എന്നിവയൊക്കെ ലേലം ചെയ്യും. എസ്.ബി.ഐ. ക്യാപ് ട്രസ്റ്റിന്റെ നേതൃത്വത്തിലായിരിക്കും നടപടി. ഡിസംബർ ഏഴിനായിരിക്കും ലേലം.