ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണിനും പാന്‍ കാര്‍ഡിനും ജൂലായ് ഒന്നുമുതല്‍ ആധാര്‍ വേണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സി.ബി.ഡി.ടി). ഇതിനായി ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്നും സി.ബി.ഡി.ടി പ്രസ്താവനയില്‍ വ്യക്തമാക്കി. ആധാര്‍ നിര്‍ബന്ധമാക്കുന്ന ആദായ നികുതി നിയമത്തിലെ 139 എ.എ വകുപ്പിന്റെ നിയമസാധുത സുപ്രീം കോടതി കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു.
എന്നാല്‍ ആധാര്‍ ഇല്ലാത്തവര്‍ക്കും അപേക്ഷിട്ട് ലഭിക്കാത്തവര്‍ക്കും സുപ്രീം കോടതി ഇളവ് അനുവദിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആധാര്‍ ഇല്ലാത്തവരുടെ പാന്‍ കാര്‍ഡുകള്‍ റദ്ദാക്കില്ലെന്നും അവര്‍ക്കെതിരെ മറ്റ് നടപടികള്‍ ഉണ്ടാകില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ജൂലായ് ഒന്നിനുശേഷം ഇത്തരം ഇളവുകള്‍ ഉണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകളെ ഭരണഘടനാ ബെഞ്ചിന്റെ വിധി വരുന്നതുവരെ അസാധുവാക്കരുതെന്ന് ജഡ്ജിമാരായ എ.കെ. സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതിയുടെ 2015-ലെ വിധിയുടെ ലംഘനമാണ് കേന്ദ്രം നടത്തിയതെന്ന് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, വ്യാജ പാന്‍ കാര്‍ഡുകള്‍ തടയുന്നതിനാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നതെന്ന് കേന്ദ്രത്തിനുവേണ്ടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കുന്നതിനും ഇത്തരം വ്യാജ പാന്‍കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
ഇതുവരെ രാജ്യത്തെ 95 ശതമാനം ജനങ്ങളും (115 കോടിപ്പേര്‍) ആധാര്‍ എടുത്തിട്ടുണ്ട്. വിവിധ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട് 50,000 കോടി രൂപയോളം ലാഭിക്കാനും അത് പാവങ്ങള്‍ക്കായി ചെലവാക്കാനും സര്‍ക്കാരിന് സാധിച്ചു -അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. 2015-ലാണ് ആധാര്‍ കേസ് സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് വിട്ടത്.
പക്ഷേ, ഇതുവരെ ബെഞ്ച് രൂപവത്കരിച്ചിട്ടില്ല.