ബിസിനസ് രംഗത്ത് കേരളത്തിനു മുന്നിലെത്താന്‍...


ടി.എസ്. ചന്ദ്രന്‍

3 min read
Read later
Print
Share

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളം നേടിയ മേൽക്കൈ സംരംഭ വികസന രംഗത്തും നേടാനായാൽ സ്വിറ്റ്‌സർലൻഡ്‌, സിങ്കപ്പൂർ, ഡെൻമാർക്ക്‌ എന്നീ രാജ്യങ്ങളിലെ ആളോഹരി വരുമാനത്തിലേക്ക്‌ കേരളത്തേയും എത്തിക്കാൻ കഴിയും.

Photo:Mathrubhumi

ബിസിനസ്‌ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 28-ാം സ്ഥാനത്തേക്ക്‌ പിൻതള്ളപ്പെട്ടിരിക്കുന്നു. സംരംഭ രംഗത്ത്‌ നിൽക്കുന്നവരെ അദ്‌ഭുതപ്പെടുത്തിയ ഒരു റിപ്പോർട്ടാണ്‌ ഇവിടെ പുറത്തുവന്നത്‌. 21-ാം സ്ഥാനത്തുനിന്നാണ്‌ ഈ വീഴ്ച. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടങ്ങുന്ന പട്ടികയിലാണ്‌ ഈ സ്ഥാനം എന്നത്‌ ആശ്വാസത്തിന്‌ വക നൽകുന്നില്ല. ആന്ധ്രപ്രദേശ്‌ ഒന്നാം സ്ഥാനത്തും യു.പി. രണ്ടാം സ്ഥാനത്തും തെലങ്കാന മൂന്നാം സ്ഥാനത്തുമാണ്‌. തമിഴ്‌നാടിനു പോലും 14-ാം സ്ഥാനമുണ്ട്‌.

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ്‌ ഫോർ പ്രൊമോഷൻ ഓഫ്‌ ഇൻഡസ്‌ട്രീസ്‌ ആൻഡ്‌ ഇന്റേണൽ ട്രേഡ്‌ ആണ്‌ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും റാങ്കിങ്ങുകൾ നിശ്ചയിക്കുന്നത്‌.

10 ഘടകങ്ങൾ/മാനദണ്ഡങ്ങൾ

1. ഒരു ബിസിനസ്‌ ആരംഭിക്കുക. 2. നിർമാണ അനുമതികൾ ലഭ്യമാക്കുക. 3. വൈദ്യുതി കണക്ഷൻ ലഭ്യമാക്കുക. 4. വസ്തു വാങ്ങുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും ക്രയവിക്രയം ചെയ്യുന്നതിനും എടുക്കുന്ന സമയവും ചെലവും. 5. വായ്പ നേടുക. 6. നിക്ഷേപകരെ സംരക്ഷിക്കുക. 7. നികുതി അടയ്ക്കൽ പ്രക്രിയ. 8. അതിർത്തികൾ ഇല്ലാതെ വ്യാപാരം ചെയ്യുന്നതിനുള്ള രേഖകൾ, ചെലവ്‌, സമയം. 9. കരാറുകൾ പാലിക്കുക, അത്‌ നടപ്പാക്കുന്നതിലെ സമയവും ചെലവും. 10. പാപ്പരത്വ നടപടികൾക്കുള്ള സമയം, ചെലവ്‌ (Resolving insolvency).

ഈ 10 ഘടകങ്ങൾ/മാനദണ്ഡങ്ങൾ ആണ്‌ സംരംഭ സൗഹൃദത്തിന്റെ ഉരകല്ലായി പരീക്ഷിച്ചുവരുന്നത്‌. സംസ്ഥാനതലത്തിൽ മാത്രമല്ല ജില്ലാ തലത്തിലും ഈ മാനദണ്ഡങ്ങൾ അനുസരിച്ച്‌ വ്യവസായ സൗഹൃദ അന്തരീക്ഷത്തെ വിലയിരുത്തുന്നത്‌ സംരംഭ സമൂഹത്തിന്‌ ഏറെ ഗുണം ചെയ്യും.

കേരളത്തിന്റെ സവിശേഷ സാഹചര്യം

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളം നേടിയ മേൽക്കൈ സംരംഭ വികസന രംഗത്തും നേടാനായാൽ സ്വിറ്റ്‌സർലൻഡ്‌, സിങ്കപ്പൂർ, ഡെൻമാർക്ക്‌ എന്നീ രാജ്യങ്ങളിലെ ആളോഹരി വരുമാനത്തിലേക്ക്‌ കേരളത്തേയും എത്തിക്കാൻ കഴിയും.

