ഒരു ചീത്തബാങ്കും ബാക്കി നല്ല ബാങ്കുകളും


ഡോ. ടി.എം തോമസ് ഐസക്‌

2012-’13 മുതൽ 2020-’21 വരെയുള്ള കാലയളവിൽ ബാങ്കുകൾ 10.3 ലക്ഷം കോടി രൂപയുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളിയിട്ടുണ്ട്. ഇത്രയും കിട്ടാക്കടം അക്കൗണ്ടിൽനിന്ന്‌ മാറ്റിയിട്ടും 2020-’21-ലെ കണക്കുപ്രകാരം 5.8 ലക്ഷംകോടിരൂപ കിട്ടാക്കടമായി അവശേഷിക്കുന്നു. അഥവാ 2012-’13 മുതൽ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 16 ലക്ഷം കോടി രൂപവരും. ഇതൊരു ഞെട്ടിപ്പിക്കുന്ന തുകതന്നെയാണ്.

പ്രതീകാത്മക ചിത്രം | ചിത്രം: മാതൃഭൂമി

ചില മന്ത്രവാദികളുണ്ട്-മനുഷ്യനെ ബാധിച്ചെന്നുപറയുന്ന ഭൂത-പ്രേത-പിശാചുക്കളെ ആവാഹിച്ച് വേറെയെവിടെയെങ്കിലും കുടിയിരുത്തും എന്നാണ് അവരുടെ അവകാശവാദം. ബാങ്കുകളുടെ കിട്ടാക്കടബാധ ഒഴിക്കാൻ കേന്ദ്ര സർക്കാർ ഇതുപോലൊരു മന്ത്രവാദത്തിലാണ്. കോവിഡ്‌കാലത്തെ നിഷ്ക്രിയ ആസ്തികൾകൂടി കണക്കിൽ ചേരുമ്പോൾ ഈ വർഷം അവസാനം ബാങ്കുകളുടെ കിട്ടാക്കടം വായ്പയുടെ 15 ശതമാനംവരും എന്നാണ് ഔദ്യോഗികവിലയിരുത്തൽ. ബാങ്കുകൾ വേഗം ആരോഗ്യം വീണ്ടെടുത്തില്ലെങ്കിൽ കോവിഡിൽനിന്നുള്ള സമ്പദ്ഘടനയുടെ കരകയറ്റം കുഴപ്പത്തിലാകും. അതുകൊണ്ട് അറ്റകൈയായി മന്ത്രവാദത്തെത്തന്നെ ആശ്രയിക്കുകയാണ്. ഒരു പുതിയ ബാങ്ക് രൂപവത്‌കരിക്കുക. അതിലേക്ക് എല്ലാ ബാങ്കുകളുടെയും കിട്ടാക്കടങ്ങൾ മാറ്റുക. കിട്ടാക്കടബാധ മുഴുവൻ ആവാഹിച്ച് പുതിയ ബാങ്കിൽ കുടിയിരുത്തുക. അങ്ങനെ ഒരു ചീത്ത ബാങ്കും ബാക്കി നല്ല ബാങ്കുകളുമാകും.

കിട്ടാക്കടം എത്ര?
2012-’13 മുതൽ 2020-’21 വരെയുള്ള കാലയളവിൽ ബാങ്കുകൾ 10.3 ലക്ഷം കോടി രൂപയുടെ കിട്ടാക്കടങ്ങൾ എഴുതിത്തള്ളിയിട്ടുണ്ട്. ഇത്രയും കിട്ടാക്കടം അക്കൗണ്ടിൽനിന്ന്‌ മാറ്റിയിട്ടും 2020-’21-ലെ കണക്കുപ്രകാരം 5.8 ലക്ഷംകോടിരൂപ കിട്ടാക്കടമായി അവശേഷിക്കുന്നു. അഥവാ 2012-’13 മുതൽ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 16 ലക്ഷം കോടി രൂപവരും. ഇതൊരു ഞെട്ടിപ്പിക്കുന്ന തുകതന്നെയാണ്.നിഷ്‌ക്രിയാസ്തികൾ 2008-’09-ൽ രണ്ടുശതമാനം മാത്രമായിരുന്നു. 2017-’18-ൽ അത് 14.6 ശതമാനമായി വർധിച്ചു. കടം എഴുതിത്തള്ളി ഈ തോത് കുറച്ചുകൊണ്ടുവന്നതാണ്. എന്നാൽ, കോവിഡ് സ്ഥിതി വീണ്ടും അപകടത്തിലാക്കി.

