അയല്‍ രാജ്യങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാര്‍ പെട്രോളിനും ഡീസലിനും കൂടുതല്‍ വില നല്‍കേണ്ടിവരുന്നതെന്തുകൊണ്ട്?
ഏഷ്യയിലെ മറ്റ് രാജ്യങ്ങള്‍ ഡീസലിനും പെട്രോളിനും മാര്‍ച്ച് 26ന് നല്‍കിയ വില താരതമ്യം ചെയ്യാം(ചാര്‍ട്ട് കാണുക).
വിവിധ നികുതികളുള്ളതുകൊണ്ടാണ് അയല്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാരെ ഇന്ധനത്തിന് കൂടുതല്‍ വില നല്‍കാന്‍ നിര്‍ബന്ധിതരാക്കുന്നത്.
കുറച്ചുവര്‍ഷംമുമ്പ് ആഗോള വിപണിയില്‍ ക്രൂഡ് വില കൂപ്പുകുത്തിയപ്പോള്‍ സര്‍ക്കാര്‍ അതിന്റെ നേട്ടം ജനങ്ങള്‍ക്ക് നല്‍കിയില്ല. എക്‌സൈസ് ഡ്യൂട്ടിയും മറ്റും കൂട്ടിയാണ് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ത്തി നിര്‍ത്തിയത്.
ഇപ്പോഴിതാ, ക്രൂഡ് വില കുതിപ്പിന്റെ പാതയിലാണ്. ബാരലിന് 70 ഡോളറിലെത്തിവില. എങ്കിലും കൂട്ടിയ നികുതികള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് നൂറിലേറെ ഡോളര്‍ ബാരലിന് ഉണ്ടായിരുന്നകാലത്തില്ലാത്ത വില നല്‍കാന്‍ രാജ്യത്തെ ഇന്ധന ഉപഭോക്താക്കളെ നിര്‍ബന്ധിതരായിരിക്കുന്നു.
ചരക്ക് സേവന നികുതിക്കുകീഴില്‍ ഇന്ധന വിലയും സര്‍ക്കാര്‍ കൊണ്ടുവരുമോ? ആവഴിക്കു ചിന്തിച്ചാല്‍ ഇന്ധനവിലയില്‍ കുത്തനെയുള്ള വര്‍ധനയ്ക്ക് ഒരുപരിധിവരെ തടയിടാനാകും. വാഹന ഉപഭോക്താക്കള്‍ക്കും അത് ആശ്വാസമാകുകയും ചെയ്യും. ഡീസല്‍ വിലവര്‍ധനമൂലമുള്ള വിലക്കയറ്റത്തിന് ഒരുപരിധിവരെ തടയിടാനുമാകും.