പ്രകൃതി കലിതുള്ളി; ബാലന് നഷ്ടമായത് ജീവിത സമ്പാദ്യം

Posted on: 03 May 2015വളയം: പ്രകൃതി കലിതുള്ളി സംഹാരതാണ്ഡവമാടിയപ്പോള്‍ വളയം കല്ലുനിരിയിലെ ഞണ്ണയില്‍ ബാലന് നഷ്ടമായത് ജീവിതസമ്പാദ്യം. കഴിഞ്ഞദിവസം ഉണ്ടായ ചുഴലിക്കാറ്റിലും ഇടിമിന്നലിലും ഈ കുടുംബത്തിന് നഷ്ടമായത് സ്വന്തം വീടും കൃഷിയിടവുമാണ്. 10സെന്റ് സ്ഥലത്തുള്ള സര്‍വതും കാറ്റ് വിഴുങ്ങി.
തലചായ്ക്കാനിടമില്ലാതെ ഈ കുടുംബം നിസ്സഹായാവസ്ഥയിലാണ്. ബുധനാഴ്ച രാത്രി 8 മണിയോടെ പൊടുന്നനെയുണ്ടായ ഇടിമിന്നലില്‍ ആദ്യം തകര്‍ന്നത് വീട്ടുവരാന്തയിലെ തൂണുകളായിരുന്നു. വരാന്ത പാടെ തകരുകയും അടുക്കളയും അടുപ്പും ചിതറിത്തെറിക്കുകയുമുണ്ടായി. ഒപ്പമെത്തിയ കാറ്റില്‍ പറമ്പിലെ സര്‍വതും പിഴുതെറിയപ്പെട്ടു.
ഇടിമിന്നലില്‍ ബാലന്റെ ഭാര്യ റീജയ്ക്ക് പരിക്കേറ്റു. സംഭവം നടക്കുമ്പോള്‍ ബാലന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. മകള്‍ ഋതുപര്‍ണ ഫോണിലൂടെ വിവരമിറിയിച്ചതോടെ നാട്ടുകാര്‍ വീടിനുള്ളില്‍ കുടുങ്ങിക്കിടന്ന ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. കൂലിപ്പണി ചെയ്ത് 5 അംഗ കുടുംബത്തെ പുലര്‍ത്തുന്ന ബാലനെ സഹായിക്കാന്‍ നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങി.More News from Kozhikode