കൊച്ചി: രാജ്യത്തെ നിക്ഷേപ സാധ്യതാ സൂചികയിൽ കേരളത്തിന് ശ്രദ്ധേയമായ നേട്ടം. ഭൂമി, തൊഴിൽ, അടിസ്ഥാന സൗകര്യം, സാമ്പത്തിക പരിസ്ഥിതി, രാഷ്ട്രീയ സ്ഥിരത, ഭരണം, ബിസിനസ് അവബോധം എന്നിവ അടിസ്ഥാനമാക്കിയ 2018-ലെ നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് തയ്യാറാക്കിയ സൂചികയിൽ കേരളത്തിന് നാലാം സ്ഥാനം ലഭിച്ചു.
കേരളം നിക്ഷേപ സാധ്യതാ സംസ്ഥാനമെന്ന ഈ കണ്ടെത്തലുള്ള സർവേ കൊച്ചിയിൽ നടന്ന അസന്റ് സംഗമത്തിൽ പ്രകാശനം ചെയ്തു. ഗുജറാത്ത്, ഹരിയാണ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കു തൊട്ടുപിന്നിലാണ് കേരളത്തിന്റെ സ്ഥാനമെന്ന് എൻ.സി.എ.ഇ.ആർ. ഡയറക്ടർ ജനറൽ ഡോ. ശേഖർ ഷാ പറഞ്ഞു.
കേരളം എന്നു കേൾക്കുമ്പോൾ ആരോഗ്യം, വിദ്യാഭ്യാസം, ജലം, ഹരിതാഭ എന്നിവയാണ് മനസ്സിലെത്തുക. എന്നാൽ അവ നിലനിർത്തിക്കൊണ്ട് കേരളത്തെ ഉത്പാദനത്തിന്റെ പര്യായമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ചർച്ചയ്ക്ക് തുടക്കമിട്ട് സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ പറഞ്ഞു.