വലിയ തുകവേണ്ട; എളിയതായി തുടങ്ങാം നിക്ഷേപം


ഡോ.കൊച്ചുറാണി ജോസഫ്‌

3 min read
Read later
Print
Share

ആളോഹരി വരുമാനം കുറഞ്ഞിരിക്കുന്നതും ധാരാളം പേര്‍ കാര്‍ഷികവരുമാനത്തെ ആശ്രയിക്കുന്നതുമായ രാജ്യങ്ങളില്‍ ചെറുകിട സമ്പാദ്യവും നിക്ഷേപവും എന്നും വിലപ്പെട്ടതാണ്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും അത് സഹായകരമാവുന്നു. അതുകൊണ്ട്തന്നെ അതിന്റെ പലിശനിരക്കില്‍ വലിയ വ്യതിയാനങ്ങള്‍ വരുത്താതെ മുന്നോട്ട് കൊണ്ടുപോകുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു.

പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തില്‍ ചേര്‍ക്കുവാന്‍ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന സ്ത്രീകൾ നാട്ടിന്‍പുറങ്ങളില്‍ സുപരിചിതരാണ്. വീടുവീടാന്തരം കയറിയിറങ്ങി ചെറുസമ്പാദ്യങ്ങളെ നിക്ഷേപമാക്കാന്‍ സഹായിക്കുന്ന ഇവര്‍ ചെറിയ വരുമാനക്കാരായ അനേകം കുടുംബങ്ങളുടെ ആശ്വാസമാണ്. അവര്‍ക്കാകട്ടെ ഒരു ജീവിതമാര്‍ഗം. അതിനോടൊപ്പംതന്നെ അല്‍പ്പം സ്വര്‍ണം വാങ്ങിക്കുവാനും മറ്റ് ചെറിയ സാമ്പത്തിക ആവശ്യങ്ങള്‍ക്കുമായി ഇവരോടൊപ്പം ചേര്‍ന്നവരും നിരവധിയാണ്.

ഒരു ജനതയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അവരുടെ ബാങ്കിങ് ഹാബിറ്റുമായി അഭേദ്യമായ ബന്ധമുണ്ട്. ചെക്കുബുക്കും പാസ്ബുക്കും കൈകാര്യം ചെയ്യുക എന്നതില്‍നിന്ന് മുന്നോട്ടുപോയി ഓണ്‍ലൈന്‍ വിനിമയവും ക്രെഡിറ്റ് കാര്‍ഡുകളും പലരുടേയും ജീവിതരീതിയുടെ ഭാഗമായി. സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയിലേക്ക് നടന്നടുക്കത്തക്കവിധം ഇന്റര്‍നെറ്റ് ബാങ്കിങ്ങും വളരുന്നു. സമ്പാദ്യ സമാഹരണം വളരെ മത്സരബുദ്ധിയോടെ നടക്കുന്ന ഈ കാലഘട്ടത്തില്‍ ടാര്‍ജറ്റുകള്‍ നേടാനും ഫിനാന്‍ഷ്യല്‍ ഉത്‌പന്നങ്ങള്‍ വിറ്റഴിക്കാനും സാമ്പത്തികരംഗത്ത് സമ്മര്‍ദമേറുകയാണ്.

പോസ്റ്റ് ഓഫീസ് എന്ന് കേള്‍ക്കുമ്പോഴേ എഴുത്ത് കൊണ്ടുതരുന്ന പോസ്റ്റ്മാനും സ്റ്റാമ്പും ആണ് മനസ്സില്‍ ഓടിയെത്തുന്നത്. ആ കാലം മാറി. വിവിധ ചിട്ടിക്കമ്പനികളും നിരവധി ബാങ്കുകളും ഉണ്ടെങ്കിലും സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന സംവിധാനമെന്ന നിലയില്‍ പോസ്റ്റ് ഓഫീസുകള്‍ നിരവധി സൗഹൃദ സമ്പാദ്യ സഹായങ്ങളുമായി രംഗത്തുണ്ട്. അവയില്‍ ചിലതിനെക്കുറിച്ചൊക്കെ മനസ്സിലാക്കിയിരിക്കുന്നത് എല്ലാ വിഭാഗക്കാര്‍ക്കും പണവിനിമയരംഗത്ത് ഗുണകരമാണ്.

