മിക്ക രാഷ്ട്രങ്ങളോടും നയതന്ത്ര-വാണിജ്യ ബന്ധമില്ലാതെ ഒറ്റയ്ക്ക് കഴിയുന്ന ഉത്തര കൊറിയ എങ്ങനെ പണമുണ്ടാക്കുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ? ഞെട്ടേണ്ട. ഒരിത്തിരി സൈഡ് ബിസിനസ്. അത് എന്താണെന്നോ? മയക്കുമരുന്ന്, വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങൾ, കള്ളപ്പണം, കള്ളനോട്ടുകൾ ഇവയിലൊക്കെയുള്ള ഇടപാടുകൾ.... ഇതൊക്കെയായിരുന്നു ഉത്തര കൊറിയ ഈ അടുത്തകാലം വരെ നടത്തിയിരുന്ന പ്രധാന ബിസിനസ്.
നല്ലരീതിയിൽ പണമുണ്ടാക്കാൻ െെകയിലിരിപ്പു കൊണ്ട് ആരും സമ്മതിക്കുന്നില്ല, അപ്പോൾപ്പിന്നെ തട്ടിപ്പ് തന്നെ ശരണം. ഇതാണ് രാഷ്ട്രത്തലവൻ കിം ജോങ് ഉന്നിന്റെ ലൈൻ. തലയ്ക്ക് വെളിവില്ലാത്ത ഒരു ഭരണകൂടം ഇതൊന്നും ചെയ്തില്ലെങ്കിലേ അദ്ഭുതമുള്ളൂ.
ഇപ്പോൾ എല്ലാം ഡിജിറ്റൽ അല്ലേ, അങ്ങനെ ഇവരും ഒന്ന് മാറ്റിപ്പിടിക്കാൻ തുടങ്ങി. ബിറ്റ് കോയിൻ പോലെയുള്ള ക്രിപ്റ്റോ കറൻസി ഇടപാടുകളിലേക്ക് ഉത്തര കൊറിയയും കുറച്ചുകാലം മുന്നേ തിരിഞ്ഞു. ഇവിടെയും തരികിട വഴികളിലൂടെയാണ് പണമുണ്ടാക്കാൻ നോക്കുന്നത്. മൈനിങ് ഹാർഡവേർ ഒക്കെ വാങ്ങി മൈനിങ് ചെയ്യുന്നത് ഒക്കെ ഇവർ ചെയ്യുമോ? ഇല്ലല്ലോ. പിന്നെ പണം കൊടുത്ത് വാങ്ങുമോ? അതുമില്ല. അപ്പോൾ പിന്നെ? സംശയമെന്താ, മോഷണം! ആദ്യം മറ്റുള്ളവരുടെ ക്രിപ്റ്റോ കറൻസികൾ മോഷ്ടിക്കുക, അല്ലെങ്കിൽ നേരായ മാർഗങ്ങളിലൂടെയല്ലാതെ അവരിൽനിന്ന് സംഘടിപ്പിക്കുക.
അതിപ്പോൾ ഹാക്ക് ചെയ്ത് ചോദിക്കുന്ന റാൻസം (മോചന ദ്രവ്യം) ബിറ്റ് കോയിൻ ആയി ചോദിക്കും. ഇങ്ങനെ സ്വരൂപിച്ച കോയിനെല്ലാം പിന്നീട് വിലകൂടിയ സമയത്ത് വിറ്റ് ലാഭം കൊയ്യുക. ഇതാണ് പരിപാടി. മൊത്തം മോഷണമായതുകൊണ്ട് എത്രയ്ക്ക് വിറ്റാലും ലാഭംതന്നെ എന്നുള്ള ഒരു റിലാക്സേഷനുണ്ട്.
ഇക്കഴിഞ്ഞ മാസങ്ങളിൽ ദക്ഷിണ കൊറിയൻ ബിറ്റ് കോയിൻ എക്സ്ചേഞ്ചായ യൂബിറ്റിനെ ലക്ഷ്യംവച്ച് നടന്ന ആക്രമണങ്ങൾക്ക് പിന്നിൽ ഉത്തരകൊറിയ ആണെന്നത് തെളിഞ്ഞിട്ടുണ്ട്. ഇതുകൂടാതെ ഏഴു കോടിയിലധികം ഡോളറിന്റെ ബിറ്റ് കോയിൻ ഇവിടെനിന്ന് മോഷണംപോയ സംഭവവും കിം ജോങ് ഉന്നിന്റെ ഹാക്കർമാർ നടത്തിയതാണ്. ഗതിയില്ലാതെ, ഇക്കഴിഞ്ഞ ആഴ്ച ഈ എക്സ്ചേഞ്ച് കച്ചവടംനിർത്തി സ്ഥലം കാലിയാക്കി. ദക്ഷിണ കൊറിയയിലെ തന്നെ ബിറ്റ് തംബ് എന്ന എക്സ്ചേഞ്ചും ഉത്തര കൊറിയയിൽ നിന്നുള്ള നിരന്തര സൈബർ ആക്രമണ ഭീഷണിയിലാണ്.
ബംഗ്ളാദേശിലെ ഒരു ബാങ്കിൽനിന്ന് കഴിഞ്ഞവർഷം മോഷ്ടിച്ച പത്തുകോടി ഡോളറിനും 2013-ലെ ദക്ഷിണ കൊറിയൻ ബാങ്കിങ് മേഖലയെ തളർത്തിയ ആക്രമണത്തിനു പിന്നിലും ഉത്തര കൊറിയ തന്നെയാണ്. അങ്ങനെ നോക്കിയാൽ സൈബർ ആക്രമണങ്ങളുടെ കെ.ഡി. ലിസ്റ്റ് ഉണ്ടാക്കിയാൽ ഇവരുടെ പേര് എന്തായാലും കാണും.
