''സ്ത്രീയുടെ സഹനശക്തിയെ പരീക്ഷിക്കരുത്, അവള്‍ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ ആണുങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ല. ആ മനസ്സിന്റെ കരുത്ത് അത്രയും വലുതാണ്. അങ്ങനെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സ്ത്രീകളുടെ ദുരിതങ്ങള്‍ കാണുന്ന സിനിമകള്‍ക്കൊപ്പമാണ് ഞാന്‍ നിന്നത്. ടേക് ഓഫും 22 ഫീമെയില്‍ കോട്ടയവും പറഞ്ഞതും പെണ്ണിന്റെ സഹനത്തിന്റെയും പ്രതികരണത്തിന്റെയും കഥയാണ്. രണ്ടും പെണ്ണിന്റെ ആത്മധൈര്യത്തിന്റെ കഥ പറഞ്ഞ ചിത്രങ്ങളായിരുന്നു.''
22 ഫീമെയില്‍ കോട്ടയത്തിന്റെ ഇതിവൃത്തം യഥാര്‍ത്ഥ ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന അന്തരീക്ഷത്തിലായിരുന്നു സ്ത്രീകളുടെ മനസ്സിനൊപ്പം സഞ്ചരിക്കുന്ന ഫഹദ് ഫാസിലുമായുള്ള അഭിമുഖം. ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള യുവാവാണ് ഫഹദ്. സിനിമകള്‍ക്ക് സാമൂഹിക പ്രതിബദ്ധത ഉണ്ടാവുന്നത് നല്ലതാണെന്ന് വിശ്വസിക്കുന്ന അഭിനേതാവ്. സിനിമയേയും ജീവിതത്തേയും കുറിച്ചുള്ള സങ്കല്പങ്ങളെക്കുറിച്ച് ഫഹദ് ഫാസില്‍ സംസാരിക്കുന്നു.
മഹേഷിന്റെ പ്രതികാരത്തിനു ശേഷം വീണ്ടും സംവിധായകന്‍ ദിലീഷ് പോത്തനുമായി ഒന്നിക്കുകയാണല്ലോ?
ഞങ്ങളുടെ കഴിഞ്ഞ ചിത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ പ്ലോട്ടാണിത്. വെറും മൂന്നു ദിവസംകൊണ്ട് നടക്കുന്ന കഥയാണ് 'തൊണ്ടിമുതലും ദൃക്‌സാക്ഷി'യും എന്ന ചിത്രം പറയുന്നത്. ഒരു കേസുമായി പോലീസ് സ്റ്റേഷനിലെത്തുന്ന പരാതിക്കാരനെയും പ്രതിയേയും നിയമം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നീ രസങ്ങള്‍ ഇതിലുണ്ട്. ആക്ഷേപ ഹാസ്യത്തിലൂടെയാണ് കഥ കടന്നുപോകുന്നത്. ഓരോ കഥാപാത്രങ്ങള്‍ക്കും പറയാന്‍ ഓരോ കഥകളുണ്ട്. മഹേഷിന്റെ പ്രതികാരത്തെപ്പോലെ ഏറെ റിയലിസ്റ്റിക്കായി കഥപറയാനാണ് ശ്രമിക്കുന്നത്. കാസര്‍കോടന്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നതാണെങ്കിലും കേരളത്തിലെവിടെയും നടക്കാന്‍ സാധ്യതയുള്ള കഥകൂടിയാണിത്.
നസ്രിയ ഫഹദിനൊപ്പം സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്ത ഉണ്ടായിരുന്നു. ആ തീരുമാനം മാറിയോ?
ഞാനും നസ്രിയയും പുതിയ ഫ്‌ളാറ്റിലേക്ക് മാറി, ഞങ്ങളുടേതായ ലോകത്താണ്. ഇപ്പോള്‍ കുടുംബജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഗംഭീരമെന്ന് തോന്നുന്ന ചിത്രം വന്നാല്‍ ചെയ്യും. അല്ലാതെ അതിനുവേണ്ടി ഒന്നും ചെയ്യാന്‍ പരിപാടിയില്ല.
നസ്രിയ ജീവിതത്തില്‍ വന്നപ്പോള്‍?
ജീവിതം അര്‍ഥപൂര്‍ണമായി. ഞാന്‍ അലസനും മടിയനുമായ വ്യക്തിയാണ്. വീട്ടില്‍നിന്ന് പുറത്തുപോലും ഇറങ്ങാറുണ്ടായിരുന്നില്ല. അങ്ങനെയുള്ള ഒരാളെ ഉത്സാഹത്തോടെ നേര്‍വഴിക്ക് നടത്താന്‍ അവള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
സ്റ്റാര്‍ഡത്തില്‍ വിശ്വസിക്കുന്നുണ്ടോ?
ആ ഏരിയയിലേക്കേ ഞാന്‍ ശ്രദ്ധിക്കാറില്ല. ഞാന്‍ ആഗ്രഹിക്കുന്ന ഒരു ജീവിതമുണ്ട്. അത് വിട്ടുള്ള കളിയില്ല. എന്റെ കരിയര്‍ അതിന് തടസ്സമാകുമെന്ന് തോന്നിയാല്‍ അത് ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറാണ്. സിനിമ കഴിഞ്ഞാല്‍ ഞാന്‍ ഡിസ്‌കണക്ടഡായിരിക്കും.
മനസ്സിലുള്ള മോഹം?
അടുത്തിടെ ഖസാക്കിന്റെ ഇതിഹാസം വീണ്ടും വായിച്ചു. വിസ്മയ ലോകത്തിന്റെ കഥ പറയുന്ന ആ നോവല്‍ ആരെങ്കിലും സിനിമയാക്കിയെങ്കില്‍ എന്ന് മോഹിച്ചുപോയി.