‌പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ട്
സമ്പാദിക്കുന്നതൊക്കെ പണക്കാരല്ലേ, പാവങ്ങള്‍ക്ക് അതു വല്ലതും നടക്കുമോ എന്ന് ചിന്തിക്കുന്നവർ ശ്രദ്ധിക്കുക. കേവലം ഇരുപത് രൂപാ അടച്ച് അക്കൗണ്ട് തുടങ്ങാമെന്നതാണ് ഇതിന്റെ പ്രത്യേകത. ചെക്ക് ബുക്ക് ഉള്ളവര്‍ക്ക് മിനിമം ബാലന്‍സ് 500 രൂപയും അല്ലാത്തവര്‍ക്ക് 50 രൂപയുമാണ്. നാല് ശതമാനം വാര്‍ഷിക വരുമാനവും ഉറപ്പ് തരുന്നു. ഒരു പോസ്റ്റ് ഓഫീസില്‍നിന്ന് മറ്റൊന്നിലേക്ക് അക്കൗണ്ടുകള്‍ മാറ്റാനും സാധിക്കുന്നു.

പഞ്ചവത്സര ആവര്‍ത്തന നിക്ഷേപ പദ്ധതി
അഞ്ചു വര്‍ഷത്തിനുശേഷം വലിയ ഒരു തുക നിങ്ങള്‍ക്ക് ആവശ്യമുണ്ടെങ്കില്‍ അത് ഇപ്പോഴേ മുന്നില്‍ കണ്ടുകൊണ്ട് എല്ലാ മാസവും നിശ്ചിത തുക അടച്ച് ചേരുന്ന ഈ പദ്ധതിക്ക് 6.9 ശതമാനം പലിശ ലഭിക്കും. ഇടയ്ക്ക് നിയമവിധേയമായി പിന്‍വലിക്കാനും സൗകര്യമുണ്ട്. ഒരാള്‍ക്ക് എത്ര പദ്ധതി വേണമെങ്കിലും തുടങ്ങാം.

പോസ്റ്റ് ഓഫീസ് നിശ്ചിതസമയ അക്കൗണ്ട് അഥവാ ടേം ഡെപ്പോസിറ്റ്
വാര്‍ഷിക പലിശനിരക്ക് ലഭിക്കാനുതകുന്ന തരത്തില്‍ വിവിധ വര്‍ഷങ്ങളിലേക്ക് സമ്പാദിക്കാന്‍ പറ്റുന്ന ഈ പദ്ധതിയില്‍ തിരഞ്ഞെടുക്കുന്ന വര്‍ഷമനുസരിച്ച്‌ പലിശയില്‍ വ്യത്യാസമുണ്ട്. പലിശ ത്രൈമാസമായിട്ടാണ് കണക്കാക്കുന്നത്. കുറഞ്ഞത് 200 രൂപയോ അതിന്റെ ഗുണിതങ്ങളോ പരിധിയില്ലാതെ നിക്ഷേപിക്കാം. മറ്റൊരാള്‍ക്ക് നോമിനേഷന്‍ ചെയ്യാമെന്ന സൗകര്യവുമുണ്ട്.

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന അക്കൗണ്ട് പദ്ധതി
ഒരാള്‍ക്ക് 4.5 ലക്ഷം വരെ നിക്ഷേപിക്കാവുന്നതും പ്രതിവര്‍ഷം 7.3 ശതമാനം പലിശ കണക്കാക്കി മാസാമാസം വരുമാനം ലഭിക്കുന്നതുമായ പദ്ധതിയാണിത്. രണ്ടോ മൂന്നോ പേര്‍ ഒന്നിച്ചു ചേര്‍ന്ന് ജോയിന്റ് അക്കൗണ്ട് ആയും ഇത് പ്രാവര്‍ത്തികമാക്കാവുന്നതാണ്. പലിശ മാസവരുമാനമായി സേവിങ്‌സ് അക്കൗണ്ടിലൂടെ ലഭിക്കുന്നു.

സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് പദ്ധതി
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഈ സമ്പാദ്യപദ്ധതിയില്‍ 8.3 ശതമാനമാണ് പലിശ ലഭിക്കുന്നത്. ആയിരമോ അതിന്റെ ഗുണിതങ്ങളായോ 15 ലക്ഷം രൂപവരെ 5 വര്‍ഷത്തെ കാലയളവില്‍ നിക്ഷേപിക്കാം. ത്രൈമാസപലിശ നിശ്ചിതദിവസങ്ങളില്‍ ലഭിക്കാനുള്ള സൗകര്യവുമുണ്ട്.

സുകന്യ സമൃദ്ധി അക്കൗണ്ട്
പെണ്‍കുട്ടികളുടെ പേരില്‍ ആരംഭിക്കാവുന്ന ഈ പദ്ധതിയില്‍ ഒരു സാമ്പത്തികവര്‍ഷം കുറഞ്ഞത് 1000 രൂപയോ പരമാവധി ഒന്നര ലക്ഷം രൂപയോ നിക്ഷേപിക്കാവുന്നതാണ്. 8.1 ശതമാനം വാര്‍ഷിക പലിശ ലഭിക്കും. കുട്ടിക്ക് 21 വയസ്സാവുമ്പോള്‍ പദ്ധതി അവസാനിക്കും. അതിന് മുമ്പ് 18-ാമത്തെ വയസ്സില്‍ ചില വ്യവസ്ഥകളിന്മേല്‍ പിന്‍വലിക്കാമെന്ന സാധ്യതയുമുണ്ട്.

ഇവ കൂടാതെ കിസാന്‍ വികാസ് പത്ര, പബ്ളിക് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ സേവിങ്‌സ് സ്കീം എന്നിങ്ങനെ നിരവധി പദ്ധതികളും പോസ്റ്റ് ഓഫീസ് സംവിധാനത്തിനുണ്ട്. ചുരുക്കത്തില്‍ മറ്റൊരു ബാങ്കായിത്തന്നെ ഇത് പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള പോസ്റ്റ് ഓഫീസ്, www.indiapost.gov.in എന്ന വെബ്‌സൈറ്റ് എന്നിവ സന്ദര്‍ശിക്കുക.

ആളോഹരി വരുമാനം കുറഞ്ഞിരിക്കുന്നതും ധാരാളം പേര്‍ കാര്‍ഷികവരുമാനത്തെ ആശ്രയിക്കുന്നതുമായ രാജ്യങ്ങളില്‍ ചെറുകിട സമ്പാദ്യവും നിക്ഷേപവും എന്നും വിലപ്പെട്ടതാണ്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും അത് സഹായകരമാവുന്നു. അതുകൊണ്ട്തന്നെ അതിന്റെ പലിശനിരക്കില്‍ വലിയ വ്യതിയാനങ്ങള്‍ വരുത്താതെ മുന്നോട്ട് കൊണ്ടുപോകുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു.

നിക്ഷേപം എന്നതിനോടൊപ്പം നികുതി ഇളവുകളും സാധ്യമായതിനാല്‍ എല്ലാ വരുമാനക്കാര്‍ക്കും ഇത് പ്രയോജനകരമാണ്. മാത്രവുമല്ല, വലിയ റിസ്ക് ഇല്ലായെന്നതും ഈ പദ്ധതികളെ ജനകീയമാക്കുന്നു. എളിയതായി തുടങ്ങിയിട്ട് എന്തിനാണ് എന്ന് ചിന്തിക്കരുത്. കാരണം എല്ലാ നീണ്ട യാത്രകളും ആദ്യത്തെ ചെറിയ കാല്‍വയ്പില്‍നിന്നാണ് തുടങ്ങുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram