വകുപ്പുമേധാവികള്‍ എത്തിയില്ല; വീണ്ടും പ്രഹസനമായി വികസനസമിതി യോഗം

Posted on: 03 May 2015വടകര: വിവിധ വകുപ്പുമേധാവികള്‍ എത്താത്തതിനെത്തുടര്‍ന്ന് ശനിയാഴ്ച ചേര്‍ന്ന താലൂക്ക് വികസനസമിതി യോഗം വീണ്ടും പ്രഹസനമായി. 30-ല്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കേണ്ട സ്ഥാനത്ത് എത്തിയത് ആറു പേര്‍ മാത്രമാണ്. പ്രധാനപ്പെട്ട വകുപ്പുമേധാവികള്‍ പങ്കെടുക്കാത്തതിനെച്ചൊല്ലി യോഗത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു. ഈ രീതിയില്‍ യോഗം നടത്തുന്നത് പരാതിയുമായി എത്തുന്നവരോടുള്ള വെല്ലുവിളിയാണെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. വരാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനനടപടി വേണമെന്നും ആവശ്യമുയര്‍ന്നു. ഇക്കാര്യം കളക്ടറുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് തഹസില്‍ദാര്‍ പറഞ്ഞു.
നേരത്തെയും വകുപ്പുതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തതിനെച്ചൊല്ലി വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്നും കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്ന പതിവുമറുപടിയാണ് ലഭിച്ചത്. ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. വികസനസമിതിയില്‍ എടുക്കുന്ന തീരുമാനങ്ങളും നടപ്പാകാതെ കിടക്കുകയാണ്.
കെ.എസ്.ഇ.ബി. അഴിയൂര്‍ സെക്ഷന്‍ പരിധിയില്‍ വൈദ്യുതിവിതരണം കാര്യക്ഷമമാക്കണമെന്ന് ശനിയാഴ്ചത്തെ യോഗം ആവശ്യപ്പെട്ടു. കോഴിക്കോട്-വടകര റൂട്ടില്‍ ലോ ഫ്‌ളോര്‍ ബസ്സുകള്‍ അനുവദിക്കുക, ചോറോട് ആന്തിക്കുന്ന് ഇടിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കുക, വാണിമേല്‍-വിലങ്ങാട് റോഡ് അറ്റകുറ്റപ്പണി നടത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. അഡ്വ. ഇ.എം. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, പി.കെ. ഹബീബ്, ആര്‍. ഗോപാലന്‍, കോടോത്ത് അന്ത്രു, തഹസില്‍ദാര്‍ എം.എന്‍. പ്രേംരാജ് എന്നിവര്‍ സംസാരിച്ചു.


More News from Kozhikode