കൊള്ളക്കാർ ആര്?
ആരാണ് ഈ കിട്ടാക്കടങ്ങൾ എടുത്തിട്ടുള്ളത്? ഇവരുടെ ആരുടെയും പേര് വെളിപ്പെടുത്താൻ കേന്ദ്രസർക്കാർ തയ്യാറല്ല. എങ്കിലും 2016-ൽ ലോക്‌സഭയിലെ ഒരു ചോദ്യത്തിനുനൽകിയ ഉത്തരംപ്രകാരം ഷെഡ്യൂൾഡ് ബാങ്കുകളിലെ 58 ശതമാനം വായ്പകളും അഞ്ചുകോടിയെക്കാൾ വലിയ വായ്പകളുള്ള വൻകിടക്കാരാണ്. കിട്ടാക്കടത്തിന്റെ 86.4 ശതമാനവും ഇത്തരക്കാരുടേതാണ്. കാർഷികകടമടക്കം ചില്ലറ വായ്പകൾ മുഴുവനെടുത്താലും 10 ശതമാനത്തിലേറെ വരില്ലെന്ന്‌ ചുരുക്കം.

ലോക്‌സഭാചോദ്യത്തിൽനിന്നുള്ള മറ്റൊരു കണക്ക് ഇതാ: ഇന്ത്യയിലെ ഏറ്റവും വലിയ 100 വായ്പക്കാരുടെ ബാധ്യതയിൽ 2015 ആദ്യം 3.4 ശതമാനമായിരുന്നു കിട്ടാക്കടം. 2016 മാർച്ചിൽ വായ്പകൾ റീക്ലാസിഫൈ ചെയ്തപ്പോൾ അവരുടെ കിട്ടാക്കടം 22.33 ശതമാനമായി ഉയർന്നു. ഇത് കോർപ്പറേറ്റ് കൊള്ളയാണ്. നീരവ് മോദിമാരെ ഓർക്കുക.

മൂലധനശോഷണം
കിട്ടാക്കടത്തിൽനിന്ന്‌ രക്ഷനേടാൻ ഒറ്റമാർഗമേയുള്ളൂ-കടം എഴുതിത്തള്ളുക. ഇതിന് ബാങ്കിന്റെ ലാഭത്തിൽനിന്ന് നഷ്ടപരിഹാരത്തുക വകയിരുത്തേണ്ടിവരും. അതിനുള്ള ലാഭമില്ലെങ്കിൽ ബാങ്കിന്റെ മൂലധനത്തിൽനിന്ന്‌ വകയിരുത്തേണ്ടിവരും.

ഇതുമൂലം പലവർഷവും ബാങ്കുകൾ മൊത്തത്തിൽ നഷ്ടത്തിലാണ്. ബാങ്കുകളുടെ മൂലധനവും കുറഞ്ഞു. ബാങ്കുകളുടെ നിഷ്ക്രിയാസ്തികൾ ബാങ്കിന്റെ മൊത്തം ആസ്തികളുടെയും വായ്പകളുടെയും എത്രയാകാമെന്നതുസംബന്ധിച്ച ബേസിൽ കരാറിൽ ഇന്ത്യയും ഒപ്പുെവച്ചിട്ടുണ്ട്. ആസ്തികളുടെ 10.5 ശതമാനം ഓഹരി മൂലധനമായി വേണമെന്നാണ് വ്യവസ്ഥ. ഇന്ത്യയിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഒമ്പതുശതമാനമാണ് നാം അംഗീകരിച്ചിട്ടുള്ളത്. ഇപ്പോൾ ഇന്ത്യൻ ബാങ്കുകളുടെ മൂലധനം 11 ശതമാനംവരും.

പക്ഷേ, ഇത് 2012-’13നും 2020-’21നും ഇടയ്ക്ക് 3.69 ലക്ഷം കോടി രൂപ കേന്ദ്രസർക്കാരിന്റെ ഖജനാവിൽനിന്ന്‌ ബാങ്കുകൾക്ക്‌ സഹായധനമായി വാങ്ങിയശേഷമാണ്. ഇതിനെയാണ് റീകാപ്പിറ്റലൈസേഷൻ എന്നുപറയുന്നത്.

സർഫാസി നിയമം
നിഷ്ക്രിയാസ്തികളിൽനിന്ന്‌ പരമാവധി തുക ഈടാക്കി ബാങ്കുകൾക്ക്‌ ലഭ്യമാക്കാൻ നടപടികൾ സർക്കാർ സ്വീകരിച്ചു. 2002-ൽ സർഫാസിനിയമം പാസാക്കി. ഈ നിയമത്തിനുകീഴിൽ ബാങ്കുകളുടെ കിട്ടാക്കടമായിട്ടുള്ള കമ്പനികളോ ആസ്തികളോ ഏറ്റെടുത്ത്‌ അസറ്റ് റീകൺസ്ട്രക്‌ഷൻ കമ്പനികളെ (എ.ആർ.സി.) ഏൽപ്പിക്കുന്നതിന്‌ ബാങ്കുകൾക്ക് അവകാശംനൽകി. ഇപ്പോൾ ഇത്തരം 28 എ.ആർ.സി.കളുണ്ട്. കിട്ടാക്കടത്തിന്റെ വലുപ്പമനുസരിച്ച് എ.ആർ.സി.കൾക്ക് ഫീസ് ലഭിക്കും.

