ചായപ്പൊടി വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക: മായം ചേര്‍ക്കല്‍ പതിവാണ്‌


രേഷ്മ ഭാസ്‌കരന്‍

3 min read
Read later
Print
Share

കാലാവസ്ഥയും മണ്ണിന്റെ ഗുണനിലവാരവും ഭൂമിഘടനയും പരിപാലനവുമൊക്കെ അടിസ്ഥാനമാക്കിയാണ് തേയിലയുടെ ഗുണനിലവാരം കൂടുന്നത്. 36,000 ഹെക്ടറാണ് കേരളത്തിലുള്ള തേയിലത്തോട്ടങ്ങളുടെ വിസ്തൃതി. ഇതിൽ കൂടുതലും മൂന്നാറാണ്. രണ്ടാം സ്ഥാനത്ത് നെല്ലിയാമ്പതിയാണ്.

-

ചായപ്പൊടി വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിച്ചു തന്നെ വാങ്ങണം. ചായപ്പൊടികളിൽ മായം ചേർക്കുന്നത് പതിവാണ്. വ്യത്യസ്തത പരീക്ഷിക്കുമ്പോൾ ചായയെ കുറിച്ച് അറിഞ്ഞു വേണം വാങ്ങാൻ. വില കുറവാണെന്നു കരുതി ഗുണനിലവാരമില്ലാത്ത ചായപ്പൊടികൾ വാങ്ങാതിരിക്കുക. ചായ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ നല്ല ചായപ്പൊടി അല്ലെങ്കിൽ ആരോഗ്യത്തിന് ദോഷം ചെയ്യും.

ഒരു കപ്പ് ചായയിലൂടെയാണ് നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നത്. സമയത്ത് ചായ കിട്ടിയില്ലെങ്കിൽ അന്നത്തെ ദിവസംതന്നെ ശരിയാകാത്തവരുമുണ്ട്.

ചായയ്ക്ക് മലയാളികളുടെ നിത്യജീവിതത്തിൽ വലിയ രീതിയിൽ സ്വാധീനമുണ്ട്. മലയാളികളുടെ ചായ കുടി കൂടിയതോടെ കേരളം ലക്ഷ്യം െവച്ച് വിവിധ കമ്പനികളാണ് ചായപ്പൊടിയുമായി വിപണിയിൽ എത്തിയിട്ടുള്ളത്.

തേയിലത്തോട്ടങ്ങളുള്ള കമ്പനികളുടെ ബ്രാൻഡുകൾ അടക്കം വിപണിയിൽ ഇടം പിടിച്ചിട്ടുണ്ട്. കൂടുതൽ ഉത്പാദനം നടക്കുന്നത് മേയ്, ഒക്ടോബർ, നവംബർ മാസങ്ങളിലാണ്.

ഉയരം കൂടുംതോറും ചായയുടെ സ്വാദ് കൂടുമെന്ന് പരസ്യവാചകത്തിൽ മോഹൻലാൽ പറഞ്ഞതു പോലെ, ഉയരങ്ങളിലുള്ള തേയിലകളാണ് ഗുണമേന്മയുള്ളവ.

കാലാവസ്ഥയും മണ്ണിന്റെ ഗുണനിലവാരവും ഭൂമിഘടനയും പരിപാലനവുമൊക്കെ അടിസ്ഥാനമാക്കിയാണ് തേയിലയുടെ ഗുണനിലവാരം കൂടുന്നത്. 36,000 ഹെക്ടറാണ് കേരളത്തിലുള്ള തേയിലത്തോട്ടങ്ങളുടെ വിസ്തൃതി. ഇതിൽ കൂടുതലും മൂന്നാറാണ്. രണ്ടാം സ്ഥാനത്ത് നെല്ലിയാമ്പതിയാണ്.

സ്വന്തം ബ്ലാക്ക് ടീ
രാവിലെയും വൈകുന്നേരങ്ങളിലും എന്തിന് രാത്രിപോലും ചായ ശീലമുള്ളവരുണ്ട്. ദിവസവും അഞ്ചോളം ചായ കുടിക്കുന്നവരുമുണ്ട്. ഇവരുടെ ഹീറോ ബ്ലാക്ക് ടീയാണ്. കടുപ്പം കൂടിയതും കടുപ്പം കുറഞ്ഞതും തുടങ്ങി വിവിധ രുചികളിലും വിവിധ തരത്തിലുമുള്ള ചായപ്പൊടികൾ ലഭ്യമാണ്. പാൽച്ചായയ്ക്കായി പ്രത്യേകം പൊടി തന്നെയുണ്ട്.

ഏറ്റവും ഗുണനിലവാരമുള്ള ചായ എന്നത് രണ്ട് ഇലയും മുളയും അടങ്ങുന്ന തേയിലയുടെതാണ്. എന്നാൽ കൂടുതലായും മൂന്ന് ഇലയും അതിന്റെ മുളയും അടങ്ങുന്ന തേയിലയാണ് ചായപ്പൊടികൾക്കായി ഉപയോഗിക്കുന്നത്.

