റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ബൈക്ക് മോഷണം തുടര്‍ക്കഥ

Posted on: 03 May 2015നടപടിയെടുക്കാതെ പോലീസ് വടകര: വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിടുന്ന ബൈക്കുകള്‍ മോഷണം പോകുന്നത് പതിവായിട്ടും പോലീസ് നിസ്സംഗത തുടരുന്നു. വടകര പോലീസ് സ്റ്റേഷന്‍, ട്രാഫിക് യൂണിറ്റ് എന്നിവയുടെ തൊട്ടടുത്താണ് നിരന്തരം മോഷണം നടക്കുന്നത്. റെയില്‍വേ സ്റ്റേഷനില്‍ പണംകൊടുത്ത് പാര്‍ക്കുചെയ്യുന്ന സ്ഥലത്തിനുപുറത്തായി നിര്‍ത്തിയിടുന്ന ബൈക്കുകളാണ് മോഷ്ടിക്കപ്പെടുന്നത്. സ്റ്റേഷനിലെത്തുന്ന എല്ലാ വാഹനങ്ങളെയും ഉള്‍ക്കൊള്ളാനുള്ള ശേഷി പാര്‍ക്കിങ് ഗ്രൗണ്ടിനില്ല. ഇതേത്തുടര്‍ന്നാണ് ഭൂരിഭാഗം വണ്ടികളും സ്റ്റേഷനിലേക്കുള്ള റോഡരികിലും മുന്നിലെ വിശാലമായ സ്ഥലത്തും മറ്റുമായി നിര്‍ത്തിയിടുന്നത്.
ഈ വണ്ടികളെയാണ് മോഷ്ടാക്കള്‍ ലക്ഷ്യംവെക്കുന്നത്. കഴിഞ്ഞ ദിവസവും ഒരു ബൈക്ക് മോഷ്ടിക്കപ്പെട്ടു. അനധികൃതമായി നിര്‍ത്തുന്നതാണെന്ന കുറ്റംചാര്‍ത്തി മോഷ്ടാക്കള്‍ക്ക് അഴിഞ്ഞാടാനുള്ള സൗകര്യമൊരുക്കുകയാണ് അധികൃതര്‍ ചെയ്യുന്നതെന്ന ആക്ഷേപം ശക്തമാണ്.
സ്റ്റേഷന്‍പരിസരത്ത് ക്യാമറകള്‍ സ്ഥാപിച്ചാല്‍ ഈ മോഷണം തടയാമെന്നിരിക്കെ പോലീസ് അതിനുള്ള ശ്രമങ്ങളൊന്നും നടത്തുന്നില്ല. സ്വകാര്യസ്ഥാപനങ്ങളുടെ സഹായം ഇതിനായി ലഭ്യമാക്കാനാകും. ട്രാഫിക് സ്റ്റേഷനില്‍തന്നെ ഇതിനുള്ള സൗകര്യം ഒരുക്കാനാകും.
റെയില്‍വേസ്റ്റേഷന്‍ പരിസരത്തെ പാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. നേരത്തെ പാര്‍ക്കിങ് സ്ഥലം വര്‍ധിപ്പിക്കാനായി സ്റ്റേഷന്റെ മുന്നിലുള്ള സ്ഥലംനികത്തി നിരപ്പാക്കിയിരുന്നു. എന്നാല്‍, ഇതുവരെ ഇവിടെ പാര്‍ക്കിങ് തുടങ്ങിയിട്ടില്ല.
സ്റ്റേഷന്‍പരിസരത്തുനിന്ന് ബൈക്കുകള്‍ മോഷ്ടിക്കുന്നതിനുപിന്നില്‍ സ്ഥിരംസംഘമാണെന്ന നിഗമനത്തിലാണ് പോലീസ്. ഇത്തരം ബൈക്കുകള്‍ പലവിധ കുറ്റകൃത്യങ്ങള്‍ക്കായും ഉപയോഗിക്കുന്നതായി ആശങ്കയുണ്ട്. മോഷ്ടിക്കപ്പെട്ട ചില വാഹനങ്ങള്‍ ഒന്നുരണ്ട് ദിവസത്തിനുശേഷം ഇടവഴികളില്‍നിന്നും ഉള്‍ഭാഗങ്ങളിലുള്ള റോഡുകളില്‍ നിന്നും കണ്ടെത്തിയിരുന്നു. മോഷണം, കള്ളക്കടത്ത്, മദ്യക്കടത്ത്, കുഴല്‍പ്പണക്കടത്ത് എന്നിവയ്ക്ക് ഉപയോഗിച്ചശേഷം ഉപേക്ഷിക്കുന്നതാണെന്നാണ് സംശയം.


More News from Kozhikode