ഇതുപോലെ പീഡിതകമ്പനികളെ പൂട്ടുന്നതിനുള്ള നടപടി ലഘൂകരിക്കുന്നതിന് ഇൻസോൾവൻസി & ബാങ്ക്റപ്റ്റ്സി കോഡ് (പുതിയ പാപ്പർ നിയമം) പാസാക്കിയിട്ടുണ്ട്. ഡെറ്റ് ട്രിബ്യൂണലുകൾക്കും (ലോക് അദാലത്ത്) രൂപംനൽകിയിട്ടുണ്ട്.

പിരിച്ചെടുത്ത കിട്ടാക്കടം
ഇവയുടെയൊന്നും പ്രവർത്തനങ്ങൾ വേണ്ടത്ര ഫലപ്രദമല്ല. എന്നാൽ, ഇത്തരത്തിൽ വളരെ ചെറിയ തുകയേ പിരിഞ്ഞുകിട്ടുന്നുള്ളൂ. 2012-13നും 2016-’17നും ഇടയ്ക്ക് ഈ മൂന്നുസംവിധാനങ്ങൾ (സർഫാസി, ട്രിബ്യൂണൽ, ലോക് അദാലത്ത്) വഴി പിരിക്കാൻ 10.35 ലക്ഷം കോടി രൂപയുടെ കിട്ടാക്കടമാണ് ഏൽപ്പിച്ചത്. എന്നാൽ, പിരിക്കാൻ കഴിഞ്ഞത് കേവലം 1.36 ലക്ഷം കോടി രൂപമാത്രമാണ്. മൊത്തം കിട്ടാക്കടത്തിന്റെ 13 ശതമാനം. ഇങ്ങനെ പിരിക്കുന്ന തുകയുടെ തോതും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2012-’13ൽ 22 ശതമാനം പിരിക്കാൻ കഴിഞ്ഞെങ്കിൽ 2016-’17ൽ ഇത് 10 ശതമാനമായി താഴ്ന്നു.

പുതിയ ചീത്തബാങ്ക്
ഈ പശ്ചാത്തലത്തിലാണ്‌ കേന്ദ്രസർക്കാർ കിട്ടാക്കടത്തിനുവേണ്ടി പുതിയൊരു കമ്പനിയെക്കുറിച്ച് ആലോചിക്കുന്നത്. ‘നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ്’ എന്നാണ്‌ പുതിയ ബാങ്കിന്റെ പേര്. 500 കോടിയിൽക്കൂടുതൽ വരുന്ന കിട്ടാക്കടവായ്പകളേ പുതിയ ബാങ്ക് ഏറ്റെടുക്കൂ. ലീഡ് ബാങ്കുകളുമായി ചർച്ചചെയ്ത് ഇത്തരം വായ്പകൾ എത്ര താഴ്ന്നവിലയ്ക്ക് ഏറ്റെടുക്കുമെന്ന്‌ തീരുമാനിക്കും. ഇങ്ങനെ വായ്പയുടെ മൂല്യം കുറയ്ക്കുന്നതിന് ഹെയർകട്ട് അഥവാ തലമുടിവെട്ട് എന്നാണുവിളിക്കുന്നത്. ഈ വിലയുടെ 15 ശതമാനം പണമായി നൽകും. ബാക്കി സെക്യൂരിറ്റി റെസീപ്റ്റ് അല്ലെങ്കിൽ ബോണ്ടുകളായി നൽകും.

പുതിയ ബാങ്കിന് നൽകുന്ന 30,600 കോടി രൂപ സർക്കാർ ഗാരന്റി നൽകുന്നുണ്ട്. ഈ ഗാരന്റിയിൽ ബാങ്കുകൾക്ക്‌ തത്‌കാലം കാശിനുപകരം ബോണ്ട് അല്ലെങ്കിൽ റസീപ്റ്റ് നൽകും. ബാങ്കുകൾക്ക് കണക്കുപ്രകാരം കാശുകിട്ടുകയും ചെയ്യും ഖജനാവിൽനിന്ന്‌ ഒന്നും കൊടുക്കുകയുംവേണ്ടാ. ബാങ്കുകളുടെ ബാലൻസ്ഷീറ്റ് മിനുസപ്പെടും.

