വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കണം -മന്ത്രി ആര്യാടന്‍

Posted on: 03 May 2015കോഴിക്കോട്; വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കാന്‍ ഗുണനിലവാരമുള്ള ഉത്പന്നങ്ങളും ലൈസന്‍സുള്ള ഇലക്ട്രീഷ്യന്‍മാരുടെയും സേവനം പ്രയോജനപ്പെടുത്തണമെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടേഴ്‌സ് വകുപ്പ് സംഘടിപ്പിച്ച വൈദ്യുതി സുരക്ഷാവാരാചരണത്തിന്റ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
2014-15 വര്‍ഷത്തില്‍ മാത്രം ഗാര്‍ഹികവൈദ്യുതി അപകടങ്ങളില്‍ മരിച്ചത് 147 പേരാണ്. ഇതുള്‍പ്പെടെ ആകെ 176 പേര്‍ വൈദ്യുതി അപകടങ്ങളില്‍പ്പെട്ട് മരിച്ചിട്ടുണ്ട്. പൊതുജനം ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.
വീട് വൈദ്യുതീകരിക്കുമ്പോള്‍ ലൈസന്‍സുള്ള ഇലക്ട്രീഷ്യന്‍ ജോലി ചെയ്തുകൊടുക്കുന്നതിന് പകരം അവരുടെ കീഴിലുള്ള ജോലി പഠിക്കുന്നവര്‍ പണിയെടുക്കുന്നു. ലൈസന്‍സ് ഉള്ളവര്‍ വെറുതെ ഒപ്പിട്ട് നല്‍കുക മാത്രമാണ് ചെയ്യുന്നത്. ഇതുമൂലം വലിയ അപകടം സംഭവിക്കുന്നുണ്ട്. ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍. പ്രേമചന്ദ്രദാസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു, സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, കെ.എസ്.ഇ.ബി. ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് സേഫ്റ്റി ഡയറക്ടര്‍ മുഹമ്മദലി റാവുത്തര്‍, എനര്‍ജി മാനേജ്‌മെന്റ് ഡയറക്ടര്‍ ധനേശന്‍ ഉണ്ണിത്താന്‍, ചീഫ് എന്‍ജിനീയര്‍ ഡോ.ഒ. അശോകന്‍, ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ എന്‍. അശോകന്‍ എന്നിവര്‍ സംസാരിച്ചു.


More News from Kozhikode