ഓർത്തഡോക്‌സും സി.ടി.സി.യും
ചായപ്പൊടി പാക്കറ്റിൽ ഓർത്തഡോക്സ് അല്ലെങ്കിൽ സി.ടി.സി. എന്ന് എഴുതിയത് കാണാം. അതായത് ഓഫീഷ്യലായി ഓർത്തഡോക്സ്, സി.ടി.സി., ഗ്രീൻ ടീ എന്നിങ്ങനെ മൂന്നു തരം ചായകളാണുള്ളത്. പറിച്ചെടുത്ത തേയില ചായപ്പൊടിയാക്കി മാറ്റുന്ന നടപടിക്രമങ്ങളിൽ വരുന്ന വ്യത്യാസമാണ് ഇതിൽ പ്രധാനം.

ഹാരിസൺ മലയാളം പ്രധാനമായും ഓർത്തഡോക്സ് ചായപ്പൊടികളാണ് ഉത്പാദിപ്പിക്കുന്നത്. കമ്പനിയുടെ ലോകാർട്ട് മ്യൂസിയത്തിനോടു ചേർന്നുള്ള ഔട്ട്‌ലെറ്റ് വഴി മാത്രമാണ് വില്പന. മറ്റുള്ളവ ലേലം വഴി വിൽക്കുകയും കയറ്റുമതി ചെയ്യുകയുമാണ് ചെയ്യുന്നത്.

ഓർത്തഡോക്സിലും സി.ടി.സി.യിലും കടുപ്പം കൂടിയവയും കുറഞ്ഞവയും ലഭ്യമാണ്. ദക്ഷിണേന്ത്യയിൽ ജനുവരിയിൽ ഒരു കിലോ സി.ടി.സി.യുടെ ശരാശരി ലേല വില 112 രൂപയും ഓർത്തഡോക്സിന് 125 രൂപയുമായിരുന്നു.

ചോക്ലേറ്റ്, വാനില, റോസ്, ഹണി തുടങ്ങിയവയുടെ രുചികളിലും ചായപ്പൊടി ലഭ്യമാണ്. തേയില ചായപ്പൊടിയാക്കി മാറ്റുമ്പോഴാണ് ഇത്തരം രുചികൾ കൂട്ടിച്ചേർക്കുന്നത്.

വ്യത്യസ്തമായി വൈറ്റ് ടീ
ബ്ലാക്ക് ടീ, ഗ്രീൻ ടീ എന്നിവയാണ് സാധാരണ നമ്മൾ കുടിക്കുന്നത്. എന്നാൽ വൈറ്റ് ടീ (വെളുത്ത ചായ) യെ കുറിച്ച് പലരും കേട്ടിട്ടുണ്ടാകില്ല. തേയിലയുടെ മുള മാത്രം എടുത്താണ് വൈറ്റ് ടീ ഉണ്ടാക്കുക. ചായക്കൂട്ടത്തിലെ താരവും വൈറ്റ് ടീയാണ്. ഗുണമേന്മ മാത്രമല്ല വിലയും കൂടുതലാണ്. വൈറ്റ് ടീക്ക് 1,000 രൂപയ്ക്കു മുകളിലാണ് വില. തേയിലയുടെ മുള ഉണക്കി എടുക്കുക മാത്രമാണ് വൈറ്റ് ടീയിൽ ചെയ്യുന്നത്. ഇത് പൊടിരൂപത്തിൽ ആയിരിക്കില്ല. സാധാരണ ചായപ്പൊടിയെക്കാൾ കൂടുതൽ ആന്റി ഓക്സിഡന്റുകൾ ഇതിലുണ്ടെന്നാണ് അധികൃതർ പറയുന്നത്.

വിരിഞ്ഞുവരുന്നതിനു മുൻപുള്ള ഇളം പച്ച ഇലകളും തിരികളും ശ്രദ്ധാപൂർവം കൈകൊണ്ടു പറിച്ചാണ് എടുക്കുക. ആന്റി ഓക്‌സിഡന്റുകൾ നഷ്ടപ്പെടാതെ സൂര്യപ്രകാശമോ മറ്റു മാർഗങ്ങളോ ഉപയോഗിച്ച് പ്രത്യേക ഊഷ്മാവിലാണ് ഇത് ഉണക്കിയെടുക്കുന്നത്. ഒരു ഏക്കറിൽനിന്ന്‌ ശരാശരി 400 ഗ്രാം മാത്രമാണ് വൈറ്റ് ടീ ലഭിക്കുക. കേരളത്തിൽ പൊതുവേ വൈറ്റ് ടീക്ക് ഡിമാൻഡ് കുറവാണ്. വിദേശ രാജ്യങ്ങളിൽ ആവശ്യക്കാരുണ്ട്.

ഗ്രീൻ ടീക്ക് പ്രചാരം വന്നതോടെ ഗ്രീൻ ടീയുടെ നിരവധി ആരാധകരാണ് നഗരത്തിലുള്ളത്. ആരോഗ്യ വശം മുൻനിർത്തി രാവിലെ ഒരു കപ്പ് ഗ്രീൻ ടീ പതിവാക്കിയവരും കുറവല്ല.

ചെറിയ ചവർപ്പ് ഉണ്ടെങ്കിലും ആവശ്യക്കാർ ഏറെയാണെന്നാണ് കച്ചവടക്കാർ പറയുന്നത്. തളിരില ഉണക്കി എടുത്താണ് ഗ്രീൻ ടീ ഉണ്ടാക്കുന്നത്. ഇത് പൊടിച്ചെടുക്കൽ പതിവില്ല.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram