ആര്‍ട്ടിസ്റ്റ് നമ്പൂതിരി വീണ്ടും 'മാതൃഭൂമി'യില്‍

Posted on: 03 May 2015കോഴിക്കോട്: വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം ആര്‍ട്ടിസ്റ്റ് നമ്പൂതിരി വീണ്ടും 'മാതൃഭൂമി'യുടെ പടവുകള്‍ കയറി. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്യുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനാണ് അദ്ദേഹം സംവിധായകനോടൊപ്പം മാതൃഭൂമിയിലെത്തി താനായിത്തന്നെ ജീവിച്ചത്.
പതിറ്റാണ്ടുകളോളം മാതൃഭൂമി ആഴ്ചപ്പതിപ്പിനുവേണ്ടി വരച്ച തന്റെ രേഖാചിത്രങ്ങള്‍ക്ക് നിമിത്തമായ ഇടങ്ങളിലൂടെയെല്ലാം സംവിധായകന്‍ ഷാജി എന്‍. കരുണിന്റെ നിര്‍ദേശാനുസരണം ആര്‍ട്ടിസ്റ്റ് നമ്പൂതിരി സ്മരണകള്‍ അയവിറക്കിക്കൊണ്ട് നടന്നുനീങ്ങി. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറും ജനറല്‍ മാനേജര്‍ എച്ച്.ആര്‍.ഡി. ആനന്ദും ചേര്‍ന്ന് നമ്പൂതിരിയെയും സംവിധായകന്‍ ഷാജി എന്‍. കരുണിനെയും സ്വീകരിച്ചു.
മാതൃഭൂമിയുടെ എം.എം. പ്രസ് ഓഫീസിലും ഡോക്യുമെന്ററിയുടെ ചിത്രീകരണം നടന്നു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെക്കുറിച്ചുള്ള ഷാജി എന്‍. കരുണിന്റെ ഡോക്യുമെന്ററിയുടെ ചിത്രീകരണം നടക്കുന്ന വേളയില്‍തന്നെ ഷാജി എന്‍. കരുണിനെക്കുറിച്ച് ബിനുരാജ് സംവിധാനം ചെയ്യുന്ന മറ്റൊരു ഡോക്യുമെന്ററിയുടെ ചിത്രീകരണവും സമാന്തരമായി നടക്കുന്നുണ്ടായിരുന്നു. ഷാജി എന്‍. കരുണ്‍ എന്ന സംവിധായകന്റെ രീതികളാണ് ബിനുരാജിന്റെ ഡോക്യുമെന്ററിയുടെ വിഷയം.


More News from Kozhikode