ദുരന്തഭൂമിയില്‍ നിന്ന് അവരെത്തി; കുടുംബത്തിന്റെ തണലിലേക്ക്‌

Posted on: 03 May 2015കോഴിക്കോട്: ഭൂകമ്പം നാശംവിതച്ച നേപ്പാളില്‍ നിന്ന് അപകടമൊന്നും കൂടാതെ തിരിച്ചെത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലായിരുന്നു വോയ്‌സ് ഓഫ് അമ്പലപ്പടി സംഘം.
റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്ന കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുകള്‍ക്കും ഇടയിലേക്ക് അവര്‍ ആശ്വാസനിശ്വാസത്തോടെയാണ് ഇറങ്ങിയത്. ശനിയാഴ്ച രാവിലെ ലോകമാന്യതിലക് തിരുവനന്തപുരം എക്‌സ്​പ്രസ്സിലാണ് 52 അംഗ സംഘം കോഴിക്കോട്ടെത്തിയത്.
ഭൂകമ്പത്തില്‍ കുടുങ്ങി കഷ്ടനഷ്ടങ്ങളൊന്നും അനുഭവിച്ചില്ലെങ്കിലും ദുരന്തഭൂമിയിലൂടെ സഞ്ചരിച്ചതിന്റെ ഓര്‍മകളില്‍ നിന്ന് അവര്‍ മുക്തരായിട്ടില്ല. 27 സ്ത്രീകളും 20 പുരുഷന്‍മാരുമാണ് ഉണ്ടായിരുന്നത്. യാത്ര സംഘടിപ്പിച്ച സഞ്ചാര്‍ ടൂര്‍സിന്റെ അഞ്ച് ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു.
ഭൂകമ്പമുണ്ടായപ്പോള്‍ ഇവര്‍ പൊഖ്‌റയ്ക്കും കാഠ്മണ്ഡുവിനും ഇടയിലുള്ള മുഗ്ലി എന്ന സ്ഥലത്തായിരുന്നു. എന്താണ് വേണ്ടത് എന്നറിയാത്ത അവസ്ഥയിലായിരുന്നു ഞങ്ങള്‍. തുടര്‍ച്ചലനങ്ങള്‍ കൂടി ഉണ്ടായതോടെ ഭീതി കൂടി. താമസിക്കാന്‍ ഹോട്ടല്‍ ഏര്‍പ്പാടാക്കിയെങ്കിലും പിന്നീട് തുറസ്സായ ഇടങ്ങളിലും ബസ്സിലും ഒക്കെയായി കഴിച്ചുകൂട്ടുകയായിരുന്നുവെന്ന് സംഘത്തിലുള്ള ശ്രീകുമാര്‍ പറഞ്ഞു. തങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരുന്ന പ്രദേശമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും പൊഖ്‌റയില്‍ താമസിച്ച ഹോട്ടല്‍ തകര്‍ന്നെന്നും ഇവര്‍ പിന്നീടാണ് അറിഞ്ഞത്.
മാസങ്ങള്‍ക്ക് മുമ്പേ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഇവര്‍ തുടങ്ങിയിരുന്നു. അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ കരുതിയതുകൊണ്ട് ഭക്ഷണത്തിനായി ബുദ്ധിമുട്ടേണ്ടി വന്നില്ലെന്ന് ഇവര്‍ പറയുന്നു. ഭൂകമ്പം കഴിഞ്ഞ് രണ്ടുദിവസത്തിനു ശേഷമാണ് ഖൊരക്പുരിലെത്തിയത്. പിന്നെ ലോകമാന്യതിലകിലേക്കും അവിടെനിന്ന് നാട്ടിലേക്കും യാത്രതിരിച്ചു. റെയില്‍വേ സ്റ്റേഷനില്‍ എ.കെ. ശശീന്ദ്രന്‍ എം.എല്‍.എ.യും കോര്‍പ്പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണനും ഉള്‍പ്പെടെ ജനപ്രതിനിധികളും സ്‌നേഹിതരുമെല്ലാം എത്തിയിരുന്നു.


More News from Kozhikode