സ്വകാര്യവത്കരണ അജൻഡ
ബാങ്കുകളുടെ ഓഹരികളിൽ ഒരുഭാഗം വിൽക്കുന്നതിനും രണ്ടുബാങ്കുകൾ പൂർണമായും സ്വകാര്യവത്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ഇങ്ങനെ ബാങ്കുകളെ വിൽക്കുമ്പോൾ വാങ്ങാൻ മുതലാളിമാർ തയ്യാറാ​േകണ്ടേ? കിട്ടാക്കടം ഇല്ലാതാക്കിയാലേ വിൽപ്പനനടക്കൂ. ഇതിനുള്ള മാർഗമായി കണ്ടിരിക്കുന്നത് ഒരു ചീത്തബാങ്ക് (ബാഡ് ബാങ്ക്) ഉണ്ടാക്കാനാണ്.

പുതിയ ബാങ്ക് നിഷ്ക്രിയാസ്തികളെ എന്തുചെയ്യും? ഇത്തരം കമ്പനികൾ പുനഃസംഘടിപ്പിക്കുന്നതിനുവേണ്ടി ഇന്ത്യ ഡെറ്റ് റെസല്യൂഷൻ കമ്പനി എന്നൊരു മാനേജ്മെന്റ് സ്ഥാപനത്തിന്‌ രൂപംനൽകുന്നുണ്ട്. ഈ കമ്പനികളുടെ 49 ശതമാനം ഓഹരി പൊതുമേഖലാബാങ്കുകൾക്കുതന്നെയായിരിക്കും. ഏറ്റവും മികച്ച മാനേജ്മെന്റ് വിദഗ്ധരായിരിക്കും ഈ കമ്പനിയെ പ്രവർത്തിപ്പിക്കുക. ഏറ്റെടുക്കുന്ന പീഡിതകമ്പനികളെ പുനഃസംഘടിപ്പിച്ച് മറിച്ചുവിറ്റ് പണം അസറ്റ് കമ്പനിക്ക്‌ നൽകും. ഇതാണ്‌ പരിപാടി.

ഇത്‌ വലിയൊരു തമാശയാണ്. പൊതുമേഖലാ കമ്പനികൾ കാര്യക്ഷമമല്ലെന്ന പേരുപറഞ്ഞാണല്ലോ അവയെ സ്വകാര്യവത്‌കരിക്കുന്നത്; കോർപ്പറേറ്റുകളെ ഏൽപ്പിച്ചുകൊടുക്കുന്നത്. ഇവിടെ കോർപ്പറേറ്റുകൾ നടത്തി പൊതുമുതൽ ദീവാളി കളിച്ച കമ്പനികളെ ഒരു പൊതുമേഖലാ ഇന്ത്യ ഡെറ്റ് റെസല്യൂഷൻ കമ്പനി ലാഭകരമാക്കി സ്വകാര്യമേഖലയ്ക്ക്‌ വിൽക്കുമെന്നാണ്‌ പറയുന്നത്. നടന്നതുതന്നെ!

വീഡിയോകോൺ കൊള്ള
പാപ്പർ നിയമത്തിന്റെയും ട്രിബ്യൂണലിന്റെയുമെല്ലാം പ്രവർത്തനം ഇപ്പോൾ സംശയദൃഷ്ടിയിലാണ്. വീഡിയോകോൺ പാപ്പരായി. 35,000 കോടി രൂപയുടെ കിട്ടാക്കടമാണ് ഇവർക്കുള്ളത്. അനിൽ അഗർവാളിന്റെ ട്വിൻ സ്റ്റാർ ടെക്നോളജീസ് എന്ന വേദാന്ത ഗ്രൂപ്പ് കമ്പനി വീഡിയോകോൺ ഏറ്റെടുക്കാൻ മുന്നോട്ടുവന്നു. 35,000 കോടി രൂപയുടെ ആസ്തിയുള്ള കമ്പനി 2962 കോടി രൂപയ്ക്കാണ്‌ വേദാന്ത കൈക്കലാക്കിയത്. എന്നുെവച്ചാൽ മൂല്യത്തിന്റെ 96 ശതമാനവും എഴുതിത്തള്ളി. ഇങ്ങനെ പെടുവിലയ്ക്കാണ്‌ പീഡിതവ്യവസായങ്ങൾ വിറ്റുകൊണ്ടിരിക്കുന്നത്. വ്യവസായികൾക്ക്‌ നഷ്ടമൊന്നുമില്ല. അവർ ഇതിനകംതന്നെ ബാങ്കിൽനിന്ന്‌ കടമെടുത്തതിന്റെ നല്ലൊരുപങ്ക് തങ്ങളുടെ മറ്റേതെങ്കിലും കമ്പനിയിലേക്കോ വിദേശത്തേക്കോ ഊറ്റിക്കാണും. വാങ്ങുന്ന വേദാന്തയെപ്പോലുള്ള കമ്പനികൾക്കും ലാഭം. നഷ്ടം മുഴുവൻ പൊതുമേഖലാബാങ്കുകൾക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022