ന്യൂഡൽഹി: ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിന് ആധാർ കാർഡ് നിർബന്ധമല്ലെന്ന വിധി ചോദ്യം ചെയ്ത് റിസർവ് ബാങ്കും സെബിയും ഗുജറാത്ത്, ജാർഖണ്ഡ് സംസ്ഥാനങ്ങളും സുപ്രീം കോടതിയെ സമീപിച്ചു.
ആഗസ്ത് 11-നാണ് ആനുകൂല്യങ്ങൾക്ക് ആധാർനമ്പർ നിർബന്ധമല്ലെന്ന് സുപ്രീംകോടതി വിധിച്ചത്. ഈ വിധിയിലെ ചില കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും ചിലതിന് ഭേദഗതി വേണമെന്നും ആണ് ഹർജിക്കാരുടെ ആവശ്യം.
ഹർജി അടുത്തയാഴ്ച(ഒക്ടോബർ 6) കേൾക്കാമെന്ന് സമ്മതിച്ച കോടതി എന്നാൽ, പ്രധാന കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട സാഹചര്യത്തിൽ ഇത്തരം ആവശ്യങ്ങൾ പരിഗണിക്കാനാവുമോയെന്ന സന്ദേഹവും പ്രകടിപ്പിച്ചു.
നേരത്തേ വിധിപറഞ്ഞ ജസ്റ്റിസ് ചെലമേശ്വർ, ജസ്റ്റിസുമാരായ എസ്.എ. ബോബ്‌ഡെ, സി. നാഗപ്പൻ എന്നിവരടങ്ങുന്ന ബഞ്ചാണ് ചൊവ്വാഴ്ചയും കേസ് പരിഗണിച്ചത്.
തൊഴിലുറപ്പ് പദ്ധതി, പെൻഷൻ ഗുണഭോക്താക്കൾക്ക് ആധാർ അടിസ്ഥാനമാക്കി ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയുമോ എന്ന കാര്യത്തിലാണ് റിസർവ് ബാങ്ക് വ്യക്തത തേടിയത്.
പൊതുവിതരണം, പാചകവാതക, മണ്ണെണ്ണ വിതരണം എന്നിവയ്ക്കല്ലാതെ മറ്റൊന്നിനും ആധാർ നമ്പർ ഉപയോഗിക്കരുതെന്നായിരുന്നു കോടതി വിധി.