സാങ്കേതിക യോഗ്യതയുള്ള ഏറെ യുവാക്കൾ തൊഴിൽരഹിതരായി മാറുന്ന സാഹചര്യത്തിലും നൈപുണ്യമുള്ള പ്രവാസികൾ തൊഴിൽ നഷ്ടപ്പെട്ട്‌ തിരികെയെത്തുന്ന സാഹചര്യത്തിലും കേരളം കൂടുതൽ സംരംഭ സൗഹൃദമാകേണ്ടിയിരിക്കുന്നു.

കേരളത്തെ സംരംഭ സൗഹൃദമാക്കാൻ ക്രിയാത്മകമായ പല നടപടികളും കേരള സർക്കാർ കൈക്കൊണ്ടു. ആയതിന്റെ ഫലങ്ങൾ ഇനിയുള്ള വർഷങ്ങളിലേ പ്രതിഫലിക്കുകയുള്ളൂ.

2018-ലെ കേരള ഇൻവെസ്റ്റ്‌മെന്റ്‌ പ്രൊമോഷൻ ആൻഡ്‌ ഫെസിലിറ്റേഷൻ ആക്ട്‌ നിലവിൽ വന്നത്‌ 2018 ഏപ്രിൽ 13-നു മാത്രമാണ്‌. ഈ രംഗത്ത്‌ കേരളം നടത്തിയ വലിയ ചുവടുവയ്പായിരുന്നു ഇത്‌. ലൈസൻസിങ്‌ സമ്പ്രദായത്തെ അപ്പാടെ മാറ്റിമറിച്ചു. നടപടികൾ സുതാര്യവും ലളിതവും സമയബന്ധിതവും ആക്കി. ഇതിന്റെ ഓൺലൈൻ സംവിധാനം നിലവിൽ വന്നത്‌ 2019 ജനുവരിയിലാണ്‌. എന്നിട്ടും മാസങ്ങൾ എടുത്തു ‘കെ-സ്വിഫ്‌റ്റ്‌’ എന്ന ഓൺലൈൻ പ്ളാറ്റ്‌ഫോം പ്രവർത്തന സജ്ജമാകാൻ. അതുകൊണ്ടുതന്നെ, 2019-ലെ റാങ്കിങ്ങിൽ ഈ ആക്ടിന്റെ ഗുണവശങ്ങൾ പരിഗണിക്കാൻ സാധ്യതയില്ല.

മുൻകൂർ ലൈസൻസുകൾ എടുക്കാതെ ബിസിനസ്‌ തുടങ്ങാനുള്ള നിയമം സംസ്ഥാന സർക്കാർ കൊണ്ടുവന്നത്‌ 2019-ലാണ്‌. കേരള മൈക്രോ, േസ്മാൾ ആൻഡ്‌ മീഡിയം എന്റർപ്രൈസസ്‌ ഫെസിലിറ്റേഷൻ ആക്ട്‌-2019 നിലവിൽ വന്നത്‌ 2019 ഡിസംബർ ഏഴിനാണ്‌. ഇതിന്റെ ഗുണവശങ്ങൾ ഇനിയും പരിഗണിക്കപ്പെടാൻ പോകുന്നതേയുള്ളു.

മലിനീകരണ നിയന്ത്രണ ബോർഡുകൾ പോലുള്ള കേന്ദ്ര ഏജൻസികളുടെ അനുമതിയിൽനിന്ന്‌ ഇളവ്‌ നൽകാത്തതിനാൽ ഈ നിയമം സംരംഭകർക്ക്‌ ഉദ്ദേശിച്ച പ്രയോജനം നൽകാനായിട്ടില്ല.

അടിയന്തര നടപടികൾ വേണം

സംസ്ഥാനം കൊണ്ടുവന്ന നിക്ഷേപ സൗഹൃദ നിയമങ്ങൾ ഫലപ്രാപ്തിയിൽ എത്താൻ തുടർ നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു.

മുൻകൂർ ലൈസൻസുകൾ എടുക്കാതെ സംരംഭങ്ങൾ തുടങ്ങുന്നതിന്‌ കൊണ്ടുവന്നതാണ്‌ 2019-ലെ എം.എസ്‌.എം.ഇ. ഫെസിലിറ്റേഷൻ നിയമം. അതനുസരിച്ച്‌ 10 കോടിയിൽ താഴെ നിക്ഷേപമുള്ളതും റെഡ്‌ കാറ്റഗറിയിൽ വരാത്തതുമായ സംരംഭങ്ങൾ മാത്രമേ തുടങ്ങാൻ കഴിയൂ. അതുകൊണ്ടുതന്നെ, കേന്ദ്ര നിയമങ്ങളിൽ കൂടി ഇളവ്‌ സമ്പാദിക്കുക എളുപ്പമാണ്‌. അതിലേക്കുള്ള നടപടികൾ ത്വരിതപ്പെടുത്താനും എല്ലാത്തരം ഫാമുകൾക്കും സംരംഭ വികസന പ്രവൃത്തികൾക്കും ഈ നിയമമനുസരിച്ച്‌ അനുമതി നൽകാനും കഴിയണം.

വ്യവസായ സ്ഥാപനങ്ങളിൽനിന്ന്‌ കെട്ടിട നികുതിയും തൊഴിൽ നികുതിയും ഈടാക്കാൻ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അനുവദിക്കാവൂ. ലൈസൻസ്‌, പരിശോധനാ അധികാരങ്ങൾ പൂർണമായും എടുത്തുമാറ്റണം.

സംരംഭങ്ങൾക്കുള്ള വസ്തു രജിസ്‌ട്രേഷന്‌ പ്രത്യേക നിയമ നിർമാണം കൊണ്ടുവരണം. സ്റ്റാമ്പ്‌ ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ്‌ എന്നിവയിൽ ഇളവ്‌ നൽകണമെന്നില്ല. നടപടികൾ ലളിതവും പ്രത്യേകവും ആക്കണം.

നിക്ഷേപകരെ സംരക്ഷിക്കുന്നതിന് ഒരു പ്രത്യേക നിധി രൂപവത്‌കരിക്കണം. സംസ്ഥാന സർക്കാരും കേരള ബാങ്കും (അല്ലെങ്കിൽ കെ.എസ്‌.ഐ.ഡി.സി./കെ.എഫ്‌.സി) സംയുക്തമായി ഇതിലേക്ക്‌ സംഭാവന ചെയ്യണം. നിക്ഷേപങ്ങൾക്ക്‌ പരിരക്ഷ നൽകാൻ ഈ തുക ഉപയോഗിക്കണം.

രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പ്രവർത്തനങ്ങളിൽ സംരംഭ സൗഹൃദ മനോഭാവം സൃഷ്ടിക്കുന്നതിനു കൂടി പരിഗണന നൽകണം. ട്രേഡ്‌ യൂണിയൻ നേതാക്കളെ നല്ല രീതിയിൽ ബോധവത്‌കരിക്കണം.

സംരംഭ വായ്പകൾ ലഭ്യമാക്കുന്നതിൽ സർക്കാർ ഇടപെടൽ ശക്തമാക്കണം. പല ധനകാര്യ സ്ഥാപനങ്ങളുടെയും മനോഭാവം സംരംഭ സൗഹൃദമല്ല. ഉദാഹരണം: ഒരു പ്രമുഖ പൊതുമേഖലാ ബാങ്കിലേക്ക്‌ പി.എം. ഇ.ജി.പി. പദ്ധതി പ്രകാരം 2019-20-ൽ കേരളത്തിൽനിന്ന്‌ അയച്ചത്‌ 1,280 അപേക്ഷകളാണ്‌. 393 അപേക്ഷൾ അനുവദിച്ചു. 973 അപേക്ഷകൾ നിരസിച്ചു. ഇതിനെക്കുറിച്ച്‌ പ്രത്യേക അന്വേഷണം പോലും നടക്കാത്ത സാഹചര്യമാണ്‌ നിലനിൽക്കുന്നത്‌.

ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ നിക്ഷേപകരെയും പ്രവാസി നിക്ഷേപകരെയും കേരളത്തിലേക്ക്‌ കൊണ്ടുവരുന്നതിനും സംരംഭ നടത്തിപ്പിനും ഒരു ടാസ്ക്‌ ഫോഴ്‌സിന്‌ രൂപം നൽകുന്നത്‌ ഏറെ ഗുണം ചെയ്യും.

ഒരു ബിസിനസ്‌ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമെങ്കിൽ പ്രവർത്തനം അവസാനിപ്പിക്കുന്നതിനുമുള്ള നടപടികൾ എളുപ്പമാക്കുക എന്നതാണ്‌ ബിസിനസ്‌ എളുപ്പമാക്കൽ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. അതിന്‌ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പരിഷ്കരണമാണ്‌ വേണ്ടത്‌.

(സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ്‌ മുൻ ഡെപ്യൂട്ടി ഡയറക്ടറും സംരംഭകത്വ പരിശീലകനുമാണ്‌ ലേഖകൻ)
chandrants666@gmail.com

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram