എന്‍ജിനിയറിങ് പഠിക്കാം: ഫീസ് 2500മാത്രം; ലാപ്‌ടോപും ടുവീലറും സൗജന്യം!


1 min read
Read later
Print
Share

കുട്ടികളിലാത്ത കാരണം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കോളേജുകളാണ് വന്‍ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്

അഹമ്മദാബാദ്: വന്‍ ഓഫറുകളുമായി കുട്ടികളെ പിടിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ഗുജറാത്തിലെ എന്‍ജിനിയറിങ്‌കോളേജ് മാനേജ്മെന്റുകള്‍. ആള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ എഡുക്കേഷന്‍ (AICTE) മനദണ്ഡ പ്രകാരം കുട്ടികളില്ലാത്തതുകാരണം പൂട്ടല്‍ ഭീഷണി നേരിടുന്ന കോളേജുകളാണ് വന്‍ വാഗ്ദാനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

എഐസിടിഇ കണക്ക് പ്രകാരം 3,291 കോളേജുകളിലായി 15.5 ലക്ഷം സീറ്റുകളാണ് വിവിധ എന്‍ജിനിയറിങ്‌ കോഴ്സുകളിലായി രാജ്യത്തുള്ളത്. 2016-17,2015-16 അധ്യയന വര്‍ഷങ്ങളില്‍ ഇതില്‍ പകുതി സീറ്റുകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു.

ഗുജറാത്തിലെ എന്‍ജിനിയറിങ് കോളേജുകളില്‍ ഈ വര്‍ഷത്തെ ആദ്യഘട്ട പ്രവേശനം കഴിഞ്ഞപ്പോള്‍ 55,422 സീറ്റുകളില്‍ 34,642 സീറ്റുകളും ഒഴിഞ്ഞു കിടക്കുകയാണ്.

ഈ പ്രതിസന്ധി മറികടക്കാനാണ് സ്‌കോളര്‍ഷിപ്പെന്ന പേരില്‍ ഫീസളവ്, ആദ്യ സെമസ്റ്ററിലെ ഫീസ് പൂര്‍ണമായും ഒഴിവാക്കിനല്‍കല്‍, സൗജന്യ ലാപ്‌ടോപ്, പകുതി നിരക്കില്‍ ഹോസ്റ്റല്‍-യാത്രാ സൗകര്യം എന്നിവ നല്‍കുന്നത്. ഒറ്റത്തവണയായി ഫീസടക്കുന്നവര്‍ക്ക് കോഴ്‌സ് അവസാനിക്കുമ്പോള്‍ ടൂവീലര്‍ തുടങ്ങി മറ്റ് ഓഫറുകളും നല്‍കിയാണ് കോളേജുകള്‍ കുട്ടികളെ ആകര്‍ഷിക്കുന്നത്.

വാര്‍ഷിക ഫീസായി 2500 രൂപമാത്രമാണ് ഗുജറാത്തിലെ ഒരു കോളേജ് ഈടാക്കുന്നത്. ചില കോളേജുകള്‍ വിദ്യാര്‍ഥികളെ തരപ്പെടുത്തുന്ന ഏജന്റുമാര്‍ക്ക് ഒരുകുട്ടിക്ക് 10,000 രൂപവരെ കൊടുക്കുന്നുണ്ടന്നും റിപ്പോര്‍ട്ടുകളുുണ്ട്.

വ്യവസായ രംഗത്തെ വിദഗ്ദര്‍ ഇന്ത്യയിലെ ഒരു തൊഴിലിലും വൈദഗ്ദ്യമില്ലാത്ത യുവജനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഇന്ത്യയിലെ 94% ശതമാനം എന്‍ജിനിയറിങ് ബിരുദധാരികളും ജോലി ചെയ്യാന്‍ അനുയോജ്യരല്ലെന്ന് ടെക് മഹീന്ദ്ര എം.ഡി സി.പി ഗുര്‍മാനി അഭിപ്രായപ്പെടുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram