നാടന്‍തോക്കുകളും തിരയുമായി നായാട്ടുസംഘം പിടിയില്‍

Posted on: 03 May 2015സുല്‍ത്താന്‍ബത്തേരി: കുറിച്യാട് റേഞ്ചിലെ പുകലമാളം വനത്തില്‍ നിന്ന് നാടന്‍ തോക്കുകളുമായി അഞ്ചംഗ നായാട്ടു സംഘത്തെ വനപാലകര്‍ പിടികൂടി.
സീതാമൗണ്ട് പെരുമ്പള്ളി കുന്നേല്‍ ജോസ്(45) ചീയമ്പം വലിയപറമ്പില്‍ ദിനേശ്(37) ചെതലയം വീട്ടുംപുള്ളി സെല്‍വന്‍(41) പാടിച്ചിറ ചന്ദ്രത്തില്‍ റെജി തോമസ് (40) കബനിഗിരി ഇടിയകുന്നേല്‍ സജി(40) എന്നിവരാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. മൂന്ന് നാടന്‍ തോക്കുകള്‍, ആറ് തിരകള്‍, പത്ത് പെല്ലറ്റുകള്‍, കത്തികള്‍, ഹെഡ്‌ലൈറ്റുകള്‍, കെണിവെക്കാന്‍ ഉപയോഗിക്കുന്ന കേബിളുകള്‍ തുടങ്ങിയ നായാട്ടുവസ്തുക്കളും പുള്ളിമാന്റെ കൊമ്പും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളെ ബത്തേരി കോടതി റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജന്‍സ് വിങ്ങിന് ലഭിച്ച രഹസ്യവിവരത്തെ ത്തുടര്‍ന്ന് വനപാലകര്‍ നടത്തിയ പരിശോധനയില്‍ ആദ്യം പുകലമാളം വനത്തില്‍ നിന്ന് ജോസ്, ദിനേശ്, സെല്‍വന്‍ എന്നിവരെ രണ്ട് തോക്കുകളും മാന്‍കൊമ്പും മറ്റ് സമാഗ്രികളുമായി പിടികൂടി. ഇവരെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് വേട്ടയിറച്ചി കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനവും വാഹന ഉടമ റെജി തോമസും പിടിയിലാവുന്നത്. ജോസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരു നാടന്‍ തോക്കു കൂടി കണ്ടെത്തി.
പ്രതികള്‍ക്ക് അന്തസ്സംസ്ഥാന നായാട്ടു സംഘവുമായി ബന്ധമുള്ളതായി സംശയിക്കുന്നതായും ഇതു സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചതായും കുറിച്യാട് അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അജിത് കെ. രാമന്‍ പറഞ്ഞു.


More News from Kozhikode