തിരുവനന്തപുരം: സി.പി.എം. നിയന്ത്രണത്തിലുള്ള റബ്കോയടക്കം നാല് സ്ഥാപനങ്ങൾ സംസ്ഥാന, ജില്ലാ ബാങ്കുകൾക്ക് നൽകാനുള്ള കടം സർക്കാർ ഏറ്റെടുക്കുന്നു. കേരളബാങ്ക് രൂപവത്കരണത്തിന് സംസ്ഥാന, ജില്ലാ സഹകരണ ബാങ്കുകളുടെ കുടിശ്ശിക തീർക്കുന്നതിനുവേണ്ടിയാണ് കോടികളുടെ സർക്കാർ സഹായം.
വായ്പാ തിരിച്ചടവ് മുടങ്ങി വലിയ തുക കുടിശ്ശികയായ സ്ഥാപനങ്ങളുടെ കടമാണ് സർക്കാർ ഏറ്റെടുക്കുന്നത്. ഈ തുക സർക്കാർ വായ്പയാക്കി മാറ്റും. ഇതിനായി 306 കോടിരൂപ നൽകും. ഇതിൽ 238 കോടി രൂപ റബ്‌കോയ്ക്ക് മാത്രമാണ്. കുടിശ്ശികയായ മറ്റു ചെറിയ വായ്പകളും ഒത്തുതീർപ്പാക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.
ഇതിനുപുറമേ, ക്രമരഹിതമായി ചെലവഴിച്ചതായി സഹകരണ വകുപ്പിന്റെ ഓഡിറ്റിൽ കണ്ടെത്തുകയും തടഞ്ഞുവെക്കുകയും ചെയ്ത 330 കോടിയോളം രൂപ മുഴുവനായി കണക്കിൽനിന്ന് ഒഴിവാക്കും. ഇതിൽ, 140 കോടിരൂപ അനധികൃതമായി കെട്ടിടവും മറ്റും നിർമിച്ച വകയിലുള്ളതാണ്. 190 കോടി അനർഹമായി ചെലവഴിച്ചതും. ഇവ ക്രമപ്പെടുത്തി, കണക്കിൽനിന്ന് മായ്ക്കാനാണ് നിർദേശം.
ഒരു സ്ഥാപനത്തിന്റെ ബാലൻസ്ഷീറ്റ് സത്യസന്ധമായ കണക്കുപുസ്തകമാകണമെന്നാണ് റിസർവ് ബാങ്ക് പറയുന്നത്. ഓഡിറ്റിൽ തടഞ്ഞുവെച്ച തുകകൾ സസ്‌പെൻസായി രേഖപ്പെടുത്തുന്നത് റിസർവ് ബാങ്ക് അനുവദിക്കില്ല. അതുകൊണ്ടാണ് കണക്ക് മായ്ക്കുന്നത്.
14 ജില്ലാ സഹകരണ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപവത്കരിക്കുന്നത്. ജില്ലാബാങ്കുകളുടെ ശരാശരി ലാഭത്തിനെക്കാൾ കൂടുതലാണ് സംസ്ഥാന സഹകരണ ബാങ്കിന്റെ നഷ്ടം. കേരളബാങ്കിനുള്ള അപേക്ഷ പരിഗണിച്ച റിസർവ് ബാങ്ക് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
ലാഭത്തിലുള്ള ജില്ലാബാങ്കുകളെ നഷ്ടത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കുമ്പോഴുള്ള ആശങ്കയും ആർ.ബി.ഐ. പ്രകടിപ്പിച്ചിരുന്നു. ഇതുപാടില്ലെന്നും ജില്ലാ ബാങ്കുകളുടെ എല്ലാ സേവനങ്ങളും നൽകാൻ പര്യാപ്തമായതും സാമ്പത്തിക അടിത്തറയുള്ളതുമായ ബാങ്കായിരിക്കണം സംസ്ഥാന സഹകരണ ബാങ്കെന്നും റിസർവ് ബാങ്ക് നിഷ്കർഷിച്ചു. ഇത് ഉറപ്പുവരുത്തണമെന്നും കേരളബാങ്കിന് തത്ത്വത്തിൽ അനുമതി നൽകിയപ്പോൾ റിസർവ് ബാങ്ക് ഉപാധിവെച്ചു.
