പിണങ്ങി നിൽക്കുന്ന മുത്തശ്ശിയുടെ ഭാവമാണോ? അതോ മുത്തശ്ശി കലിപൂണ്ടു നിൽക്കുകയോ? ഒറ്റനോട്ടത്തിൽ കണ്ടാൽ ഇങ്ങനെയൊക്കെ തോന്നും. പറഞ്ഞു വരുന്നത് ബ്ലോബ് മത്സ്യത്തെക്കുറിച്ചാണ്. സ്വന്തമായി ലോകത്തെ ഏറ്റവും ‘വിരൂപയായ’ ജീവിയെന്ന പദവിയുണ്ട്.
2013-ൽ ലോകത്തെ ഏറ്റവും വിരൂപയായ ജീവിയെ കണ്ടെത്തുന്നതിനായി ബ്രിട്ടണിലെ അഗ്ളി ആനിമൽ പ്രിസർവേഷൻ സൊസൈറ്റി നടത്തിയ ഒരു ഓൺലൈൻ വോട്ടെടുപ്പിൽ കിരീടം ചൂടിയത് ബ്ലോബ് മത്സ്യമാണ്. ലോകത്തിന്റെ ഏറ്റവും വിരൂപയായ ജീവി പക്ഷേ വംശനാശ ഭീഷണി നേരിടുകയാണിപ്പോൾ.
കണ്ടെത്തിയത് 2003-ൽ
2003-ലാണ് ബ്ലോബ് മത്സ്യങ്ങളെ ആദ്യമായി കണ്ടെത്തുന്നത്. ന്യൂസിലൻഡിലെ തീരത്തുവച്ചായിരുന്നു ഇത്. കെറിൻ പാർക്കിൻസൺ എന്ന ഫോട്ടോഗ്രാഫറാണ് ബ്ലോബിന്റെ ചിത്രം ആദ്യമായി പകർത്തിയത്. അന്ന് കണ്ടെത്തിയ ബ്ലോബ് മത്സ്യത്തെ ഓസ്ട്രേലിയയിലെ സിഡ്നിയിലുള്ള ഇച്ച്ത്യോളജി മ്യൂസിയത്തിൽ സ്പിരിറ്റിലിട്ട് സൂക്ഷിച്ചു വച്ചിട്ടുണ്ട്.
മീൻ പിടിത്തക്കാരുടെയും മറ്റും വലയിൽ നിരന്തരം അകപ്പെടാറുണ്ടെങ്കിലും ഭക്ഷണത്തിനായി പൊതുവെ ഉപയോഗിക്കാറില്ല. സമുദ്രങ്ങളുടെ 2,500 മുതൽ 3000 വരെ അടി താഴെ അതി സമ്മർദമുള്ള മേഖലയിലാണ് ഇവ ജീവിക്കുന്നത്. ഇരുണ്ട ഭാഗങ്ങളിൽ കഴിഞ്ഞുകൂടുന്ന ഇവ വെളിച്ചത്തിലേക്ക് വരാറില്ല. മീൻപിടിത്തക്കാർ കടലിന്റെ അടിത്തട്ട് ഇളക്കുമ്പോഴാണ് ഇവ വലയിൽ കുടുങ്ങാറ്. നേർത്ത അസ്ഥികളാണ് ബോബ് മത്സ്യങ്ങൾക്കുള്ളത്.
ഭക്ഷണം
ചെറു മത്സ്യങ്ങളും ചെറു കടൽ ജീവികളുമൊക്കെയാണ് ഭക്ഷണം. പക്ഷേ ഇരതേടി അങ്ങോട്ടു ചെല്ലുന്ന സ്വഭാവമൊന്നും ഇവർക്കില്ല. വശന്നാൽ വായുംപൊളിച്ച് ഒറ്റയിരിപ്പാണ്. ഇരകൾ വായിലേക്ക് വന്നുപെടുമ്പോൾ വായടച്ച് അകത്താക്കുകയും ചെയ്യും. ഓസ്ട്രേലിയ, താസ്മാനിയ, ന്യൂസിലൻഡ് എന്നിവിടങ്ങളോടു ചേർന്ന സമുദ്രങ്ങളിൽ ബ്ലോബ് മത്സ്യങ്ങളെ കാണാറുണ്ട്.
content highlight: blob fish