ഇവർ എങ്ങനെ ഈ ആക്രമണങ്ങൾ നടത്തുന്നു എന്നത് കൃത്യമായി അറിയില്ലെങ്കിലും ഒരു കാര്യം സ്പഷ്ടമാണ്. കിമ്മിന്റെ ആളുകൾ ക്രിപ്റ്റോ കറൻസികൾ സ്വരൂപിച്ച് ലാഭം കൊയ്യാൻ എന്തും ചെയ്യും എന്ന അവസ്ഥയിലാണ് ഇന്ന്. വിപണിയിലെ അനിശ്ചിതത്വത്തെ മുതലെടുത്ത് വിലകൂട്ടി, അല്ലെങ്കിൽ കൂടുന്നതുവരെ കാത്തിരുന്നു, വിപണിയിൽ അസ്വാഭാവിക ചലനങ്ങൾ ഉണ്ടാക്കി വിപണിയെ നിയന്ത്രിക്കാനാണ് ഇവർ കരുക്കൾ നീക്കുന്നത്. ഇക്കഴിഞ്ഞ ആഴ്ചകളിൽ ക്രിപ്റ്റോ കറൻസികളുടെ വില ആകാശംമുട്ടെ ഉയർന്നതോടുകൂടി ഉത്തര കൊറിയ െെകയിലുള്ള ക്രിപ്റ്റോ കറൻസികൾ എല്ലാം വിറ്റ് കാശാക്കുന്നു എന്നാണ് പറയപ്പെടുന്നത്.
അനധികൃത പണമിടപാടുകൾ നടത്താൻ ഉത്തര കൊറിയയ്ക്ക് ക്രിപ്റ്റോ കറൻസിയെക്കാളും നല്ല വേറൊരു വഴി ഇല്ല. ട്രംപുമായി ഉടക്കിനിൽക്കുന്ന ഉത്തരകൊറിയ പലപ്പോഴും പിടിച്ചുനിൽക്കുന്നതുതന്നെ തങ്ങളുടെ ആണവായുധ ശക്തിയും മിസൈൽ പരീക്ഷണവും ഒക്കെ കാണിച്ച് അമേരിക്കയെ ഞെട്ടിച്ചാണ്. ഏത് നിമിഷവും ട്രംപ് തങ്ങളെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നുള്ള തോന്നലാകാം കിമ്മിനെ ക്രിപ്റ്റോ ഇടപാടുകൾ വഴി പണമുണ്ടാക്കാൻ പ്രേരിപ്പിക്കുന്നത്.
ലോകത്ത് നടക്കുന്ന ക്രിപ്റ്റോ കറൻസി ഇടപാടുകളിൽ എൺപത് ശതമാനവും നടക്കുന്നത് ജപ്പാൻ, ദക്ഷിണ കൊറിയ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലാണ്. സാധാരണക്കാരായ നിക്ഷേപകർ ഇതിലേക്ക് വരുന്നതിന് രണ്ട് പ്രധാന കാരണങ്ങൾ ഉണ്ട്. ഒന്ന്, പെട്ടെന്ന് പണമുണ്ടാക്കാനുള്ള മോഹം. രണ്ടാമത്തേത്, പണം നിക്ഷേപിക്കാനുള്ള മറ്റു വഴികളുടെ അഭാവം. ഇതുകൂടാതെ ഡിജിറ്റൽ രീതിയിൽ പണമിടപാടുകൾ നടത്തുന്നത് പരിചിതമായ ഒരു ജനതകൂടിയായതുകൊണ്ടും കൂടിയാണ് ഈ രാജ്യങ്ങളിൽ ക്രിപ്റ്റോ കറൻസി ഇടപാടുകൾക്ക് പ്രചാരം ലഭിക്കുന്നത് എന്നുവേണം പറയാൻ. ഇന്ത്യയിലും ചെറിയതോതിലെങ്കിലും ക്രിപ്റ്റോ കറൻസി വാങ്ങി പണമുണ്ടാക്കാൻ നിക്ഷേപകർ ഇറങ്ങുന്നുണ്ട്.
ഇക്കഴിഞ്ഞ ആഴ്ചകളിൽ ക്രിപ്റ്റോ കറൻസികളുടെ മൂല്യത്തിലുണ്ടായ വർധനയും അതിൽനിന്ന് ലാഭം കൊയ്തവരിൽ കിമ്മും ടീമും ഉണ്ടെന്ന് നിസ്സംശയം പറയാം. െെകയിലുള്ള ക്രിപ്റ്റോ കറൻസികൾ കുറേ യൊക്കെ വിറ്റസ്ഥിതിക്ക് എവിടുന്നെങ്കിലും ഇനിയും മോഷ്ടിക്കാൻ പദ്ധതി തയ്യാറാക്കുകയാവും കിമ്മും അദ്ദേഹത്തിന്റെ ഹാക്കർമാരും ചെയ്യുന്നത്. അമേരിക്കയുമായുള്ള ഉരസലുകൾ കൂടുംതോറും ആണവായുധ ശക്തി വർധിപ്പിക്കാൻ പണം വേണം. അതിനുവേണ്ടി പുതിയ സൈബർ ആക്രമണങ്ങൾ ഉത്തര കൊറിയ നടത്തും എന്നതിൽ സംശയമില്ല.