നൃത്തപരിപാടികളില്‍നിന്നും അശ്വതിയെ മാറ്റിനിര്‍ത്തി; അമ്മയുടെ വാക്കുകളായിരുന്നു ബലം


കലാമണ്ഡലം സരസ്വതി

തനിക്കു ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ അമ്മയായിട്ട് ചെയ്യാന്‍ സമ്മതിക്കാതെ മാറ്റിനിര്‍ത്തിയതില്‍ കുട്ടിയായ അശ്വതി വേദനിച്ചിരിക്കാം. ഞാന്‍ ആ സങ്കടം മാറ്റാനും പോയിട്ടില്ല. പക്വത വന്നപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകാം എന്നു ഞാന്‍ വിശ്വസിക്കുന്നു.

അശ്വതി വി നായർ, കലാമണ്ഡലം സരസ്വതി

മാതൃത്വം എന്ന വികാരമൊക്കെ എനിക്കു വന്നുതുടങ്ങിയത് സത്യത്തില്‍ വാവ വാക്കുകള്‍ കൂട്ടിപ്പറയാന്‍ തുടങ്ങിയപ്പോഴാണ്. അമ്മ, അച്ഛന്‍ എന്നൊക്കെ വിളിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ വാവ തന്നെയായി പിന്നെ ലോകം. നൃത്തപരിപാടികളുടെ സൗകര്യങ്ങള്‍ക്കും മറ്റുമായി ഞാന്‍ വാവയോട് ഒരു നീതികേട് കാട്ടിയിരുന്നു. മുലപ്പാല്‍ കൊടുക്കുന്നത് വളരെ നേരത്തേ തന്നെ നിര്‍ത്തി. അതിന് ഞാന്‍ കണ്ട ന്യായം എന്റെ അമ്മയുടെ അടുക്കല്‍ എത്ര സമയം വേണമെങ്കിലും നിര്‍ത്തിയിട്ട് പോകാമല്ലോ എന്നതായിരുന്നു. പാല്‍മധുരം തിരിച്ചറിയാനാവാത്ത പ്രായത്തില്‍ തന്നെ നിഷേധിക്കപ്പെട്ടതിനാല്‍ വാവ ഒരിക്കല്‍പോലും പാലുകുടിക്കാന്‍ വാശിപിടിച്ചിരുന്നില്ല. ഏട്ടത്തിയമ്മ പക്ഷേ അക്കാര്യത്തില്‍ എന്നെ കാണുന്ന മാത്രയില്‍ കയര്‍ത്തുസംസാരിക്കുമായിരുന്നു. പാലുകുടിച്ച് മതിയാകാത്ത കുട്ടി എന്നാണ് ഏട്ടത്തിയമ്മ വാവയെ എടുത്തുനടക്കുമ്പോള്‍ പറഞ്ഞ് പരിതപിക്കുക. അതുകേള്‍ക്കുമ്പോള്‍ ഞാന്‍ മിണ്ടാതെ, ഏട്ടത്തിയമ്മയുടെ മുന്നില്‍ പെടാതെ മാറിനടക്കും. എന്റെ സഹോദരങ്ങളുടെ വാത്സല്യങ്ങള്‍ ഏറ്റുവളര്‍ന്നതിനാല്‍ അവളുടെ ലോകം മുഴുവനും അവര്‍ തന്നെയായിരുന്നു. ഒരു കളിപ്പാവയെയും കൊഞ്ചിച്ച് അതിനോട് വര്‍ത്തമാനം പറഞ്ഞുകൊണ്ട് അവള്‍ വളര്‍ന്നു. സ്വന്തം ലോകത്തായിരുന്നു വാവ പലപ്പോഴും. അവള്‍ പിറകേ നടന്ന് വര്‍ത്തമാനം പറഞ്ഞുതുടങ്ങിയപ്പോള്‍ വല്ലാത്ത കൗതുകമായിരുന്നു. പിന്നെ അവളുടെ ഭാഷയില്‍ സംസാരിക്കാനും അവളോട് തിരികെ പറയാനുമൊക്കെ ഇഷ്ടമായിത്തുടങ്ങി. പണ്ടുമുതലേ കുടുംബത്തില്‍ കുഞ്ഞുങ്ങളൊക്കെയുണ്ടെങ്കിലും അവരെ കൊഞ്ചിക്കാനൊന്നും ഞാന്‍ മെനക്കെടാറില്ലായിരുന്നു. എനിക്കതിനുള്ള സമയവും ഉണ്ടായിട്ടില്ല. ഞാന്‍ വീട്ടിലുണ്ടാവുന്ന സമയങ്ങളില്‍ ഓരോന്നും പറഞ്ഞ് വാവയങ്ങനെ ഇരിക്കും. അധികവും തന്നോടുതന്നെ പറയുന്നതായിരിക്കും. അവളെ കേള്‍ക്കാന്‍ ആര്‍ക്കു സമയം?