കൂടുതൽ കുടിശ്ശിക റബ്കോയ്ക്ക്
റബ്‌കോയുടെ വായ്പയാണ് സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളിലെ വലിയ കുടിശ്ശിക. 93.97 കോടിയാണ് സംസ്ഥാന സഹകരണ ബാങ്കിന് റബ്‌കോ നൽകാനുള്ളത്. പല ജില്ലാബാങ്കുകൾക്കായി 144.38 കോടിരൂപയും. കൂടുതലും നൽകാനുള്ളത് എറണാകുളം ജില്ലാബാങ്കിനാണ്.
റബ്ബർ മാർക്ക് 41 കോടിയും മാർക്കറ്റ് ഫെഡ് 27 കോടി രൂപയും സംസ്ഥാന സഹകരണ ബാങ്കിന് നൽകാനുണ്ട്. ഈ നാലു വായ്പകളിൽമാത്രം 306.47 കോടിരൂപയാണ് കിട്ടാക്കടം. ഇതാണ് ഇപ്പോൾ സർക്കാർ ഏറ്റെടുക്കുന്നത്.
ഈ വായ്പകൾക്കുപുറമേ, കിട്ടാക്കടമായി കിടക്കുന്ന എല്ലാ വായ്പകളും തീർപ്പാക്കാൻ ജില്ലാ ബാങ്ക് അഡ്മിനിസ്‌ട്രേറ്റർമാരായ ജോയന്റ് രജിസ്ട്രാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പരമാവധി ഇളവുനൽകി തീർപ്പാക്കാനാണ് നിർദേശം. ഇതിന് രജിസ്ട്രാറുടെ അനുമതി ആവശ്യമെങ്കിൽ അത് അടിയന്തരമായി നൽകണം. ഓരോ ബാങ്കിനും ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. നിഷ്‌ക്രിയ ആസ്തിയാകുന്ന ഇത്തരം വായ്പകൾക്ക് തുല്യമായ തുക ബാങ്ക് കരുതലായി സൂക്ഷിക്കേണ്ടതുണ്ട്. സർക്കാർ പണം നൽകുന്നതോടെ ഇതൊഴിവാക്കാനാകും.
നൽകുന്നത് സർക്കാർ വായ്പ
കേരളബാങ്ക് രൂപവത്കരണത്തിന് റിസർവ് ബാങ്ക് മുന്നോട്ടുവെച്ച നിബന്ധനങ്ങൾ പാലിക്കുകയാണ് സർക്കാർ ചെയ്യുന്നത്. അതിലൊന്ന് നിഷ്‌ക്രിയ ആസ്തി കുറയ്ക്കണമെന്നതാണ്. ചില സഹകരണ സ്ഥാപനങ്ങൾക്ക് നൽകിയ വായ്പയാണ് പ്രധാനമായും കുടിശ്ശികയായി കിടക്കുന്നത്. ഇതൊഴിവാക്കാനായി ഈ സഹകരണ സ്ഥാപനങ്ങൾക്ക് സർക്കാർ വായ്പ അനുവദിക്കുകയാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. അവരിനി സർക്കാരിലേക്ക് പണം തിരിച്ചടയ്ക്കണം. അതിനുള്ള കരാറും ഉണ്ടാക്കുന്നുണ്ട്. അല്ലാതെ ആർക്കെങ്കിലും ഇളവുനൽകുന്ന നടപടി ഇതിലില്ല.-കടകംപള്ളി സുരേന്ദ്രൻ, സഹകരണമന്ത്രി
content highlights: kerala bank formation