വിവാദ മതിലിനെതിരെ നാട്ടുകാര്‍ കളക്ടറെ സമീപിക്കുന്നു

Posted on: 03 May 2015ഓര്‍ക്കാട്ടേരി: ഏറാമല പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ പഞ്ചായത്തിന്റെ അനുമതിയില്ലാതെ അപകടകരമാംവിധം കെട്ടിപ്പൊക്കിയ മതിലിനെതിരെ നാട്ടുകാര്‍ കളക്ടറെ സമീപിക്കുന്നു. ഓര്‍ക്കാട്ടേരി ഹൈസ്‌കൂള്‍ പരിസരത്താണ് ഒമ്പതുവരിയില്‍ മതില്‍ കെട്ടിയത്. ഇതിനെതിരെ പലതവണ പരാതി നല്‍കിയെങ്കിലും നടപടിയാകാത്ത പശ്ചാത്തലത്തിലാണ് കളക്ടറെ സമീപിക്കുന്നത്. കോടതി ഉത്തരവുണ്ടെന്നാണ് സ്ഥലമുടമ പറയുന്നത്. മണ്ണിട്ടുനികത്തിയ സ്ഥലമായതിനാല്‍ പഞ്ചായത്തിന്റെ പ്രത്യേകാനുമതി വാങ്ങണമെന്ന് നിര്‍ദേശമുണ്ടെന്ന് പഞ്ചായത്തംഗം വി.കെ. സന്തോഷ് കുമാര്‍ പറഞ്ഞു. ഇത് പാലിച്ചിട്ടില്ല.
അനധികൃതമായി കെട്ടിയ മതില്‍കാരണം മൂന്നുവീട്ടുകാരുടെ വഴി നിഷേധിക്കപ്പെട്ടതായും പരാതിയുണ്ട്. ഒരു പറമ്പിന്റെ മധ്യത്തിലുണ്ടായിരുന്ന വഴി പറമ്പ് ഒറ്റപ്ലോട്ടാക്കി മാറ്റാനാണ് ഒരു വശത്തേക്ക് മാറ്റിയത്. ഒന്നരമീറ്റര്‍ വീതിയില്‍ നാലുവരി ഉയരത്തില്‍ ഇവിടെ മതില്‍കെട്ടാനായിരുന്നു ഒത്തുതീര്‍പ്പെങ്കിലും ഇത് ലംഘിക്കപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഒമ്പതുവരിയിലാണ് മതില്‍ കെട്ടിയത്. ഇതിന്റെ പലഭാഗങ്ങളും വിണ്ടുകീറി അപകടഭീഷണി ഉയര്‍ത്തുന്നുമുണ്ട്.


More News from Kozhikode