ജോര്‍ജ് രാജകുമാരന് കുഞ്ഞനിയത്തി

Posted on: 03 May 2015ലണ്ടന്‍: രാജകീയ ജനനത്തിനായുള്ള കാത്തിരിപ്പ് അവസാനിച്ചു. ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് പുതിയ അതിഥികൂടി. വില്യം രാജകുമാരനും ഭാര്യ കെയ്റ്റി മിഡില്‍ടണും പെണ്‍കുഞ്ഞ് പിറന്നു; ജോര്‍ജ് രാജകുമാരന്റെ സഹോദരിയായി.
പ്രാദേശികസമയം 8.30-നാണ് കെയ്റ്റി മിഡില്‍ടണ്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മംനല്‍കിയതെന്നും ഇരുവരും സുഖമായിരിക്കുന്നുവെന്നും ബക്കിങ്ഹാം കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു.
ജോര്‍ജ് രാജകുമാരന് സഹോദരനാണോ സഹോദരിയാണോ എന്നറിയാന്‍ മാധ്യമപ്പട ദിവസങ്ങളായി ആസ്​പത്രിക്കുചുറ്റും തമ്പടിച്ചിരിക്കയായിരുന്നു. കുഞ്ഞിന്റെ പേരിനെച്ചൊല്ലി വാതുവെപ്പും ലണ്ടനില്‍ തുടങ്ങിക്കഴിഞ്ഞു.
രാജകുടുംബത്തിലെ നവാതിഥിതിയെ ജനങ്ങള്‍ ആവേശത്തോടെയാണ് സ്വാഗതംചെയ്തത്. പശ്ചിമ ലണ്ടനിലെ സെന്റ് മേരീസ് ആസ്​പത്രിയിലായിരുന്നു പ്രസവം. വില്യം-കെയ്റ്റ് ദമ്പതിമാരുടെ ആദ്യകുഞ്ഞ് ജോര്‍ജ് രാജകുമാരന്‍ ജനിച്ചതും ഇതേ ആസ്​പത്രിയിലാണ്.
2013-ല്‍ ആദ്യകുഞ്ഞ് ജോര്‍ജ് പിറന്നശേഷം കെയ്റ്റ് വീണ്ടും ഗര്‍ഭിണിയായപ്പോള്‍ അടുത്തത് രാജകുമാരിയോ കുമാരനോ എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ജനം. രാജകുടുംബത്തിന് ആശംസ അറിയിച്ച് നൂറുകണക്കിന് പേര്‍ പതാകകളും ബാനറുകളുമായി ആസ്​പത്രി പരിസരത്ത് തടിച്ചുകൂടി. രണ്ടാമത്തെ കുട്ടികളുടെയും മാതാപിതാക്കളായ കെയ്റ്റിനെയും വില്യത്തെയും പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ അഭിനന്ദിച്ചു.


More News from Kozhikode