ചുഴലിക്കാറ്റ്: കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Posted on: 03 May 2015പുതിയാപ്പ: കഴിഞ്ഞദിവസം പുതിയാപ്പയില്‍നിന്ന് മത്സ്യബന്ധനത്തിനുപോയി ചുഴലിക്കാറ്റില്‍പ്പെട്ട് ബോട്ടുതകര്‍ന്ന് കാണാതായ പുതിയാപ്പ കായലകത്ത് ഹരീഷിന്റെ (37) മൃതദേഹം കണ്ടെത്തി.
അപകടം നടന്നിടത്തുനിന്ന് ഒരു ഫാതം അകലെ, പുതിയാപ്പ അരയസമാജത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച പകല്‍ മുഴുവന്‍ കോസ്റ്റ്ഗാര്‍ഡ്, നാട്ടുകാര്‍, പോലീസ് തുടങ്ങിയവര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കൊച്ചിയില്‍നിന്ന് അഞ്ചംഗ നാവികസേന വൈകീട്ട് പുതിയാപ്പയില്‍ എത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ തിരച്ചില്‍ നടത്താനിരിക്കെയാണ് അതിരാവിലെതന്നെ നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. രാവിലെ എട്ടുമണിയോടെ പുതിയാപ്പ ഹാര്‍ബറില്‍ എത്തിച്ച മൃതദേഹം കോസ്റ്റല്‍ പോലീസിന്റെ ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലെത്തിച്ചു. 12 മണിേയാടെ വീട്ടിലെത്തിച്ച മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പുതിയാപ്പ അരയസമാജം ശ്മശാനത്തില്‍ സംസ്‌കരിച്ചു.
കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശി ഷിജിതയാണ് ഭാര്യ. പുത്തൂര്‍ യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളായ ഹര്‍ഷിത്ത്, ഹര്‍ഷിത എന്നിവരാണ് മക്കള്‍. അമ്മ: പരേതയായ സരോജിനി. സഹോദരങ്ങള്‍: അഭിലാഷ്, വിദ്യ. തകര്‍ന്ന ബോട്ട് വ്യാഴാഴ്ച വൈകിട്ടുതന്നെ മത്സ്യത്തൊഴിലാളികള്‍ കരയ്‌ക്കെത്തിച്ചു. ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത്, എം.കെ. രാഘവന്‍ എം.പി. എന്നിവര്‍ സ്ഥലത്തെത്തി.


More News from Kozhikode