വാക്കുകള്‍ കൂട്ടിപ്പറയാന്‍ തുടങ്ങിയപ്പോള്‍ എം.ടിയുടെ ശ്രദ്ധയാകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ വാവ നടത്തുമായിരുന്നു. അച്ഛന്‍ വരുന്ന സമയമാകുമ്പോള്‍ തനിക്കുള്ള ഉടുപ്പുകളില്‍ ഏറ്റവും നല്ലത് എടുത്തിടും, ചെറിയ ഫ്രോക്കുകളാണ് ഇഷ്ടം. എം.ടി അകത്തേക്ക് വന്ന് മുകളിലേക്ക് കയറിപ്പോകുമ്പോള്‍ കാണാവുന്ന തരത്തില്‍ അച്ഛനെ തലചെരിച്ച് നോക്കിക്കൊണ്ട് നില്‍ക്കും. സ്നേഹത്തോടെ ഒന്നു പുഞ്ചിരിച്ചുകൊണ്ട് എം.ടി അവളുടെ മുടികളെ ഒന്നു തലോടും. അതുമതി വാവയ്ക്ക്. എം.ടി കോണിപ്പടികള്‍ കയറിപ്പോകുന്നതുവരെ താഴെത്തന്നെ നോക്കിനില്‍ക്കും. പ്രസവിച്ചയുടന്‍ വാവയെ വീട്ടിലാക്കി നൃത്തപരിപാടികള്‍ക്കുപോകുമ്പോള്‍ ഇല്ലാതിരുന്ന വൈകാരിക പ്രശ്നങ്ങളായിരുന്നു പിന്നീട് എനിക്കുണ്ടായത്. അതുകൊണ്ടുതന്നെ പരിപാടികള്‍ക്ക് പോകുമ്പോള്‍ ദൂരം നോക്കാതെ ഞാന്‍ അവളെയും കൂടെകൂട്ടി. എം.ടിയുടെ ദീര്‍ഘയാത്രകളില്‍ സാഹചര്യം ഒത്തുവന്നാല്‍ ഞാനും വാവയും കൂടെപോയിരുന്നു. 'മഞ്ഞ്' സിനിമയുടെ ലൊക്കേഷന്‍ ഇന്നും മനസ്സിലുണ്ട്. ഡെറാഡൂണിലെ തണുപ്പില്‍ താമസ്ഥലത്തുനിന്നും വാവയെയും കൂട്ടി പതുക്കെ ഞാന്‍ ലൊക്കേഷനിലെത്തും. വായില്‍ വരുന്ന പാട്ടുകളും പാടി കുഞ്ഞുടുപ്പിനുമീതെ സ്വെറ്ററുമിട്ട് ഓടിച്ചാടി നടക്കുന്ന വാവ. വലിയ ഉത്സാഹമാണ് ഷൂട്ടിങ് എന്നൊക്കെ പറഞ്ഞാല്‍.

MT, Saraswathy And Aswathi
എം.ടി, കലാമണ്ഡലം സരസ്വതി, അശ്വതി ('മഞ്ഞി'ന്റെ ചിത്രീകരണവേളയില്‍)

നാല് വയസ്സായപ്പോള്‍ മുതല്‍ എന്നോടൊപ്പം വാവ നൃത്തക്ലാസിലേക്കും വരാന്‍ തുടങ്ങി. അന്ന് എന്നെ സഹായിച്ചിരുന്ന രാധ എന്ന ടീച്ചറോട് ഞാന്‍ ഒരാഗ്രഹം പറഞ്ഞു. രാധേ, അശ്വതിയ്ക്ക്‌ സ്റ്റെപ്പുകള്‍ പഠിപ്പിച്ചുകൊടുക്കാമോ. എന്നെ അനുസരിച്ചുകൊള്ളണമെന്നില്ല. എന്തായാലും ഞാന്‍ കൂടെ കൊണ്ടുവരുന്നുണ്ടല്ലോ. ഗുരുവായൂരില്‍ കൊണ്ടുപോയി കളിപ്പിക്കണമെന്നുണ്ട്. കൂടുതലായിട്ടൊന്നും മെനക്കെടണ്ട. എന്തെങ്കിലുമൊക്കെ അറിഞ്ഞിരിക്കട്ടേ എന്നുവെച്ചിട്ടാണ്. രാധ സന്തോഷത്തോടെ അശ്വതിയെ ഏറ്റെടുത്തു. അത്ര ഉത്സാഹമൊന്നും കാണിക്കില്ല. ചിലപ്പോള്‍ ക്ലാസിലേക്ക് വരുന്നില്ല എന്നുപറഞ്ഞ് അമ്മാവന്മാരുടെ കൂടെ പോയ്ക്കളയും. ചിലപ്പോള്‍ മുഖം വീര്‍പ്പിച്ചിരിക്കും, പിണങ്ങും. എന്നിരുന്നാലും രാധയുടെ സ്നേഹനിര്‍ബന്ധങ്ങള്‍ കൊണ്ട് ഏഴാം വയസ്സില്‍ ഗുരുവായൂരില്‍ കൊണ്ടുപോയി നൃത്തം ചെയ്യിക്കാന്‍ കഴിഞ്ഞു. കൃഷ്ണനായി വേഷമിടീച്ചുകൊണ്ട് മൂന്നുനാല് ഐറ്റങ്ങള്‍ ചെയ്യിക്കാന്‍ പറ്റി. അത്രയേ എനിക്കും ആഗ്രഹമുണ്ടായിരുന്നുള്ളൂ. നൃത്തത്തെപ്പറ്റി എന്തെങ്കിലുമൊക്കെ അറിഞ്ഞിരിക്കണം. ആ പരിപാടിക്കു ശേഷം നൃത്തക്ലാസില്‍ വരുന്നത് അശ്വതി നിര്‍ത്തി.

മുന്‍ഭാഗങ്ങള്‍ വായിക്കാം

ഗുരു ചേമഞ്ചേരിയുടെ ശിഷ്യ നയന്‍താര എന്നുപേരുള്ള കണ്ണൂര്‍ക്കാരിയായ ഒരു പെണ്‍കുട്ടിയെ വേദികളില്‍വെച്ച് ഞാന്‍ കാണാറുണ്ടായിരുന്നു. നയന്‍താരയുടെ അമ്മ ചിത്രലേഖ, ഗോള്‍ഡി എന്ന പേരിലാണ് അവര്‍ അറിയപ്പെട്ടിരുന്നത്, നല്ലൊരു നര്‍ത്തകിയായിരുന്നു. കുട്ടികള്‍ വേദികളില്‍ കളിക്കുമ്പോള്‍ സദസ്സില്‍ അവരെയും കാണാം. ഞങ്ങള്‍ പരസ്പരം പുഞ്ചിരിക്കും. നന്നായി കളിക്കുന്ന കുട്ടിയായിരുന്നു അവള്‍. ഒരിക്കല്‍ നയന്‍താരയെയും കൂട്ടി ഗോള്‍ഡി സിതാരയില്‍ വന്നു. നയന്‍താരയുടെ തുടര്‍ നൃത്തപഠനം ഏറ്റെടുക്കാമോ എന്നായിരുന്നു അഭ്യര്‍ഥന. എന്റെ പരിപാടികള്‍ക്ക് പാടിയിരുന്ന ജയപാലന്‍മാഷ് മുഖാന്തരമാണ് അവര്‍ വരുന്നത്. എല്ലാ ശനിയും ഞായറും എന്റെ സൗകര്യം നോക്കി മുന്‍കൂട്ടി വിളിച്ചറിയിച്ചശേഷം അമ്മയും മകളും വരും. അതുവരെ പഠിച്ചതില്‍ നിന്നും വളരെ ചെറിയ മാറ്റങ്ങള്‍ മാത്രമേ നയന്‍താരയ്ക്ക് പറഞ്ഞുകൊടുക്കാനുണ്ടായിരുന്നുള്ളൂ. വളരേ പെട്ടെന്നു തന്നെ എന്റെ പരിപാടികളില്‍ നയന്‍താരയെയും ഉള്‍പ്പെട്ടു. നയന്‍താര വളരേ ഓപണ്‍മൈന്റഡ് ആയ ഒരു കുട്ടിയായിരുന്നു. ഗോള്‍ഡിയുമായി ഞാന്‍ വേഗം തന്നെ നല്ല ബന്ധത്തിലായി. കാന്‍സറായിരുന്നു അവര്‍ക്ക്. അധികം വൈകാതെ തന്നെ മരിച്ചുപോയി. അമ്മയുടെ മരണം ആ കുട്ടിയില്‍ വലിയ ആഘാതമായിരുന്നു സൃഷ്ടിച്ചിരുന്നത്. കൂടുതല്‍ പരിപാടികളില്‍ നയന്‍താരയെ ഉള്‍പ്പെടുത്തി യാത്രകളും പരിപാടികളുമായി അവള്‍ ഉത്സാഹം വീണ്ടെടുത്തു. വൈകാതെ തന്നെ അവള്‍ എന്റെ സഹോദരനായ മഹാദേവനെ വിവാഹം ചെയ്തു. ആദ്യമൊക്കെ എനിക്കതില്‍ വ്യക്തിപരമായ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. പിന്നെ ചിന്തിച്ചപ്പോള്‍ തോന്നി അവരുടെ വ്യക്തിപരമായ കാര്യങ്ങളാണല്ലോ എന്ന്. വിവാഹശേഷവും നയന്‍താര നൃത്തപരിപാടികളില്‍ സജീവമായിരുന്നു. ഒരിക്കല്‍ കണ്ണൂരില്‍ ഒരു പരിപാടി കഴിഞ്ഞ് ഞങ്ങള്‍ നൃത്തസംഘത്തിലെ എല്ലാവരെയും കൂട്ടി നേരെ മൂകാംബിക ക്ഷേത്രത്തിലേക്ക് പോയി. അവിടെ ദേവീസന്നിധിയിലും കുട്ടികള്‍ നൃത്തമവതരിപ്പിച്ചു. ഇതെല്ലാം കണ്ടുനിന്നിരുന്ന അശ്വതി എഴുന്നേറ്റ് എന്നെ നോക്കി പറഞ്ഞു: എനിക്കും കളിക്കണം, ഞാനുമുണ്ട് നൃത്തം പഠിക്കാന്‍. അന്നവള്‍ ഏഴാംക്ലാസിലാണ് എന്നാണെന്റെ ഓര്‍മ. അവളുടെ മുഖത്തുനോക്കി ഞാന്‍ ആയിക്കോട്ടെ എന്ന മട്ടില്‍ തലയാട്ടി. എത്രകണ്ട് മുന്നോട്ട് പോകും എന്നെനിക്ക് മുന്‍കൂട്ടി പറയാന്‍ പറ്റില്ലല്ലോ. അവള്‍ നൃത്തം പഠിക്കാന്‍ ഒരുങ്ങുന്നു എന്നെനിക്കു മനസ്സിലായപ്പോള്‍ എന്റെ നൃത്തപഠനയാത്രകളില്‍ അവളെയും കൂടെകൂട്ടാന്‍ തുടങ്ങി. കുച്ചുപ്പുടി ഗുരു വെമ്പട്ടി ചിന്നസത്യം സാറിന്റെയടുക്കലും ചിത്രാവിശ്വേശ്വരന്റെയടുത്തുമൊക്കെ പോകുമ്പോള്‍ ഞാന്‍ അവളെയും കൂട്ടി.

Kalamandalam Saraswathy and Aswathy
കലാമണ്ഡലം സരസ്വതി, അശ്വതി

അശ്വതിയുടെ നൃത്തപഠനം ഒരു വാശിപോലെ തുടര്‍ന്നു. അങ്ങനെയൊരു ഗുണമുണ്ട് അവള്‍ക്ക്. വാശി കയറിയാല്‍, പഠിക്കണം എന്നു വിചാരിച്ചാല്‍ എത്ര മെനക്കെട്ടാലും പഠിച്ചെടുക്കും. ആ വാശിയ്ക്ക് എതിര്‍വശവുമുണ്ട്, ആരൊക്കെ തല്ലിപ്പഠിപ്പിക്കാന്‍ നോക്കിയാലും വേണ്ട എന്നുതോന്നിയാല്‍ വേണ്ട എന്നു തന്നെയാണ്. പലപ്പോഴും തോന്നിയിട്ടുണ്ട് എം.ടിയുടെ ഒരു പെണ്‍രൂപമാണോ എന്ന്. നൃത്തം പഠിക്കാന്‍ ആരുടെയും നിര്‍ബന്ധം ഇല്ലാത്തതിനാല്‍ ഓരോന്നും പഠിച്ചെടുക്കാന്‍ നന്നായി മെനക്കെടുന്നത് മറ്റുകുട്ടികളെ പഠിപ്പിക്കുമ്പോള്‍ ഞാന്‍ കാണുമായിരുന്നു. എങ്കിലും കണ്ട ഭാവം നടിക്കില്ല. അമ്മ ശ്രദ്ധിക്കുന്നില്ല എന്ന സങ്കടമൊന്നും ആ മുഖത്ത് ദര്‍ശിക്കാന്‍ പറ്റുകയുമില്ല. എന്നെ തിരിച്ചും മൈന്‍ഡ് ചെയ്യില്ല. അവള്‍ക്ക് സങ്കടമുണ്ടായിട്ടുണ്ടാകും എന്ന് ഞാന്‍ മനസ്സിലാക്കിയ സന്ദര്‍ഭങ്ങള്‍ ധാരാളമുണ്ട്. കുട്ടികളെ മത്സരപരിപാടികള്‍ക്കും മറ്റു വിശിഷ്ടവേദികളിലെ നൃത്തപരിപാടികള്‍ക്കുമായി തിരഞ്ഞെടുക്കുമ്പോള്‍ അശ്വതിയെ ഞാന്‍ മാറ്റി നിര്‍ത്തും. എന്നെ സഹായിക്കാന്‍ വരുന്ന ടീച്ചര്‍മാര്‍ പറയും അശ്വതി കളിക്കും അവളെ ഇന്ന ഐറ്റത്തില്‍ ഉള്‍പ്പെടുത്താം എന്നൊക്കെ. അശ്വതി വേണ്ട എന്നുഞാന്‍ തീര്‍ത്തുപറയും. അത് കേള്‍ക്കുമ്പോള്‍ അവള്‍ക്ക് വിഷമമുണ്ടായിരിക്കാം. പക്ഷേ പുറത്തുകാണിക്കില്ല. കൂടുതല്‍ വീര്യത്തോടെ അടുത്ത ക്ലാസില്‍ പരിശീലനം തുടരും. എന്റെ കുട്ടികളുടെ രക്ഷിതാക്കളും ടീച്ചര്‍മാരും എല്ലാവരും നിര്‍ബന്ധിച്ചാലും അശ്വതി ഇപ്പോള്‍ വേണ്ട എന്ന തീരുമാനത്തില്‍ തന്നെ ഞാന്‍ ഉറച്ചുനില്‍ക്കും. അതിനു കാരണം എന്റെ അമ്മയുടെ വാക്കുകളാണ്. അമ്മ എപ്പോഴും പറയുമായിരുന്നു: ''നീ മറ്റുള്ള കുട്ടികളെ വളര്‍ത്തിയാല്‍ മതി, നിന്റെ കുട്ടിയെ വളര്‍ത്തണ്ട, ദൈവം വളര്‍ത്തും'' അമ്മ എപ്പോഴും ആവര്‍ത്തിക്കുന്ന ഉപദേശങ്ങളില്‍ ഒന്നായിരുന്നു അത്. ''നീ, നീയായത് കുട്ടികളിലൂടെയാണ്, രക്ഷിതാക്കള്‍ അര്‍പ്പിച്ച വിശ്വാസത്തിലൂടെയാണ്. അവരെ മാത്രം നോക്കിയാല്‍ മതി.'' ഇന്നുവരെ ആ ഉപദേശമാണ് എന്നെ ഈ ജോലിയില്‍ മുന്നോട്ട് നയിച്ചിട്ടുള്ളത്. അശ്വതി എന്റെ കുട്ടിയാണല്ലോ, അവള്‍ക്ക് അവസരങ്ങള്‍ ഇനിയും വരും. പക്ഷേ എന്റെ വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഞാന്‍ ഒരുക്കിക്കൊടുക്കുന്ന അവസരം മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ നൃത്തപരിപാടികളുടെ കാര്യത്തില്‍ അശ്വതിയെ ഞാന്‍ പരിഗണിച്ചില്ല. അവളതിനെ ആരോഗ്യകരമായി നേരിട്ടു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തനിക്കു ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ അമ്മയായിട്ട് ചെയ്യാന്‍ സമ്മതിക്കാതെ മാറ്റിനിര്‍ത്തിയതില്‍ കുട്ടിയായ അശ്വതി വേദനിച്ചിരിക്കാം. ഞാന്‍ ആ സങ്കടം മാറ്റാനും പോയിട്ടില്ല. പക്വത വന്നപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകാം എന്നു ഞാന്‍ വിശ്വസിക്കുന്നു.

കോണ്‍വെന്റ് സ്‌കൂളിലാണ് അശ്വതി പഠിച്ചത്. എം.ടി ആരുടെയും വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടില്ല. അഭിപ്രായസ്വാതന്ത്ര്യത്തെയും അദ്ദേഹം നന്നായി മാനിച്ചിരുന്നു. ഡിഗ്രിയ്ക്ക് ഇംഗ്ലീഷ് സാഹിത്യമാണ് എടുത്തിരിക്കുന്നതെന്ന് അവള്‍ എം.ടിയോട് പറഞ്ഞു. എം.ടി അഭിപ്രായവ്യത്യാസമൊന്നും പ്രകടിപ്പിച്ചില്ല. ഡിഗ്രിയ്ക്കു ശേഷം എം.എയ്ക്ക് പോകുന്നു എന്നുംപറഞ്ഞു. അതിനും ആരും എതിരില്ല. അതിനിടയിലാണ് നൃത്തത്തിലേക്ക് വീണ്ടും ശ്രദ്ധ കൊടുക്കണമെന്ന ആഗ്രഹവും പ്രകടിപ്പിക്കുന്നത്. എന്നാലങ്ങനെ ആയിക്കോട്ടെ എന്ന നിലപാടില്‍ ഞങ്ങളും നിന്നു.

(തുടരും)

തയ്യാറാക്കിയത് : ഷബിത

Content Highlights ; Saraswatham Autobiography kalamandalam Saraswathy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram