ഇന്ധനവില കുതിക്കുന്നു; പെട്രോൾ ലിറ്ററിന് 1.59 രൂപ കൂടി


2 min read
Read later
Print
Share

ഡീസലിന്‌ കൂടിയത് 1.31 രൂപ

ന്യൂഡൽഹി: ആറുദിവസത്തിനിടെ രാജ്യത്ത് പെട്രോൾവില ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയും വർധിച്ചു. സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്കരണകേന്ദ്രത്തിനുംനേരെ കഴിഞ്ഞയാഴ്ച യെമെനിലെ ഹൂതികൾ നടത്തിയ ആക്രമണത്തെത്തുടർന്നാണ് വർധന.

ഡൽഹിയിൽ ഞായറാഴ്ച പെട്രോളിന് 27 പൈസ കൂടി 73.62 രൂപയിലെത്തി. ഡീസലിന് 18 പൈസ വർധിച്ച് 66.74 രൂപയായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വെബ്‌സൈറ്റിലെ വിലപ്രകാരം തിരുവനന്തപുരത്ത് പെട്രോളിന് 77.03 രൂപയും ഡീസലിന് 71.82 രൂപയുമാണ്.

ആക്രമണത്തെത്തുടർന്ന് സൗദി എണ്ണയുത്പാദനം ദിവസം 57 ലക്ഷം വീപ്പയായി കുറച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവുംവലിയ എണ്ണവിതരണ പ്രതിസന്ധിയാണിതെന്നും ഇതിന്റെ ആഘാതം വർഷങ്ങളോളം വിപണിയെ ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു. വിതരണം ഉടൻ പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് സൗദി അറിയിച്ചിട്ടുള്ളത്.

ആവശ്യമായ ഇന്ധനത്തിന്റെ 83 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരാണ് സൗദി. 20 ലക്ഷം ടൺ അസംസ്കൃത എണ്ണയും രണ്ടുലക്ഷം ടൺ പാചകവാതകവുമാണ് എല്ലാമാസം ഇന്ത്യ സൗദിയിൽനിന്ന്‌ വാങ്ങുന്നത്. സെപ്റ്റംബറിലേക്കുള്ള 13 ലക്ഷം ടൺ എണ്ണ ഇന്ത്യക്ക്‌ കിട്ടിക്കഴിഞ്ഞു. ബാക്കി തരാമെന്ന് സൗദി ഉറപ്പുതന്നിട്ടുണ്ടെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. സൗദി മന്ത്രി അബ്ദുൾ അസീസ് ബിൻ സൽമാൻ രാജകുമാരനുമായി അദ്ദേഹം ഇക്കാര്യം സംസാരിച്ചിരുന്നു.

പാചകവാതക വിതരണം പൂർണമായും പുനഃസ്ഥാപിക്കാൻ കൂടുതൽ സമയം സൗദി ചോദിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ സഞ്ജീവ് സിങ് അറിയിച്ചു. കുറവുള്ളത് ഖത്തറിൽനിന്ന് വാങ്ങാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദിയിലെ പ്രതിസന്ധിയെത്തുടർന്ന് ആഗോളതലത്തിൽ എണ്ണവിതരണത്തിൽ അഞ്ചുശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരിക്കയാണ്.

ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കുമെന്ന് സൗദി

ന്യൂഡൽഹി: ഇന്ത്യയുടെ ഊർജസുരക്ഷയ്ക്ക് ആവശ്യമായ എണ്ണനൽകാൻ പ്രതിജ്ഞാബദ്ധരാണെന്ന് സൗദി അറേബ്യ പറഞ്ഞു. അതിനായി മറ്റ് എണ്ണയുത്പാദകരുമായിച്ചേർന്ന്‌ പ്രവർത്തിക്കുമെന്നും സൗദി സ്ഥാനപതി ഡോ. സൗദ് ബിൻ മുഹമ്മദ് അൽ സാതി വ്യക്തമാക്കി. വാർത്താഏജൻസിയായ പി.ടി.ഐ.ക്കു നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

വിപണിസ്ഥിരത നിലനിർത്താൻ ഒപെക് രാജ്യങ്ങളും മറ്റ് എണ്ണയുത്പാദക രാജ്യങ്ങളുമായിച്ചേർന്ന് പ്രവർത്തിക്കും. ഇന്ത്യ സൗദിക്ക് നൽകിയ ഐക്യദാർഢ്യത്തിന്‌ അദ്ദേഹം നന്ദി പറഞ്ഞു.

content highlights: petrol price rise

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram